തകർന്നത് കോഴിക്കോടിന്റെ പൈതൃക മുദ്രകളിലൊന്ന്; കരാർ കമ്പനി പ്രതിസ്ഥാനത്ത്
text_fieldsകോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ ട്രാക്കിലെ ട്രെയിനിന് മുകളിലേക്ക് തകർന്നുവീണ നിലയിൽ
കോഴിക്കോട്: കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളും നിർമിതികളും വലിയ സുരക്ഷ ഭീഷണിയാണ് ഉയർത്തുന്നത്. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്ത ഇത്തരം ഘടനകൾ ഏതുനിമിഷവും തകർന്നുവീഴാം. അതാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച നടന്ന അപകടം നൽകുന്ന മുന്നറിയിപ്പ്. റെയിൽവേ സ്റ്റേഷൻ നവീകരണം നടത്തുന്ന കരാർ കമ്പനിയായ റാങ്കിന്റെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്. പൈലിങ് ജോലികൾ കാരണമുണ്ടായ ബലക്ഷയവും കനത്ത മഴയുമാണ് ക്ലോക്ക് ടവർ തകരാനുള്ള കാരണം. പൈലിങ് ജോലികൾ നടക്കുമ്പോഴും നവീകരണത്തിന്റെ ചുമതലയുള്ള കരാർ കമ്പനി ടവറിന്റെ കാലപ്പഴക്കം പരിശോധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്. റെയിൽവേ സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഈ കമ്പനിക്കെതിരെയുണ്ട്. 450 കോടി രൂപ ചെലവിൽ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന അമൃത് ഭാരത് നവീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നടക്കുന്നത്. ഇക്കാര്യം ‘മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പ്രവൃത്തികൾ വേഗത്തിലാക്കാൻ റെയിൽവേ കമ്പനിക്ക് അന്യശാസനം നൽകിയിരിക്കുകയാണ്.
ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച ക്ലോക്ക് ടവർ
1888ൽ ബ്രിട്ടീഷ് ഭരണകാലത്താണ് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ നിർമിച്ചത്. ഏതാണ്ട് 30 മീറ്ററോളം ഉയരത്തിൽ പൂർണമായും ചെങ്കല്ലിൽ തീർത്ത, കൊളോണിയൽ ഇൻഡസ്ട്രിയൽ ശൈലിയിൽ പണിതീർത്ത ഈ ഗോപുരം മലബാർ മേഖലയിലെ റെയിൽവേ ചരിത്രത്തിന്റെ പ്രതീകമായിരുന്നു. കോഴിക്കോടിന്റെ പൈതൃക മുദ്രകളിൽ ഒന്നും. റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിന് മുകളിലായാണ് ഈ ഇരട്ട ഗോപുരങ്ങൾ സ്ഥിതി ചെയ്തിരുന്നത്. പഴക്കം ചെന്നതിനെത്തുടർന്ന് മാനത്ത് ബിൽഡേഴ്സ് എന്ന പ്രാദേശിക നിർമാണ കമ്പനി 1995ൽ ക്ലോക്ക് ടവർ പുതുക്കിപ്പണിതു. മൊബൈൽ ഫോണുകളോ കൈഘടികാരങ്ങളോ സാധാരണക്കാർക്ക് ഇല്ലാതിരുന്ന കാലത്ത് ട്രെയിൻ സമയമറിയാൻ കോഴിക്കോട്ടുകാർ ആശ്രയിച്ചിരുന്നത് ഈ ക്ലോക്ക് ടവറുകളെയായിരുന്നു. ഏറെ നാളായി ജീർണാവസ്ഥയിലായിരുന്ന ടവർ നവീകരണ ജോലികൾ നടക്കുന്നതിനിടയിലാണ് തകർന്നത്.
ടവർ മാത്രം പൊളിച്ചില്ല
വികസനത്തിന്റെ പേരിൽ വലിയ കേടുപാടുകളില്ലാത്ത പ്ലാറ്റ് ഫോമുകളും മേൽക്കൂരയും ആദ്യം പൊളിച്ചുനീക്കി. അതേസമയം, കാലപ്പഴക്കംമൂലം പൊളിച്ചുനീക്കേണ്ട പലതും അങ്ങനെ തന്നെ നിലനിർത്തുകയും ചെയ്തു. നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയവയുടെ കൂട്ടത്തിൽ ഈ ടവറും ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ ഇങ്ങനെ ഒരു അപകടം ഒഴിവാക്കാമായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പൈലിങ് അടക്കം നടത്തിവരുന്നുണ്ട്. ഇതേ തുടർന്ന് കാലപ്പഴക്കമുള്ള സ്റ്റേഷനിലെ ടവറുകളുടെ ബലക്ഷയം സംബന്ധിച്ച ആശങ്കകൾ ഉയർന്നിരുന്നു.
മുന്നറിയിപ്പുകൾ അധികൃതർ അവഗണിച്ചതായും ആരോപണമുണ്ട്. ഇപ്പോഴത്തെ അപകടത്തിന്റെ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിലെ ശേഷിക്കുന്ന പഴയ കെട്ടിടഭാഗങ്ങളുടെ സുരക്ഷ അടിയന്തരമായി വിലയിരുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

