മധുരം കുറഞ്ഞ് ഓണപ്പായസം; പഞ്ചസാര വില 64ൽ
text_fieldsതിരുവനന്തപുരം: ഓണപ്പായസത്തിന് ഇത്തവണ മധുരം കുറക്കേണ്ടിവരും. പഞ്ചസാര വില ദിനംപ്രതി വർധിക്കുകയാണ്. തിരുവനന്തപുരത്തെ ചാല മാർക്കറ്റിൽ തിങ്കളാഴ്ചയിലെ മൊത്തവില 64 രൂപയാണ്. ഈ മാസമാദ്യം 44 രൂപയിൽ നിന്നിരുന്ന വിലയാണ് കുതിക്കുന്നത്. ദിനം പ്രതിയെന്നോണം വില കയറുന്നുണ്ടെന്നും ആദ്യമായാണ് ഇത്തരം പ്രതിഭാസമെന്നും വ്യാപാരികൾ അത്ഭുതപ്പെടുന്നു. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് മാർക്കറ്റിലേക്ക് ഭൂരിഭാഗം പഞ്ചസാരയും വരുന്നത്.
ഉത്സവകാലത്തെ പഞ്ചസാരയുടെ അമിത ആവശ്യവും കരിമ്പിന് ദൗർലഭ്യം വന്നതുമാണ് പഞ്ചസാര വില വർധനവിനു കാരണമെന്ന് വ്യാപാരികൾ പറയുന്നു. കേന്ദ്രസർക്കാറിന്റെ ആരോഗ്യനയവും ചർച്ചയാണ്. ജീവിത ശൈലീരോഗങ്ങൾ ഒഴിവാക്കാൻ പഞ്ചസാരയുടെ ഉപഭോഗം കുറക്കണമെന്നതാണ് കേന്ദ്രസർക്കാറിന്റെ ആരോഗ്യനയം. ഇതിനുള്ള ബോധപൂർവമായ നീക്കമാണ് പഞ്ചസാര ക്ഷാമത്തിനുപിന്നിലെന്നതാണ് ഒരു വാദം. എന്നാൽ, കേന്ദ്രം ഇത് സമ്മതിച്ചിട്ടില്ല.
അതേസമയം, ഇ20 പെട്രോൾ ഉൽപാദനത്തിനായി കരിമ്പ് അടക്കമുള്ള ഒട്ടേറെ വിളകൾ വഴിമാറ്റുന്നതുകൊണ്ടാണ് പഞ്ചസാരക്ക് ക്ഷാമം ഉണ്ടാവുന്നതിന്റെ പ്രധാന കാരണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കേന്ദ്രത്തിനെതിരെ വിമർശനമുന്നയിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രം ഇത് നിഷേധിക്കുകയാണ്.
മഹാരാഷ്ട്രയിലെ വിളനാശം മൂലം ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതും ആഭ്യന്തര ഉപയോഗം കൂടിയതും ആണ് നിലവിലെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
കുറഞ്ഞ ആഭ്യന്തര ഉൽപ്പാദനം, ഉത്സവ സീസണിന് മുന്നോടിയായുള്ള വർധിച്ച ആവശ്യം, കാലാവസ്ഥ വ്യതിയാനം മൂലം കരിമ്പു കൃഷിക്കുണ്ടായ നാശനഷ്ടങ്ങൾ, ആഗോളതലത്തിൽ പഞ്ചസാരയുടെ ലഭ്യതയിലുള്ള കുറവ്, വ്യവസായ മേഖലയിലെ ഊഹക്കച്ചവടവും പൂഴ്ത്തിവെപ്പും തുടങ്ങി വിവിധ ഘടകങ്ങളുടെ ഫലമായാണ് പഞ്ചസാര വില വർധിച്ചത്.
ഒക്ടോബറിൽ പുതിയ സീസൺ ആരംഭിക്കുന്നതു വരെ ആഭ്യന്തര ആവശ്യം നിറവേറ്റാൻ ആവശ്യമായ പഞ്ചസാര സ്റ്റോക്ക് രാജ്യത്തുണ്ട്. ആഗോളതലത്തിലും പഞ്ചസാര വില വർധിക്കുന്നതായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
സപ്ലൈകോയിൽ റേഷൻ കാർഡുടമകൾക്ക് നൽകാനുള്ള പഞ്ചസാര സ്റ്റോക്കുണ്ടെന്നും കേന്ദ്രനയങ്ങളിൽ ഒന്നും ചെയ്യാനില്ലെന്നുമാണ് സംസ്ഥാന സർക്കാറിന്റെ നിലപാട്. കിലോക്ക് 34.65 രൂപയാണ് സപ്ലൈകോയിൽ പഞ്ചസാര വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

