‘പാംപ്ലാനിക്കെതിരായ അധിക്ഷേപം എങ്ങനെയാണ് സഭാസ്നേഹികളുടെ ശൈലിയാകുന്നത്?’ -അതിരൂപത ആസ്ഥാനത്തെ പ്രതിഷേധത്തിനെതിരെ സഭാ നേതൃത്വം; ഇടവേളക്കു ശേഷം കുർബാന തർക്കം മുറുകുന്നു
text_fieldsകൊച്ചി: കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് ഇരുവിഭാഗം വിശ്വാസികൾക്കിടയിൽ പോര് മുറുകുന്നു. മേജർ ആർച്ച് ബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഒരു വിഭാഗം വിശ്വാസികൾ നടത്തിയ ഉപരോധ സമരമാണ് പുതിയ തർക്കത്തിനു വഴി വെച്ചത്. ‘വൺ ചർച്ച് വൺ കുർബാന’ മൂവ്മെൻറിന്‍റെ നേതൃത്വത്തിൽ നടത്തിയ സമരത്തിനൊടുവിൽ പാംപ്ലാനി ഇവരുടെ ആവശ്യങ്ങൾ അംഗീകരിച്ചതായി സമരക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ, സഭാസ്നേഹികൾ എന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം വ്യക്തികൾ നടത്തിയ പ്രതിഷേധ പ്രകടനവും അധിക്ഷേപ വർഷവും തികച്ചും അപലപനീയമാണെന്ന് സഭ പി.ആർ.ഒയും മീഡിയ കമീഷൻ സെക്രട്ടറിയുമായ ഫാ.ഡോ. ആന്റണി വടക്കേകര പ്രസ്താവനയിൽ പറഞ്ഞു.
പ്രശ്നപരിഹാരത്തിനായി പാംപ്ലാനി നടത്തുന്ന സമാധാന ശ്രമങ്ങളെയും സംഭാഷണങ്ങളെയും സംശയ ദൃഷ്ടിയോടെ മാത്രം കാണുന്നതും അസത്യപ്രചാരണങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തി അദ്ദേഹത്തെ സമൂഹമധ്യത്തിൽ അധിക്ഷേപിക്കുന്നതും എങ്ങനെയാണ് സഭാസ്നേഹികളുടെ ശൈലിയാകുന്നതെന്നും സഭ നേതൃത്വം ചോദിച്ചു.
അതേസമയം, സഭ നിയമവിരുദ്ധമായി പ്രഖ്യാപിച്ച കുർബാന നടത്താൻ അനുവദിക്കുന്ന രീതിയിൽ വിമത വിഭാഗവുമായി ഉണ്ടാക്കിയ സമവായ കരാറും ഗുരുതര കുറ്റങ്ങൾ ചെയ്ത വൈദികരെ സംരക്ഷിക്കാനുള്ള മാർ ജോസഫ് പാംപ്ലാനിയുടെ തന്ത്രപരമായ നീക്കങ്ങളും വിശ്വാസികൾ അനുവദിക്കില്ലെന്ന് വൺ കുർബാന വൺ ചർച്ച് മൂവ്മെൻറ് ഭാരവാഹികൾ പറഞ്ഞു. സിനഡ് തീരുമാനങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന മാർ പാംപ്ലാനി അതിരൂപതയുടെ ചുമതലയിൽ നിന്നും രാജിവെക്കുന്നത് വരെ പ്രതിഷേധ പരിപാടികൾ തുടരുമെന്ന് ഏകീകൃത കുർബാനക്കുവേണ്ടി നിലകൊള്ളുന്ന വിവിധ കൂട്ടായ്മകളുടെ ഭാരവാഹികളായ മത്തായി മുതിരേന്തി, ജോസഫ് പി. എബ്രഹാം, വിത്സൻ വടക്കുഞ്ചേരി, ആന്റണി പുതുശ്ശേരി തുടങ്ങിയവർ അറിയിച്ചു.
സിനഡനുകൂലികൾ അക്രമം അവസാനിപ്പിക്കണം- അൽമായ മുന്നേറ്റം
കൊച്ചി: ബിഷപ്പ് ഹൗസിലെ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ കൂരിയയെ ഉടൻ പുറത്താക്കണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. ഇനിയും ബിഷപ്പ് ഹൗസിൽ അക്രമത്തിന് മുതിർന്നാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് അൽമായ മുന്നേറ്റം പ്രസിഡന്റ് ഷൈജു ആന്റണിയും വക്താവ് റിജു കാഞ്ഞൂക്കാരനും വ്യക്തമാക്കി. പാംപ്ലാനിയെ ദേഹോപദ്രവമേല്പിച്ചു എന്നത് വേദനാജനകമാണെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

