അങ്കമാലിയിൽ ആനയിടഞ്ഞു; കൊണ്ടുവന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു
text_fieldsഅങ്കമാലി: അങ്കമാലിക്കടുത്ത് കിടങ്ങൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന ഇടഞ്ഞ ആന യുവാവിനെ കുത്തിക്കൊന്നു. ആനയെ കൊണ്ടുവന്ന ലോറിയിലെ ഡ്രൈവർ കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. കുത്തേറ്റ പാപ്പാൻ കൊല്ലം സ്വദേശി പ്രദീപിനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കൊല്ലം മയ്യനാട് അരുണിമ പാർഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. പുലർച്ചെയാണ് കൊല്ലത്ത് നിന്ന് ആനയെ ലോറിയിലെത്തിച്ചത്. രാവിലെ 9.15ഓടെ അപ്രതീക്ഷതമാണ് ആനയിടഞ്ഞത്. ഈ സമയം ലോറിക്ക് സമീപം നിന്ന വിഷ്ണുവിനെ ആന ചുഴറ്റിയെടുത്ത് നിലത്തടിക്കുകയും, കൊമ്പുകൾ അമർത്തി ആവർത്തിച്ചാവർത്തിച്ച് കുത്തുകയുമായിരുന്നു. വിഷ്ണുവിൻ്റെ തലയും, നെഞ്ചും പിളർന്നു. വിഷ്ണുവിനെ ആക്രമിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാപ്പാൻ പ്രദീപിനും കുത്തേറ്റത്. തലക്ക് സാരമായി പരുക്കേറ്റ പ്രദീപിനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടഞ്ഞ ആന നാല് മണിക്കൂറോളം നാടിനെ മുൾമുനയിലാക്കി. ക്ഷേത്ര മുറ്റത്ത് തലങ്ങും, വിലങ്ങും ഓടിയ ആന പ്രകോപിതനായി. സമീപത്തെ കണ്ണിൽ കണ്ട വാഹനങ്ങൾ കുത്തിമറിച്ച് ചുഴറ്റിയെറിഞ്ഞു. സമീപത്തെ മതിലും തകർത്തു.പ്ര കോപിതനായ ആന വിരണ്ടോടിയതോടെ ആളുകൾ നാലുപാടും ചിതറി ഓടി.പൊലീസും, വനം വകുപ്പ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്ത് എത്തിയെങ്കിലും ആനയെ നിയന്ത്രിക്കാനായില്ല. 12.15ഓടെ മയക്കുവെടി വച്ചെങ്കിലും, 20 മിനിറ്റിന് ശേഷമാണ് ആന ശാന്തമായത്. തുടർന്ന് ക്ഷേത്ര മുറ്റത്ത് ആനയെ തളച്ചിരിക്കുകയാണ്.
മരിച്ച വിഷ്ണുവിൻ്റെ മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. പ്രദീപിൻ്റെ നില അതിഗുരുതരമാണ്. പാർഥസാരഥിയെന്ന ആന ഇതാദ്യമായാണ് ഇടഞ്ഞത്. കിടങ്ങൂർ ക്ഷേത്രത്തിലും ഉത്സവത്തിനെത്തിയ ആന ഇടഞ്ഞതും ഇതാദ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

