മീഡിയവൺ വിലക്കിനെതിരെ ഒറ്റയാൾ സമരം
text_fieldsതിരുവനന്തപുരം: മീഡിയവൺ പ്രക്ഷേപണത്തിന് നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിലും ഉത്തരവ് ശരിവെച്ച കോടതി വിധിയിലും പ്രതിഷേധിച്ച് തലസ്ഥാന നഗരിയിൽ ഒറ്റയാൾ പ്രതിഷേധം. പൗരത്വ പ്രക്ഷോഭത്തിലടക്കം നിരവധി ഒറ്റയാൾ സമരങ്ങളിലൂടെ ശ്രദ്ധേയനായ ബാലരാമപുരം സ്വദേശിയായ ഒറ്റയാൾ സലീമാണ് സമരം നടത്തിയത്.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച സമരം സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തോടെ സമാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും, മാധ്യമ സ്വാതന്ത്ര്യവും അകാരണമായി തടയുന്ന മീഡിയവൺ ചാനൽ നിരോധനം പിൻവലിക്കും വരെ സമരം തുടരുമെന്ന് ഒറ്റയാൾ സലീം പറഞ്ഞു.
ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ മൗലികാവകാശങ്ങൾ നിഷേധിക്കുന്ന തരത്തിൽ മാധ്യമ സ്ഥാപനങ്ങൾക്കും സാമൂഹ്യ സംഘടനകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെ ഉയരുന്ന വെല്ലുവിളിക്കെതിരെ പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് ഒറ്റയാൾ സമരം കൊണ്ടുദ്ദേശിക്കുന്നതെന്ന് സലിം പറഞ്ഞു.
മീഡിയവൺ വിലക്കിനെതിരെ തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിൽ നടന്ന മുസ്‌ലിം ഏകോപന സമിതിയുടെ പ്രതിഷേധ ധർണക്ക് അദ്ദേഹം അഭിവാദ്യം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

