Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രജകളെ കാണാനെത്തി...

പ്രജകളെ കാണാനെത്തി ഹൃദയം നുറുങ്ങി മാവേലി; ഫോ​ട്ടോ സ്​റ്റോറി കാണാം

text_fields
bookmark_border
പ്രജകളെ കാണാനെത്തി ഹൃദയം നുറുങ്ങി മാവേലി; ഫോ​ട്ടോ സ്​റ്റോറി കാണാം
cancel

കണ്ണൂർ: ഈ കൊറോണക്കാലത്തെ ഓണത്തിന്​ നമ്മുടെ മാവേലി തമ്പുരാൻ നാടുകാണാൻ വന്നാൽ എന്തായിരിക്കും കഥ? ഓണച്ചന്തയും ഓണത്തല്ലും പൂക്കളവുമൊന്നുമില്ലാതെ 'കൊറോണ ഓണ'ത്തെ എങ്ങനെയാണ്​ അദ്ദേഹം ഉൾക്കൊള്ളുക? മിക്ക മലയാളികളെയും പോലെ കൂത്തുപറമ്പ്​ ആയിത്തറയിലെ ആദർശ്​ മാവിലയും മാവേലിയെക്കുറിച്ചാലോചിച്ച്​​ തലപുണ്ണാക്കാൻ തുടങ്ങിയിട്ട്​ ആഴ്​ചകളായി.

ഒടുവിൽ, മാവേലി വരുന്നതും പലരെയും കണ്ടുമുട്ടുന്നതും കൊറോണയുടെ ഭവിഷ്യത്ത്​ മനസ്സിലാക്കുന്നതും ഈ ബി.എഡ്​ വിദ്യാർഥി ഭാവനയിൽ കണ്ടു. അത്യാവശ്യം ​േഫാ​ട്ടോഗ്രഫിയൊക്കെ വഴങ്ങുന്ന ആദർശിന്​ മാവേലിയുടെ വരവ്​ ഫോ​ട്ടോ സ്​റ്റോറിയാക്കണമെന്ന്​ കടുത്ത ആഗ്രഹം. കാര്യം പറഞ്ഞപ്പോൾ നിർമലഗിരി കോളജിൽ കൂടെ പഠിച്ച ചങ്കുകളുടെ കട്ട സപ്പോർട്ടും. കടംവാങ്ങിയ കാമറ കൂടി ആയതോടെ മാവേലിയുടെ വരവ്​ ആഘോഷിക്കാൻ തന്നെയായി മാവിലയുടെ തീരുമാനം.

ആദർശ്​ മാവില കണ്ട മാവേലി

പതാളത്തിൽ നിന്നും നാട്ടിലേക്കുള്ള ആനവണ്ടി യാത്രയിൽതന്നെ മാവേലിക്ക്​ അക്കിടി മണക്കുന്നു. എവിടെയും കാര്യമായ തിരക്കൊന്നുമില്ല. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കൊടി പിടിച്ചിറങ്ങുന്ന പ്രജകൾ, ഓണമായിട്ട് ഹർത്താൽ പ്രഖ്യാപിച്ചോ എന്നായിരുന്നു അങ്ങേരുടെ സംശയം. എന്നും നീണ്ട ക്യൂ കാണാറുള്ള ബീവറേജ്​ ഔട്​ലറ്റിൽ ഈച്ചപോലുമില്ല.

സിനിമ പോസ്​റ്ററില്ലാത്ത തിയറ്റർ, ​ൈകകാണിച്ചിട്ടും നിർത്താത്ത ബൈക്കുകാരൻ, സ്​കൂളിൽ പോ​കാതെ ലാപ്​ടോപ്പിൽ കളിക്കുന്ന കുട്ടി... ആകെപ്പാടെ മാവേലിക്ക്​ വശപ്പിശക് തോന്നിത്തുടങ്ങി.​ അപ്പോഴാണ്​ കെട്ടിപ്പൂട്ടിയ റോഡിന്​ കാവലിരിക്കുന്ന പൊലീസുകാരൻ കൊറോണക്കഥ മാവേലിയോട്​ പറയുന്നത്​. ചങ്ങങാതി മാവേലിക്ക്​ ഒരു മാസ്​കും കൊടുത്തു.

മാസ്​ക്​ താടിയിൽ തൂക്കി നടക്കുന്ന പ്രജയെ ബോധവൽകരിച്ച്​ മുന്നോട്ടുപോകവെ, പൂവുനുള്ളുന്ന കുഞ്ഞുങ്ങളുടെ മുഖം കാണാനാവാതെ ബലി സങ്കടക്കടലിലായി.

ഉറ്റവരുടെ സാന്നിധ്യമില്ലാത്ത ശവസംസ്​കാര ചടങ്ങുകളും ഏകാന്തവാസം നയിക്കുന്ന പ്രവാസിയും അദ്ദേഹത്തിൻെറ ഹൃദയം നുറുക്കി. ഒടുവിൽ, ദാ നിൽക്കുന്നു ജനങ്ങളുടെ രക്ഷകരായ ആരോഗ്യപ്രവർത്തകരും പൊലീസും മുന്നിൽ. ഭൂമിയിലെ മാലാഖമാരായ അവരെ മനംനിറയെ അനുഗ്രഹിച്ചു. അടുത്ത ഓണത്തിൻെറ പൊൻവെളിച്ചത്തിനുമുമ്പ്​ ഈ ദുരിതത്തിൽനിന്ന്​ നാട്​ പൂർണമുക്​തി നേട​​ട്ടേയെന്ന പ്രാർഥനയോടെ പാതാളത്തിലേക്ക്​ മടങ്ങുന്നതാണ്​ ഫോ​ട്ടോസ്​റ്റോറിയുടെ ഇതിവൃത്തം.

ആദർശ്​ മാവില

നിർമലഗിരിയിൽ പി.ജി വിദ്യാർഥികളായ ഹൃദ്യ​ അടിക്കുറിപ്പ് തയാറാക്കുകയും വി.എം. അശ്വന്ത്​ മാവേലി മന്നനായി വേഷമിടുകയും ചെയ്​തു. രാഹുൽ, വൈശാഖ്​, റിബിൻ, വിഷ്ണു, , ശ്രീരാഗ്, സാരംഗ്, വിജിൽ, അശ്വന്ത്, അഭിജിത്ത്, അർജുൻ എന്നീ സുഹൃത്തുക്കളുടെ പൂർണ പിന്തുണ കൂടിയായതോടെ 12 ചിത്രങ്ങളുള്ള ഫോ​ട്ടോ സ്​റ്റോറി തയാർ!. ആദർശിൻെറ ഇൻസ്​റ്റഗ്രം പേജിലാണ് ഇത്​ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.​ കൂത്തുപറമ്പിലും പരിസരത്തും വെച്ചാണ്​ ചിത്രീകരണം നടത്തിയത്​.

കൊറോണ കൊണ്ടോയ ഓണക്കാലം


1. പാതാളത്തിൽ നിന്നും നാട്ടിലേക്കുളള ആന വണ്ടി യാത്രാ എന്തായാലും പുതിയൊരു അനുഭവമായിരുന്നു.
എന്താണോ ആവോ കാര്യമായ തിരക്കൊന്നും ഇല്ല. ഇവിടെയൊക്കെ എന്താ ഇങ്ങനെ അടച്ചിട്ടിരിക്കുന്നത് ?
ഓണമായിട്ട് , ഇനി ഹർത്താൽ വല്ലതും ആണോ? അല്ലേലും ഈ പ്രജകളുടെ കാര്യം ബഹു കേമാണ്, ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കൊടി പിടിച്ചിറങ്ങും....!


2. ഇവിടെ നിന്നിട്ട് ആരെയും കാണുന്നില്ലല്ലോ? എന്തായാലും ഓണത്തിനുള്ള പുതിയ സിനിമകൾ എന്തൊക്കെയാന്ന് നോക്കാ ...
അല്ലല്ല ഇതെന്ത് മറിമായം പുതിയ സിനിമയുടെ പോസ്റ്റർ ഒന്നും കാണുന്നില്ലല്ലോ?
ഇനിയിപ്പം സാങ്കേതിക വിദ്യകളൊക്കെ മാറി കാണുവോ ? പറയാൻ പറ്റില്ല മനുഷ്യരുടെ കാര്യമാ എന്തൊക്കെ കണ്ടുപിടുത്തങ്ങളാ...


3. ഇനിയിപ്പം ഒരു വഴിയെ ഉള്ളു , അത് തന്നെ ശരണം.
മനുഷ്യന്മാരെ ആരെയെങ്കിലും കണ്ട് കിട്ടണമെങ്കിൽ അങ്ങോട്ട് തന്നെ പോണം .
എന്തായാലും മദ്യം കഴിക്കാതെ മലയാളി ഓണം ഉണ്ണുകയില്ലലോ?
എല്ലാ.... ഇതെന്ത് മഹാത്ഭുതം ഇവിടെ ഒരു പൂച്ചക്കുട്ടി പോലും ഇല്ലല്ലോ?



4. ഇതാ ഒരു മോട്ടോർ സൈക്കിൾ കാരൻ വരുന്നുണ്ട്. അവനോട് കാര്യം അന്വേഷിക്കാം .
ഇവനെന്ത് പഹയനാണ്, ഇനി എന്നെ കണ്ടിട്ട് മനസ്സിലായില്ലെ? നിർത്താതെ പോയല്ലോ ?
എന്താണപ്പാ ഇവിടെ നടക്കുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.


5. ഒത്തിരി ദൂരം നടന്നു. എനിക്കാണെങ്കിൽ ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.
അല്ല ഈ കുഞ്ഞുമോനെന്താ കൈയ്യിൽ ലാപ് ടോപ് ഒക്കെ വച്ചിട്ട് .
എന്തൊക്കെയോ കുത്തി വരയ്ക്കുകയും എഴുതുകയും ചെയ്യുകയാണല്ലോ?
പള്ളിക്കൂടത്തിലൊന്നും പോണ്ടേ പിളേളർക്ക് ! കാലം പോയൊരു പോക്ക് .


6. ഈ റോഡെന്തിനാണാവോ പൂട്ടിയിരിക്കുന്നത്...? ആവൂ, ഒരു കാക്കിക്കാരനെ കാണുന്നുണ്ടല്ലോ?
" അല്ല മഹാബലി തമ്പുരാനെ , അങ്ങ് ഒന്നും അറിഞ്ഞില്ലെ ? "
എന്താടോ , എന്താടോ ഇവിടെ നടക്കുന്നെ...എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.
" ലോകം മുഴുവൻ ഒരു മഹാ വ്യാദി വന്നു പ്പെട്ടിരിക്കുകയാണ് തമ്പുരാനെ . കോറോണയെന്നാണ് രോഗത്തിന്റെ പേര്.
ലക്ഷക്കണക്കിന് ആൾക്കാർ മരിച്ചു. കോടിക്കണക്കിന് പേർക്ക് രോഗം പിടിപ്പെട്ടു. ഇപ്പം ആരും പുറത്തിറങ്ങാറില്ല. തമ്പുരാൻ ഈ മാസ്ക് വച്ചോ രോഗത്തെ അതിജീവിക്കാൻ ഇതെല്ലാതെ വഴിയില്ല"


7. അല്ല സോദരാ നീ ലോകത്ത് നടക്കുന്നത് കാണുന്നില്ലെ? നീ എന്തിനാണ് രോഗത്തിനെ വിളിച്ച് വരുത്തുന്നത്.
ആ മാസ്ക് ഒന്നു കയറ്റി വെക്ക് ..
എ​െൻറ പ്രജകളുടെ നൻമയ്ക്ക് വേണ്ടിയാണ് തമ്പുരാൻ പറയുന്നത് , അനുസരിക്കുക...


8. അയ്യയ്യോ..., എന്തൊരു ദുരിതമാണ് എന്റെ ജനങ്ങൾക്ക് വന്നു പെട്ടിരിക്കുന്നത്?
ഈ പൂവു നുള്ളുന്ന കുഞ്ഞോമനയുടെ മുഖം എനിക്ക് കാണാൻ പറ്റുന്നില്ലല്ലോ?
അവരുടെ നിഷ്കളങ്ക നിറഞ്ഞ പുഞ്ചിരിയും എനിക്ക് ആസ്വദിക്കാൻ പറ്റില്ലല്ലോ?
എന്തിരുന്നാലും എ​െൻറ പൊന്നു മക്കൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ . ദുരിതങ്ങളും വ്യാധിയും ഒക്കെ പെട്ടെന്ന് മാറട്ടെ.



9. ആയുസ്സിൻെറ മുക്കാൽ ഭാഗവും പുറം നാടുകളിൽ പോയി അധ്വാനിച്ചിട്ട് , ബന്ധുകളോടൊത്ത് ഇത്തിരി നാൾ കഴിയാൻ വന്ന എന്റെ മകന്റെ സ്ഥിതി ഇങ്ങനെ ആയല്ലേ ?

ആരോടും ഒന്നും പറയാതെയും കാണാതെയും ഒറ്റയ്ക്ക് നിക്കേണ്ട അവസ്ഥ !


10. എനിക്ക് ഇതൊന്നും കാണാൻ വയ്യ..

ജീവശ്വാസം നിലക്കാൻ പോവുമ്പോൾ പോലും പ്രിയപ്പെട്ടവരെ കാണാൻ പറ്റുന്നില്ല ....

ഇനി ജീവനറ്റ് വീഴുമ്പോൾ ആവട്ടെ, അന്ത്യ കർമ്മങ്ങൾ പോലും സ്വീകരിക്കാൻ പറ്റാതെ മണ്ണോട് ചേരുന്നു



11 . ഈ നാടും, എ​െൻറ ജനങ്ങളും ഇപ്പം നിങ്ങടെ കയ്യിലാണ്.
നിങ്ങളാണ് അവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. യഥാർത്ഥ ദൈവരൂപങ്ങൾ .
ഇതിന് പ്രതിഫലമായി നിങ്ങൾക്ക് എന്ത് നൽകിയാലും മതിയാവില്ല മക്കളേ ..
ജീവൻ വില കൊടുത്ത് നിങ്ങൾ ഈ ചെയ്യുന്ന പുണ്യത്തിന്, ഇനിയുള്ള ഏഴ് ജന്മങ്ങളിലും നിങ്ങൾക്ക് നന്മ മാത്രം വരട്ടെ .
മാവേലി തമ്പുരാൻെറ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവും.



12. കണ്ണു നിറയെ എൻെറ പ്രജകളെ കണ്ട് അവരുടെ സുഖ വിവരങ്ങൾ അന്വേഷിക്കാൻ വന്ന എനിക്ക് ഈ വ്യാകുലതകൾ ആണല്ലോ കാണേണ്ടി വന്നത്.
ഹൃദയം നുറുങ്ങുകയാണ്. ഇതിനൊക്കെ ഒരു പര്യവസാനം ഇനി എന്നാണ്?
ഇനി ഒരു ഓണക്കാലത്തിന്റെ പൊൻ വെളിച്ചം ഭൂമിയിൽ തട്ടും മുൻപെ ഈ വ്യാധികളും ആകുലതകളും ഒഴിയട്ടെ ...




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onammavelicovidkoothuparamb
Next Story