ഒാണം തന്നൊരമ്മ
text_fieldsഇതുപോലെ ഒരോണക്കാലത്തായിരുന്നു എനിക്ക് ആ അമ്മയെ കിട്ടിയത്. ഒരു കണ്ണനക്കത്തിൽ അഭിനയത്തിെൻറ വേലിയേറ്റങ്ങൾ തീർത്ത ഒരമ്മ. മനസ്സിൽ നൂറുവട്ടം അമ്മേയെന്നു വിളിച്ചിരുന്നെങ്കിലും സ്വാതന്ത്ര്യത്തോടെ അങ്ങനെ വിളിക്കാൻ കഴിഞ്ഞത് 13 വർഷം മുമ്പത്തെ ഒാണത്തിനായിരുന്നു.
ഉമ്മയും ബാപ്പയുമുണ്ടായിട്ടും ശ്രീവിദ്യ എന്ന നടി എങ്ങനെയാണ് എെൻറ അമ്മയായി അനുഭവപ്പെട്ടത് എന്ന് എനിക്കറിയില്ല. ചിലർ അങ്ങനെയാണ്. ആദ്യ നോട്ടത്തിൽ ചിലരോട് നമുക്ക് പ്രണയം തോന്നും. മറ്റു ചിലരെ ഒറ്റ നോട്ടത്തിൽ സുഹൃത്തായും സഹോദരനായും അനുഭാവം തോന്നും. മറ്റുചിലരെ അങ്ങനെത്തന്നെ നമ്മൾ ശത്രുക്കളായും പ്രഖ്യാപിക്കും. ചിലർ അടുത്തുകൂടി പോകുേമ്പാൾ അവരിൽ അമ്മയുടെ മണം കിനിയുന്നതറിയും. അങ്ങനെ നമ്മൾ ഒേട്ടറെ അമ്മമാരുടെ മക്കളാകും.
സിനിമ കാണാൻ പ്രാന്തെടുത്തു നടന്ന കാലമായിരുന്നു സ്കൂളിൽ പഠിക്കുേമ്പാൾ. ഉച്ചനേരങ്ങള്‍ കട്ടെടുത്ത് നാലഞ്ച് കിലോ മീറ്റര്‍ അപ്പുറത്തെ ഓല പാകിയ സിനിമ കൊട്ടകയിലെ ബെഞ്ചുകളെ ക്ലാസിലെ മരബെഞ്ചിനെക്കാള്‍ പ്രണയിച്ചുനടന്ന കാലത്തായിരുന്നു അത്. പ്രേംനസീറിെൻറയും മധുവിെൻറയും ഭാര്യയായി സോമെൻറയും സുകുമാരെൻറയും അമ്മയായി വലിച്ചുകെട്ടിയിട്ടും കടല്‍കാറ്റിലുലയുന്ന വെള്ളിത്തിരയിലേക്കവര്‍ ഇറങ്ങിവന്നത്.
ആ അമ്മയെ കാണാൻ മാത്രമായി തിയറ്ററുകളിലെ ബീഡിപ്പുകമണം സഹിച്ചിരുന്നു.
ചുമരിൽ മൈദപ്പശ മുക്കി തേച്ച പോസ്റ്ററുകളിലിരുന്ന് അമ്മ എന്നെ നോക്കി വാൽസല്യം ചൊരിഞ്ഞു. എെൻറ പിഴകളിൽ എന്നെ ശകാരിച്ചു. എന്നോട് പരിഭവിച്ചു. ഞാനുമായി പിണങ്ങി. സങ്കടം തൂങ്ങിയ നേരങ്ങളിൽ നെറുകയിൽ തലോടി ആശ്വസിപ്പിച്ചു.

ഇങ്ങനെയൊരു അമ്മയും മകനും കളി നടക്കുന്ന വിവരം ഏകപക്ഷീയമായാൽ പോരെന്നു തോന്നിയപ്പോൾ നാട്ടിൽ അത്യാവശ്യം പത്രപ്രവർത്തന പരിചയവും കരിയർ മാഗസിൻ നടത്തിയിരുന്നയാളുമായ, ഇപ്പോൾ തൊഴിൽ വകുപ്പിൽ ജോലി ചെയ്യുന്ന ഷിബുവിെൻറ സഹായത്തോടെ ശ്രീവിദ്യയുടെ വിലാസം കൊല്ലത്തെ നാനാ ഒാഫീസിൽനിന്ന് സംഘടിപ്പിച്ചു. അപ്പോൾ അവർ വെള്ളിത്തിരയില്‍ മമ്മൂട്ടിയുടെയും മോഹന്ലാലിെൻറയുമൊക്കെ അമ്മ വേഷവും കെട്ടിക്കഴിഞ്ഞിരുന്നു... കൂട്ടത്തില്‍ അവര്‍ മമ്മൂട്ടിയുടെ അമ്മ മാത്രമല്ല; പെങ്ങളും ഭാര്യയും കാമുകിയും അമ്മായിയമ്മയുമൊക്കെയായി.
ലേഡി മാധവന്‍ സ്ട്രീറ്റില്‍ താമസിച്ചിരുന്ന അവര്‍ക്കെഴുതിയ കത്തിലെ ആദ്യത്തെ വാചകം ഇപ്പോഴും ഓര്‍മയുണ്ട് ‘സ്നേഹപൂര്‍വം വിദ്യാമ്മയ്ക്ക്....’
അമ്മേ എന്ന് വിളിച്ചോട്ടെ എന്ന് ചോദിച്ചായിരുന്നു ആദ്യത്തെ കത്ത്. അതിനവര്‍ മറുപടി തന്നില്ല. അങ്ങനെ വിളിച്ചോളാന്‍ അനുമതി തന്നതായി കരുതി തുരുതുരാ അവര്‍ക്ക് കത്തുകള്‍ എഴുതി...
എല്ലാ കത്തിലും ‘പ്രിയപ്പെട്ട അമ്മേ...’ എന്നുതന്നെ വിളിച്ചു. ഒരു കത്തിനും അവര്‍ മറുപടി തന്നില്ല. ഒരു കത്തും മടങ്ങിവന്നില്ല. മേല്‍വിലാസമെഴുതാന്‍ മറന്ന് മാമായ്ക്ക് അയച്ച കത്ത് മദ്രാസിലെ ഡെഡ് ലെറ്റര്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് സാരോപദേശവുമായി തിരികെ വന്നിട്ടും അമ്മയ്ക്കെഴുതിയ കത്തുകള്‍ അങ്ങനെപോലും അവകാശികളില്ലാതെ തിരിച്ചെത്തിയില്ല..
എെൻറ കത്തുകളില്‍ ഒന്നുപോലും അമ്മ വായിച്ചുനോക്കിയിട്ടുണ്ടാവില്ല. അല്ലെങ്കില്‍ ആരാധകരുടെ അനേകായിരം കത്തുകളുടെ കൂടെ തുറന്നുപോലും നേനാക്കാതെ ചവറുകൂനകള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞിരിക്കാം. ഒരു ചെറിയ കുട്ടിയുടെ കുസൃതിയെന്നോ നേരമ്പോക്കെന്നോ കരുതി ചിരിച്ചുതള്ളിയിരിക്കാം.
ഞാന്‍ എഴുതിക്കൊണ്ടേയിരുന്നു. സ്കൂളിലെ, ക്ലാസുകളിലെ ഓരോ കയറ്റങ്ങളും, പത്താം ക്ലാസിലെത്തിയതും, ആദ്യമായി കൂട്ടുകാരിയോട് പ്രണയം മൊട്ടിട്ടതും, കൊല്ല പരീക്ഷയില്‍ നൂലിഴ വ്യത്യാസത്തില്‍ ഫസ്റ്റ് ക്ലാസ് കിട്ടാതെ പോയതും, കോളജില്‍ ചേര്‍ന്നതും രാഷ്ട്രീയപ്പോരില്‍ തല്ലു കിട്ടിയതും ബസിന് കല്ലെറിഞ്ഞതും പ്രീഡിഗ്രി തോറ്റുപോയതും എല്ലാമെല്ലാം നിറഞ്ഞ എഴുത്തുകൾ....
അമ്മ ഒന്നും പറഞ്ഞില്ല..
ഡിഗ്രി മികച്ച മാര്‍ക്കുമായി പ്രായശ്ചിത്തത്തോടെ വിജയിച്ചതും പത്രപ്രവര്‍ത്തക കോഴ്സിന് ചേര്‍ന്നതുമെല്ലാം എഴുതിക്കൊണ്ടേയിരുന്നു...
അമ്മ മറുപടിയായി ഒരു വരിപോലും കുറിച്ചില്ല...

അതിനിടയില്‍ എവിടെയോ വെച്ച് കത്തെഴുതുന്ന ശീലങ്ങളില്‍നിന്ന് ഞാന്‍ മുറിച്ചുമാറ്റപ്പെട്ടിരുന്നു. ഒരു വാക്കുപോലും ആര്‍ക്കും എഴുതാതെയായി.
പോസ്റ്റ്മാന്‍ അന്യഗ്രഹജീവിയായി.
പിന്നെ അവരെ കണ്ടത് അല്ഫോണ്സച്ഛെൻറ തോളില്‍ തല ചായ്ച്ച് ജീവിതത്തിെൻറ കൈപ്പും നിരാശയുമെല്ലാം ഇറക്കിവെക്കാന്‍ വെമ്പുന്ന മാഗി മദാമ്മയായിട്ടായിരുന്നു. എെൻറ ഏറ്റവും പ്രിയപ്പെട്ട നടെൻറ, രഘുവരെൻറ ഏറ്റവും മികച്ച കഥാപാത്രത്തിന് കൂട്ടുകാരിയായി. ‘ദൈവത്തിെൻറ വികൃതികൾ’ ആയി.
2004ലെ മാധ്യമം പത്രത്തിെൻറ ഓണപ്പതിപ്പിലേക്ക് ഒരോണക്കാല ഓര്‍മ വേണമെന്നും അതൊരു പഴയകാല സെലിബ്രിറ്റിയുടെതാകണമെന്നും ചുമതലക്കാരനായ സുഹൃത്ത് കെ.പി. റഷീദ് പറഞ്ഞപ്പോള്‍ അമ്മമുഖം വീണ്ടും തെളിഞ്ഞു...
ഫോണിെൻറ അങ്ങേത്തലയ്ക്കല്‍ റിംഗ് മുഴങ്ങുമ്പോള്‍ നെഞ്ചിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു.
‘ഹലോ...’ എന്ന ശബ്ദത്തിന് മറുപടിയായി ‘അമ്മേ..’ എന്ന് വിളിക്കണമെന്നുണ്ടായിരുന്നു. എന്തുകൊണ്ടോ അത് മാത്രം പുറത്തുവന്നില്ല... പകരം ‘മാഡം...’ എന്നു വിളിച്ചു കാര്യം പറഞ്ഞു.
എം.എൽ. വസന്തകുമാരി എന്ന പേരുകേട്ട സംഗീതജ്ഞയുടെ മകളായി തമിഴ്നാട്ടിൽ ജനിച്ചെങ്കിലും ഒരിക്കൽപോലും മലയാളികള്‍ ഒരു മറുനാട്ടുകാരിയായി ്ശ്രീവിദ്യയെ കണ്ടിരുന്നില്ല. മലയാളിത്തം നിറഞ്ഞ മുഖമുള്ള മറ്റൊരു മലയാളിയായിരുന്നു ശ്രീവിദ്യ. മൂന്നുകോടി മലയാളികൾക്ക് നടുവില്‍ മറ്റൊരു മലയാളിയായി ജീവിച്ച ശ്രീവിദ്യയുടെ മറുപടിയായിരുന്നു വിചിത്രം.
ഓണം എന്ന മലയാളികളുടെ മഹോല്‍സവം അവര്‍ക്കൊരു കേട്ടറിവു മാത്രമായിരുന്നു. സുഹൃത്തുക്കളായി കുറച്ചുപേര്‍ മാത്രം. അവരില്‍ അധികവും മലയാളികളായിരുന്നിട്ടും അന്നുവരെ അമ്പതു വര്‍ഷത്തിനിടയില്‍ ഒരാളും ഒരോണത്തിനും അവരെ ക്ഷണിച്ചിരുന്നില്ല. ഒരാശംസ പോലും കൈമാറിയിരുന്നില്ല. അക്കുറിയും ഓണമാകുമ്പോള്‍ പതിവുപോലെ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ചേക്കേറുമെന്നും അവര്‍ പറഞ്ഞു.
ഈ ഓണത്തിന് ഞങ്ങള്‍ ക്ഷണിച്ചാല്‍ വരുമോ എന്ന ചോദ്യത്തിന് ‘നിങ്ങള്‍ എൻറെ ആരാ? നിങ്ങളെ എനിക്കൊരു മുന്‍പരിചയവുമില്ലല്ലോ...’ എന്ന മറുചോദ്യമെയ്തു വീഴ്ത്തിക്കളഞ്ഞു അവര്‍.
പറയാതിരിക്കാനായില്ല എെൻറ കഥകളിലെ അമ്മയായിരുന്നു നിങ്ങളെന്ന്... ഞാനെഴുതിയ കത്തുകളെക്കുറിച്ച്...
അവര്‍ ചിരിച്ചു....
‘‘കുട്ടീ, ആ കത്തുകള്‍ ഇനിയും എഴുതാവുന്നതേയുള്ളു..’’
അപ്പോള്‍ ഞാന്‍ കുട്ടിയായി. ഓര്‍മയില്‍ അമ്മിഞ്ഞപ്പാലിെൻറ മണം കിനിഞ്ഞു. ഉള്ളുലഞ്ഞുവിളിച്ചുപോയി ‘‘അമ്മേ....’’
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിൽ അവര്‍ സമ്മതം തന്നപോലെ, അമ്മേ എന്ന് വിളിക്കാന്‍...
പിന്നെയും പലവട്ടം ഒരു ഫോണിെൻറ അക്കരെയിക്കരെയിരുന്നു ‘അമ്മേ...’ എന്ന് നീട്ടി വിളിച്ചു.. തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലിന് വരുമ്പോള്‍ ഡിസംബറില്‍ പി.ടി.പി നഗറിലെ വീട്ടില്‍ നേരിട്ടുവന്നു കാണാം എന്ന് വാക്കോതി. പക്ഷേ, കഴിഞ്ഞില്ല.
2006 ഒക്ടോബർ 19ലെ വൈകുന്നേരഒ തിരക്കിട്ട് ന്യൂസ്റൂമിലേക്ക് കയറിവരുമ്പോള്‍ ടി.വിയില്‍ ഫ്ലാഷ്. എന്റെ അമ്മ മരിച്ചുപോയി....
‘നീ പോകുന്നുണ്ടോ, കാണാൻ...’ റഷീദ് ചോദിച്ചു.
ജീവിച്ചിരുന്നപ്പോള്‍ നേരില്‍ കാണാനാവാതെ പോയ അമ്മയുടെ മരണചിത്രത്തിന് മുന്നില്‍ തല കുമ്പിട്ട് നില്‍ക്കാന്‍ മനസ്സു വന്നില്ല. ന്യൂസ് റൂമിന് പുറത്തെ വരാന്തയിൽനിന്ന് ഞാൻ കരഞ്ഞുപോയി.
നെട്ടല്ലിന് ബാധിച്ച ക്യാൻസറുമായി അവർ ഒറ്റയ്ക്ക് ജീവിതത്തോട് മല്ലിടുകയായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. സ്വന്തമായി ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ പോലും കഴിയാത്തവണ്ണം വഞ്ചനയുടെ കത്തികൊണ്ട് അവരുടെ ഗര്‍ഭപാത്രം പോലും ഛേദിച്ചു കളഞ്ഞ ലോകത്തോട് അവർ വല്ലാത്തൊരു മനസ്സാന്നിധ്യത്തോടെ പൊരുതുകയായിരുന്നുവെന്ന് ഒരിക്കൽ ഞങ്ങളുടെ നാട്ടുകാരൻകൂടിയായ ശ്രീകുമാരൻ തമ്പി സാർ പറഞ്ഞിരുന്നു.
ശ്രീവിദ്യാമ്മയ്ക്ക് സുഖമില്ലാതെ വന്നപ്പോൾ അവരെ നായികയാക്കി എടുത്തുകൊണ്ടിരുന്ന സീരിയൽ തമ്പി സാർ നിർത്തിവെച്ചു. അവർക്കിടയിൽ ഒരു സഹോദരീ - സഹോദര ബന്ധമായിരുന്നു നിലനിന്നിരുന്നത്. 53 വയസ്സ് അത്ര വേഗം പോകേണ്ട പ്രായമായിരുന്നില്ല. ജനിച്ചുവളർന്ന നാട്ടിൽനിന്ന് ആയിരം കാതങ്ങൾക്കകലെ മറ്റൊരു നഗരത്തിലെ ശാന്തികവാടത്തിൽ എരിഞ്ഞണയാനായിരുന്നു അവരുെട വിധി.
എൻറെ ഫോണിൽ ഇപ്പോഴൂം അവരുടെ ബി.എസ്.എന്‍.എല്‍ നമ്പര്‍ സേവ് ചെയ്തിട്ടിട്ടുണ്ട്, ‘അമ്മ’ എന്ന പേരില്‍.
മരണശേഷം ആ നമ്പര്‍ നിലവിലില്ല എന്നായിരുന്നു വിളിച്ചപ്പോൾ കിട്ടിയ മറുപടി.
മറ്റൊരു ഒാണക്കാലത്ത്, മറുപടിയുണ്ടാവില്ലെന്ന ഉറപ്പിൽ ഒന്നുകൂടി റിംഗ് ചെയ്തു നോക്കി...
ദൈവമേ! റിംഗ് ചെയ്യുന്നു.
മരിച്ചവര്‍ വിളികേള്‍ക്കുമോ?
അപ്പുറത്തൊരു പുരുഷ ശബ്ദം.
ആ നമ്പറില്‍ കണ്ണൂര്‍ കലക്ടറുടെ ഗണ്‍മാന്‍ സംസാരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
