'സ്വർണക്കട ബിസിനസ് പങ്കാളിത്തം, മാസംതോറും ആറുലക്ഷം ലാഭവിഹിതം'; ഒന്നേകാൽ കോടി തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsഅബ്ദുസ്സമദ്, അബ്ദുൽ ഗഫൂർ
പത്തനംതിട്ട: സ്വർണക്കടയിൽ ബിസിനസ് പങ്കാളിയാക്കാമെന്നും ലാഭവിഹിതമായി 25 ശതമാനം വീതം മാസംതോറും നൽകാമെന്നും പറഞ്ഞ് ഒന്നേകാൽ കോടി രൂപ തട്ടിയ കേസിൽ രണ്ടുപേരെ പന്തളം പൊലീസ് പിടികൂടി.
ഒന്നാംപ്രതി കോഴിക്കോട് പൂനൂർ കക്കാട്ടുമ്മൽ വീട്ടിൽ അബ്ദുൽഗഫൂർ (50), മൂന്നാംപ്രതി കോഴിക്കോട് കിഴക്കോത്ത് ബുസ്കനാബാദ് അബ്ദുസ്സമദ് (64) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാംപ്രതി നൗഷാദ് ഖാൻ വിദേശത്താണ്.
കൊട്ടാരക്കര ഓടനാവട്ടം തുറവൂർ ഹൈലാൻഡ് വീട്ടിൽ രാഹുൽ കൃഷ്ണനാണ് കബളിപ്പിക്കപ്പെട്ടത്. പ്രതികൾ കോഴിക്കോട് പൂനൂരിൽ നടത്തുന്ന മിന ജ്വല്ലറിയിൽ പങ്കാളിയാക്കാമെന്നും ലാഭവിഹിതമായി മാസംതോറും ആറുലക്ഷം രൂപയിൽ കുറയാതെ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പണംതട്ടിയത്. 2023 ഫെബ്രുവരി 24ന് അബ്ദുൽഗഫൂറിന്റെ അക്കൗണ്ടിലേക്ക് രാഹുൽ ഒരുകോടി രൂപ അയച്ചുകൊടുത്തു.
തുടർന്ന്, രണ്ടാം പ്രതിയുടെ പേരിൽ നിർമാണം പൂർത്തിയാവുന്ന വയനാട്ടിലെ റിസോർട്ടിൽ രണ്ട് കിടക്കകളുള്ള വില്ലയുടെ ഉടമസ്ഥാവകാശം 50 ലക്ഷം രൂപക്ക് നൽകാമെന്ന് വാക്കുനൽകിയതിന്റെ അടിസ്ഥാനത്തിൽ 25 ലക്ഷം രൂപ മാർച്ച് എട്ടിനും അയച്ചുകൊടുത്തു. രാഹുലിന്റെയും ഭാര്യാപിതാവിന്റെയും ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പിൻവലിച്ച തുകയാണ് കൈമാറിയത്.
എന്നാൽ, ലാഭവിഹിതം നൽകുകയോ കച്ചവടത്തിൽ പങ്കാളിയാക്കുകയോ ചെയ്തില്ല. തുടർന്ന് രാഹുൽ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. ബാങ്ക് ഇടപാടുകൾ നടന്നത് പന്തളത്തായതിനാൽ ഇവിടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. പന്തളം പൊലീസ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചു.
ഒന്നാംപ്രതി ഒരുകോടി രൂപ പലതവണയായി പിൻവലിച്ചതായും ഉപയോഗിച്ചതായും കണ്ടെത്തി. രണ്ടാംപ്രതി 25 ലക്ഷം മാറിയെടുത്തതിന്റെ തെളിവും ലഭിച്ചു. പിന്നീട് പ്രതികൾക്കായി നടത്തിയ അന്വേഷണത്തിൽ അബ്ദുൽ ഗഫൂർ പൂനൂരിലെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം കിട്ടിയതുപ്രകാരം പൊലീസ് ശനിയാഴ്ച അവിടെയെത്തി കസ്റ്റഡിയിലെടുത്തു. തുടർന്ന് അബ്ദുസ്സമദിനെയും അയാളുടെ വീട്ടിൽനിന്ന് പിടികൂടി. പന്തളം സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

