സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; സപ്ലൈകോ ഓണച്ചന്തകള്‍ക്ക് തുടക്കമായി
text_fieldsഓണക്കിറ്റ്
തിരുവനന്തപുരം: ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും (എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ. 5,92,657 മഞ്ഞകാർഡുകാർക്കും 10,634 ക്ഷേമ കിറ്റുകളുമടക്കം 6,03,291 കിറ്റുകളാണ് വിതരണം ചെയ്യുക. കിറ്റ് വിതരണം സെപ്റ്റംബർ നാലിന് അവസാനിക്കും.
സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകൾ വഴിയാണ് കാർഡുടമകൾക്ക് വിതരണം ചെയ്യുന്നത്. തുണി സഞ്ചിയും 14 അവശ്യസാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക് കൂലി, ട്രാൻപോർട്ടേഷൻ ചാർജ് അടക്കം ഏകദേശം 710 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാർ 42.83 കോടി രൂപ അനുവദിച്ചിരുന്നു.
പൊതുവിപണിയിലെ വിലവർധന പിടിച്ചുനിർത്താൻ ഓണത്തിന് റേഷൻകടകളിലൂടെ കൂടുതൽ അരി വിതരണം ചെയ്യും. 32 ലക്ഷം വെള്ളക്കാർഡ് ഉടമകൾക്ക് 15 കിലോ അരി 10.90 രൂപ നിരക്കിലും നീല കാർഡിന് നിലവിൽ ലഭിക്കുന്ന അരിക്ക് പുറമേ 10 കിലോയും നൽകും. ചുവന്ന കാർഡിന് കാർഡ് ഒന്നിന് അഞ്ചു കിലോ അരി അധികം നൽകും.
സപ്ലൈകോ ഓണച്ചന്തകള്‍ ഇന്നലെ മുതൽ ആരംഭിച്ചു. ജില്ല കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ഓണച്ചന്തകളുടെ ഉദ്ഘാടനം തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. 26, 27 തീയതികളിലായി ജില്ല കേന്ദ്രങ്ങളിലും ഓണം ഫെയറുകൾ തുടങ്ങും.
സെപ്റ്റംബര്‍ നാലുവരെ, 10 ദിവസമാണ് ചന്തകളുണ്ടാവുക. എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഓണം ഫെയര്‍ നടത്തും. നിയമസഭ മണ്ഡലങ്ങളിലെ ഓണം ഫെയറുകള്‍ ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് നടത്തുക. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആഗസ്റ്റ് 25 മുതല്‍ സഞ്ചരിക്കുന്ന ഓണച്ചന്തകളുമുണ്ടാവും.
അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും ബ്രാന്‍ഡഡ് ഉൽപന്നങ്ങളും നാടിന്റെ മുക്കിലും മൂലയിലും എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റേഷന്‍ സംവിധാനത്തിലൂടെ വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോ സ്‌പെഷല്‍ അരി 10 രൂപ 90 പൈസക്ക് ലഭ്യമാക്കും. നീല കാര്‍ഡുകാര്‍ക്ക് 10 കിലോ അരി ലഭ്യമാക്കും. പിങ്ക് കാര്‍ഡിന് അഞ്ചുകിലോ അരി ലഭ്യമാക്കും. മഞ്ഞ കാര്‍ഡിന് ഒരുകിലോ പഞ്ചസാര ലഭ്യമാക്കും.
എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്. അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലക്ക് ഓണക്കാലത്ത് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവില്‍ ഒരു റേഷന്‍ കാര്‍ഡിന് എട്ടുകിലോ അരിയാണ് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത്, ഇതിനുപുറമെ കാര്‍ഡ് ഒന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്‌പെഷലായി അനുവദിക്കും.
ഓണക്കാലത്ത് ശബരി ബ്രാന്‍ഡില്‍ സബ്‌സിഡിയായും നോണ്‍ സബിസിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. മറ്റ് ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും എം.ആര്‍.പിയെക്കാള്‍ കുറഞ്ഞ വിലക്ക് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ലഭിക്കും. സൺഫ്ലവര്‍ ഓയില്‍, പാമോയില്‍, റൈസ് ബ്രാന്‍ ഓയില്‍ തുടങ്ങിയ മറ്റ് ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെള്ളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചിട്ടുണ്ട്. ഒരു കിലോ വെളിച്ചെണ്ണ 339 രൂപക്ക് നൽകും. പൊതുവിപണിയിൽ എണ്ണ വില കൂടിയ സാഹചര്യത്തിലാണ് സപ്ലൈകോ വില കുറച്ചത്.
ഓണക്കിറ്റിലുള്ള സാധനങ്ങളും അളവും
1. പഞ്ചസാര ഒരു കി.ഗ്രാം
2. ഉപ്പ് ഒരു കിലോഗ്രാം
3. വെളിച്ചെണ്ണ 500 മി. ലിറ്റർ
4. തുവരപരിപ്പ് 250 ഗ്രാം
5. ചെറുപയർ പരിപ്പ് 250 ഗ്രാം
6. വൻപയർ 250 ഗ്രാം
7. ശബരി തേയില 250 ഗ്രാം
8. പായസം മിക്സ് 200 ഗ്രാം
9. മല്ലിപ്പൊടി 100 ഗ്രാം
10. മഞ്ഞൾപൊടി 100 ഗ്രാം
11. സാമ്പാർ പൊടി 100 ഗ്രാം
12. മുളക് പൊടി 100 ഗ്രാം
13. നെയ്യ് (മിൽമ) 50 മില്ലി ലിറ്റർ
14. കശുവണ്ടി 50 ഗ്രാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

