സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു
text_fieldsതലശ്ശേരി: തലശ്ശേരി - മാഹി ബൈപാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യാത്രികന് ദാരുണാന്ത്യം. കാർ ഓടിച്ചിരുന്ന ആലപ്പുഴ സ്വദേശി ശിവപ്രസാദ് (43) ആണ് മരിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെ മൂന്നരക്കായിരുന്നു അപകടം. കാസർകോട് ഭാഗത്ത് നിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോവുകയായിരുന്ന ലോറി സിഗ്നൽ ലഭിക്കാനായി കാത്ത് നിൽക്കവെ ഇതേ ദിശയിൽ നിന്നും വന്ന പജേറോ കാർ പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറി അൽപം മുന്നോട്ട് നീങ്ങിയതായി ലോറി ഡ്രൈവർ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ശിവപ്രസാദിന്റെ ഭാര്യ ദേവശ്രീ (40), മക്കളായ രജൽ (15), ധ്രുവി (12) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായ ഉടൻ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിൽഎത്തിച്ചെങ്കിലും ശിവ പ്രസാദ് മരണപ്പെടുകയായിരുന്നു.
കാറിൽ മുൻ സീറ്റിലിരുന്ന ദേവശ്രീയുടെ കാലിനാണ് പരിക്കേറ്റത്. കർണാടകയിൽ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ കുടുംബമാണ് അപകടത്തിൽപെട്ടത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശ്ശേരി, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയും പൊലീസുംഅപകട സ്ഥലത്തെത്തി. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

