ഓണം വാരാഘോഷം ഇത്തവണ ഹരിത ഓണം, മാലിന്യരഹിത ആഘോഷം
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 24 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷപരിപാടികൾ പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കുമെന്ന് ഗ്രീൻ പ്രോട്ടോക്കോൾ കമ്മറ്റി അിയിച്ചു.
‘ഹരിത ഓണം’ എന്ന തലക്കെട്ടിൽ മാലിന്യരഹിത ഓണാഘോഷത്തിനുള്ള മാര്‍ഗനിർദേശം പുറത്തിറക്കി. ഘോഷയാത്രക്കായി തയാറാക്കുന്ന ഫ്ലോട്ടുകളുടെ നിർമാണത്തിൽ തെർമോകോൾ, പി.വി.സി, ഫ്ലെക്സ്, മൾട്ടിലെയർ പ്ലാസ്റ്റിക് എന്നിവ പൂർണമായും ഒഴിവാക്കണം.
കോട്ടൺ തുണി, ചണം, പേപ്പർ തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. ഹരിതചട്ടം പാലിച്ച് നിർമിക്കുന്ന മികച്ച ഫ്ലോട്ടുകൾക്കാണ് സമ്മാന നിർണയത്തിൽ മുൻഗണന. കാണികൾക്കായി ഡിസ്പോസിബിൾ ഗ്ലാസ് ഒഴിവാക്കി സ്റ്റീൽ ഗ്ലാസുകളും വാട്ടർ കിയോസ്കുകളും സജ്ജമാക്കും. ഫ്ലോട്ടുകൾ പൊളിക്കുന്ന സ്ഥലങ്ങളിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ ക്ലീൻ കേരള കമ്പനിയുമായി ബന്ധപ്പെട്ട വകുപ്പുകൾ ധാരണാപത്രം ഒപ്പുവെക്കണം.
പ്ലാസ്റ്റിക് ഉൽപന്നം, പേപ്പര്‍ കപ്പ്, പ്ലാസ്റ്റിക് കപ്പും പ്ലേറ്റും, തെര്‍മോക്കോള്‍ പ്ലേറ്റ്, നിരോധിത ഫ്ലക്സ് ഉൽപങ്ങള്, പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് കറി കവർ എന്നിവ ഒഴിവാക്കണം.
പ്ലാസ്റ്റിക് കപ്പുകൾക്കും പ്ലേറ്റുകൾക്കും വിലക്ക്
ഭക്ഷണ സ്റ്റാളുകളിൽ ഡിസ്പോസിബിൾ കപ്പ്, പ്ലേറ്റ് എന്നിവക്ക് കർശന നിരോധനം ഏർപ്പെടുത്തും. കഴുകി ഉപയോഗിക്കാവുന്ന പ്ലേറ്റുകളും സ്റ്റീൽ ഗ്ലാസുകളും മാത്രമേ അനുവദിക്കൂ. ഐസ്ക്രീം, സ്നാക്സ് എന്നിവ വിതരണം ചെയ്യുന്നതിനും കഴുകി ഉപയോഗിക്കാവുന്ന ബൗളുകൾ ഏർപ്പെടുത്തണം. സ്റ്റാളുകളിൽനിന്ന് ആഹാരം പാഴ്സൽ നൽകുന്നതിന് പ്രകൃതി സൗഹൃദ പാത്രങ്ങൾ, ഫുഡ് ഗ്രേഡ് കണ്ടെയ്നറുകൾ എന്നിവ മാത്രം ഉപയോഗിക്കണം. പൊതുജനങ്ങൾക്ക് ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കാൻ അനുയോജ്യമായ ബിന്നുകൾ സ്റ്റാളുകളിൽ സ്ഥാപിക്കണം. നിയമലംഘനം പരിശോധിക്കാൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും
വ്യാപാരികൾ തുണി, പേപ്പർ സഞ്ചികൾ കരുതണം
ട്രേഡ് ഫെയറുകളിലും എക്സിബിഷനുകളിലും പ്ലാസ്റ്റിക് കാരിബാഗുകൾ പൂർണമായും നിരോധിക്കും. വ്യാപാരികൾ തുണി അല്ലെങ്കിൽ പേപ്പർ സഞ്ചികൾ കൗണ്ടറുകളിൽ കരുതണം. മാലിന്യം തരംതിരിക്കാതെ നൽകുന്ന വ്യാപാരികളിൽ നിന്ന് അധിക തുക പിഴയായി ഈടാക്കും.
പി.വി.സി ഫ്ലക്സുകൾക്ക് അനുമതിയില്ല
വേദികളിലും സ്റ്റാളുകളിലും സ്ഥാപിക്കുന്ന ബാനറുകളും ബോർഡുകളും കോട്ടൺ തുണിയിലോ അംഗീകൃത പോളി എത്തിലിൻ വസ്തുക്കളിലോ ആയിരിക്കണം. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബാനറുകൾ നീക്കം ചെയ്യും.
വേദികളിൽ മാലിന്യ സംഭരണത്തിനായി ജൈവ മാലിന്യങ്ങൾക്ക് പച്ച നിറത്തിലുള്ള ബിന്നുകളും അജൈവ മാലിന്യങ്ങൾക്ക് നീല നിറത്തിലുള്ള ബിന്നുകളും സ്ഥാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഓണം വരാഘോഷം ഗ്രീന്‍ പ്രോട്ടോക്കോള്‍ സബ്കമ്മറ്റി ചെയര്മാന് വി. മുരളീധരന് എം.എൽ.എ, കണ്‍വീനര്‍ ബിനു ഫ്രാന്‍സിസ്, കോർപറേഷൻ ആരോഗ്യസമിതി അധ്യക്ഷൻ എം.ആർ. ഗോപൻ, കോർപറേഷൻ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, ഹെൽത്ത് ഓഫിസർ ഡോ. ഗോപകുമാർ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

