കരിപ്പൂരിൽ വീണ്ടും സ്വര്‍ണവേട്ട; യാത്രികന്‍ പിടിയില്‍
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. അനധികൃതയായി കടത്തിയ ഒരുകിലോയിലധികം സ്വര്‍ണവുമായി യാത്രക്കാരനെ പിടികൂടി. ദുബൈയില്‍ നിന്നെത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസാണ് (24) പിടിയിലായത്.
ഇയാള്‍ ശരീരത്തിനകത്ത് ഒളിപ്പിച്ച 1.075 കിലോ സ്വര്‍ണമിശ്രിതവും പിടികൂടി. നാല് കാപ്‌സ്യൂളുകളായിട്ടാണ് മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിച്ചത്. ആഭ്യന്തര വിപണിയില്‍ ഇതിന് 55 ലക്ഷം വില വരും. വിമാനത്താവളത്തില്‍ എത്തിയശേഷം കസ്റ്റംസ് പരിശോധന അതിജീവിച്ച് ബന്ധുക്കള്‍ക്കൊപ്പം മടങ്ങാനിരിക്കെയാണ് യുവാവ് പിടിയിലായത്.
കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്‌സ്റേ പരിശോധനയിലാണ് കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണമിശ്രിതം കണ്ടെത്തിയത്. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റംസിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

