മഴ കനത്തു, ലോട്ടറി വിൽപന കുറഞ്ഞു; തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു. നറുക്കെടുപ്പ് ശനിയാഴ്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ വിൽപന കുറഞ്ഞ സാഹചര്യത്തിൽ ഒക്ടോബർ നാലിലേക്ക് മാറ്റിയതായി ഭാഗ്യക്കുറി വകുപ്പ് അറിയിക്കുകയായിരുന്നു. കനത്ത മഴയെത്തുടർന്നാണ് ഇത്തവണ വിൽപന കുറഞ്ഞത്. ജി.എസ്.ടിയിൽ മാറ്റം വന്നതിനാൽ വിജയികൾക്ക് കൈമാറുന്ന സമ്മാനത്തുകയിലും മാറ്റം വന്നേക്കും.
ഇക്കാര്യങ്ങൾക്ക് പുറമെ ഏജന്റുമാരുടെ അഭ്യർഥനയും പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിയത്. 25 കോടി രൂപയാണ് ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നല്‍കും.
അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ഇത് ഏജൻസികളിൽനിന്ന് ഇനിയും വിറ്റുപോകാനുണ്ട്. ഇതുവരെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റഴിച്ചത് പാലക്കാടാണ് - 14,07,100 എണ്ണം. തൃശ്ശൂരില്‍ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും വിറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

