യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
text_fieldsകഴക്കൂട്ടം: യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ധിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ .കാരക്കോണം രാമവർമ്മൻചിറ നിമ്പുക്കാല പുത്തൻവീട്ടിൽ അശ്വിൻ (25) ആണ് പിടിയിലായത് .ചിറയിൻകീഴിൽ നിന്നാണ് ഇയാൾ പിടിയിലായത് . പ്രതിയെ മർദ്ദനത്തിനിരയായ നിഖിലിന്റെ അടുക്കൽ കൊണ്ടുപോയി തിരിച്ചറിയൽ പരേഡ് നടത്തി. എന്നാൽ പൊലീസിന് നേരെ ബോംബെറിഞ്ഞ് ഒളിപ്പിൽ പോയ ഷെഫീഖിനെയും കൂട്ടാളികളെയും കുറിച്ചുള്ള ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല.
മംഗലപുരം ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസും ഷാഡോ പൊലീസുമാണ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് മൂന്നാമതും പൊലീസിനു നേരെ നാടൻ ബോംബേറ് ഉണ്ടായത്. ഷഫീഖും കൂട്ടുപ്രതിയുമായ അബിനും ചേർന്ന് വീട്ടിലുണ്ടായിരുന്ന എം.ഡി.എം.എ എടുക്കാനാണ് രാത്രി എത്തിയത്.ഷാഡോ പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. എന്നാൽ പൊലീസിനെ കണ്ട സംഘം നാടൻ ബോംബ് എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
രണ്ട് നാടൻ ബോംബുകളാണ് പ്രതികൾ പൊലീസിനെതിരെ എറിഞ്ഞത്.ഇതിൽ ഒരെണ്ണം പൊട്ടി തെറിച്ചു.തല നാഴികയ്ക്കിടെയാണ് പൊലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.പൊട്ടാത്ത നാടൻ ബോംബ് പിന്നീട് നിർവീര്യമാക്കി.ഷെഫീക്കിന്റെ വീട്ടിൽ നിന്നും ലഭിച്ച ബാഗിൽ നിന്നും 32 ഗ്രാം എം.ഡി.എം.എയും 2700 രൂപയും ഒരു മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.
യുവാവിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ജനുവരി 10 ന് അഞ്ചുതെങ്ങ് മീരാൻകടവ് സ്വദേശി അജിതിനെ ഷഫീഖും ഷമീറുമടങ്ങിയ നാലംഗ സംഘം ബൈക്കിൽ ബലമായി കടത്തിക്കൊണ്ടുപോയി പള്ളിപ്പുറം പായ്ച്ചിറയിലെത്തിച്ച് വായിൽ തുണി തിരുകിക്കയറ്റി ക്രൂരമായി മർദ്ദിച്ചിരുന്നു. പണം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം .സംഭവത്തിൽ അഞ്ചുതെങ്ങ് പൊലീസ് കേസ് ചെയ്തിരുന്നു. കൃത്യത്തിന് ശേഷം പ്രതികൾ താമസിച്ചത് പായ്ച്ചിറയുടെ വീട്ടിൽ തന്നെയായിരുന്നു. എന്നാൽ അഞ്ചുതെങ്ങ് പൊലീസ് കാര്യമായി അന്വേഷണം നടത്താത്തതിനാലാണ് സമാനമായ സംഭവം ആവർത്തിക്കപ്പെട്ടതെന്നാണ് ആക്ഷേപം.ഇത് പൊലീസിന്റെ വീഴ്ചയായാണ് വിലയിരുത്തുന്നത്.
കഴക്കൂട്ടം കരിയിൽ ഭാഗത്തെ ആളൊഴിഞ്ഞ പുരയിടത്തിലാണ്പുത്തൻതോപ്പ് സ്വദേശി നിഖിലിനെ കൊണ്ട് പോയി മർദ്ദിച്ചത്.കരിയിൽ തോടിന്റെ കരയിലും സമീപത്തെ ആളൊഴിഞ്ഞ വീട്ടിലും രാത്രികാലങ്ങളിൽ ലഹരി ഗുണ്ടാ സംഘങ്ങൾ തമ്പടിക്കാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. ഇവരെപ്പേടിച്ച് നാട്ടുകാർ പുറത്തു പറയാറില്ല. നിഖിലിനെ കൊണ്ടു പോയി മർദ്ദിച്ച സ്ഥലത്ത് വ്യാപകമായി ലഹരിക്ക് വേണ്ടികുത്തി വയ്ക്കാൻ ഉപയോഗിച്ച സിറിഞ്ചുകളും മദ്യക്കുപ്പികളും കണ്ടെത്തി.പ്രതികൾക്ക് വേണ്ടി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ പ്രതികൾ പിടിയിലാകുമെന്നും മംഗലപുരം ഇൻസ്പെക്ടർ സജീഷ് പറഞ്ഞു. ഷമീറിനും ഷഫീഖിനും എതിരെ ഗുണ്ടാ നിയമപ്രകാരം കേസ് ചെയ്യുമെന്ന് മംഗലപുരം ഇൻസ്പെക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

