വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വനം വകുപ്പ് ജീവനക്കാരൻ മരിച്ചു
text_fieldsമാനന്തവാടി: വന്യജീവി ആക്രമണത്തിൽ ജനജീവിതം പൊറുതിമുട്ടിയ വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. താൽക്കാലിക വാച്ചർ കൊല്ലപ്പെട്ടു. ജോലി സ്ഥലത്തേക്ക് ബൈക്കിൽ പുറപ്പെട്ട പുൽപള്ളി പാക്കം വെള്ളച്ചാൽ പോൾ (52) ആണ് കൊല്ലപ്പെട്ടത്. കുറുവ ദ്വീപിലെ വന സംരക്ഷണ സമിതിയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കുറുവ റോഡിൽ വനമേഖലയിലായിരുന്നു സംഭവം.
ബൈക്കിൽ പോകുമ്പോൾ കാട്ടാനക്കൂട്ടത്തിന് മുന്നിൽപെടുകയായിരുന്നു. സംഘത്തിലെ ആനകളിലൊന്ന് പോളിനെ ചവിട്ടിത്തെറിപ്പിച്ചു. ആക്രമണത്തിൽ പോളിന്റെ വാരിയെല്ലും കാലും ആന്തരികാവയവങ്ങളും തകർന്നിരുന്നു. സഹപ്രവർത്തകർ ഉടൻ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. തുടർചികിത്സക്കായി രണ്ട് മണിക്കൂർ കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും 3.10 ഓടെ മരിച്ചു.
കോയമ്പത്തൂരിൽനിന്ന് എയർ ആംബുലൻസും തയാറാക്കിയെങ്കിലും എത്താൻ വൈകിയതിനാൽ റോഡ് മാർഗം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്ട്രെച്ചർ സൗകര്യമില്ലാത്ത എയർ ആംബുലൻസാണ് എത്തിയതെന്നും ആരോപണമുണ്ട്. വയനാട്ടിൽ ഈ വർഷം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് പോൾ.
കാട്ടാനയുടെ ആക്രമണത്തിൽ ജനുവരി 29നാണ് തോൽപെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ കാവൽക്കാരനായിരുന്ന ലക്ഷ്മണൻ കൊല്ലപ്പെട്ടത്. ഫെബ്രുവരി 10ന് അയൽവാസിയുടെ വീട്ടുമുറ്റത്തുവെച്ച് ചാലിഗദ്ദ പനച്ചിയിൽ അജീഷ് ബേലൂർ മഖ്നയെന്ന മോഴയാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
സാനിയാണ് പോളിന്റെ ഭാര്യ. ഏകമകൾ: സോന പോൾ (പത്താം ക്ലാസ് വിദ്യാർഥിനി വിജയ ഹൈസ്കൂൾ പുൽപള്ളി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

