Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ഞിപ്പശയുള്ള...

കഞ്ഞിപ്പശയുള്ള അമ്മക്കോടി

text_fields
bookmark_border
കഞ്ഞിപ്പശയുള്ള അമ്മക്കോടി
cancel

ഓണത്തെ മണമുള്ളതാക്കുന്ന ഓർമകളിൽ പൂക്കൾ ചമച്ച ഒാണക്കളങ്ങൾക്കൊപ്പം ഓണക്കോടിയുമുണ്ട്​. പുതുവസ്ത്രത്തി​​​െൻറ ഭംഗിയിൽ മയങ്ങി, കൂട്ടുകാർക്കു മുന്നിൽ  അഭിമാനം കൊണ്ട് പാറിപ്പറന്നു നടന്ന കുട്ടിക്കാലത്തൊന്നും അമ്മയ്ക്കുള്ള ഓണക്കോടിയെക്കുറിച്ച് അത്രയൊന്നും ചിന്തിച്ചിരുന്നില്ലല്ലോ എന്നിപ്പോൾ ദു:ഖത്തോടെ ഓർക്കുന്നു. പ്രത്യേകിച്ചും പുതിയ വസ്ത്രങ്ങൾ എപ്പോഴും ബലഹീനതയായ എന്നെപ്പോലൊരാൾ .  ഞാൻ ജനിച്ചപ്പോൾ അമ്മയ്ക്ക് തയ്യൽ പഠിക്കണമെന്ന ആഗ്രഹമുണ്ടായി.  അതിനു പിന്നിൽ രണ്ടാഗ്രഹങ്ങളാണുണ്ടായിരുന്നത്‌.  മാറി മാറി വരുന്ന എല്ലാ ഫാഷനിലുമുള്ള വസ്ത്രങ്ങൾ മകൾക്ക് തുന്നിക്കൊടുക്കണം എന്ന അമ്മയുടെ ആഗ്രഹം. ബ്ലൗസ് തയ്പ്പിക്കുമ്പോൾ ചെലവാകുന്ന കാശ്  കുടുംബത്തിലെ പൊതു ബഡ്ജറ്റിലെ മറ്റൊരു പ്രധാന കാര്യത്തിനായി മാറ്റിവെക്കാമെന്ന ആഗ്രഹം

 ഒന്നാമത്തെ ആഗ്രഹം ഇന്നും മുടക്കമില്ലാതെ അമ്മ നടത്തുന്നു.  ഭംഗിയുള്ള ഏതു തുണി കണ്ടാലും അതൊരു ഉടുപ്പോ, ടോപ്പോ, ചുരിദാറോ ഒക്കെയാക്കി മാറ്റുന്ന ഒരു മാന്ത്രികവിദ്യ തന്നെ അമ്മക്കുണ്ടായിരുന്നു. രണ്ടാമത്തെ ആഗ്രഹവും ഇപ്പോഴും സാധിച്ചു കൊണ്ടിരിക്കുന്നു .
 വീട്ടിലുള്ള എല്ലാവർക്കും ഓണക്കോടി വാങ്ങിയതിനു ശേഷമേ അമ്മ വാങ്ങിയിരുന്നുള്ളു. പലപ്പോഴും ഓണത്തിനായി പ്രത്യേകിച്ച്​ വാങ്ങാറുമില്ല. പതിവായി ഉടുത്തു കൊണ്ടിരിക്കുന്ന സാരികൾ ഇനി അടിമവേല ചെയ്യില്ല എന്ന് പറഞ്ഞു രാജി സന്നദ്ധത അറിയിച്ചിട്ടും  നിർബന്ധിത സേവനത്തിനു കർശന നിർദ്ദേശം നൽകുന്ന സ്വേച്ഛാധിപതിയെ പോലെ നിരവധി തുന്നലുകൾക്ക് വിധേയമാക്കി പരമാവധി ഉപയോഗിച്ചതിനു ശേഷമാണ് അമ്മ മനസ്സില്ലാ മനസ്സോടെ ഒരു സാരി ഉപേക്ഷിക്കുന്നത്.

നമുക്കെല്ലാം പല തരത്തിലുളള  പട്ട്, വെൽവെറ്റ്, കരിഷ്മ തുടങ്ങി ഓരോ ഓണക്കാലത്തി​​​െൻറയും ട്രെൻഡായ തുണിത്തരങ്ങൾ സൂക്ഷ്മപരിശോധന നടത്തി, വിലനോക്കാതെ ആത്മസംതൃപ്തിയോടെ വാങ്ങിത്തരുമ്പോഴും വീട്ടിലുടുക്കാൻ വേണ്ട വോയിൽ സാരികളാണ് അമ്മ ആർഭാടമായോ എന്ന തോന്നലിൽ വാങ്ങാറുള്ളത്.  

ഒരു കാലത്ത് ഞങ്ങളുടെ നാട്ടിലേക്ക് കുത്താമ്പുള്ളിയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ചെട്ടിയാർമാർ തലച്ചുമടായി (ചിലർ സൈക്കിളിൽ ) സാരിക്കെട്ടുമായി വരുമായിരുന്നു. അവരുടെ കൈയിലെ ഈടുള്ള, ഭംഗിയുള്ള പച്ച, കരിം ചുവപ്പ്, കരിനീല നിറത്തിലുള്ള വോയിൽ സാരികളായിരുന്നു അമ്മ ഉടുത്തിരുന്നത്. 

അവരുടെ കൈയിൽ സെലക്ഷൻ കുറവാകും വില കൂടുതലാണ് എന്നൊക്കെ പറയുന്ന ബന്ധുക്കളോട് എത്ര നാടുകൾ, എത്ര വീടുകൾ അലഞ്ഞിട്ടു വേണം ഇവർക്കു വല്ലതും കിട്ടാൻ എന്ന് പറയുന്ന അമ്മയുടെ നന്മക്ക് നൂറിൽ നൂറ് മാർക്കാണ്.  ആരു സമ്മാനിച്ച വസ്ത്രവും എന്തിനാ ഇപ്പോ ഇത് വാങ്ങിയത് എന്ന ചോദ്യത്തോടെ മാത്രമേ അമ്മ സ്വീകരിച്ചിട്ടുള്ളു. എന്തെല്ലാം കുറവുകളുണ്ടായാലും അമ്മയ്ക്കതെല്ലാം വീരാളിപ്പട്ടുകളാണ്. ഇത്തവണ ഓണക്കോടിയെടുക്കാൻ പോവുമ്പോഴും അമ്മ ഓടി വന്നു പറഞ്ഞു. ‘‘എനിക്കെടുക്കണ്ട, പിറന്നാളിനു നീ വാങ്ങിത്തന്ന സാരി ഞാനുടുത്തെട്ടേയില്ല...’’ 

അമ്മ അങ്ങിനെയാണ് പിറന്നാളാവുമ്പോൾ ഓണത്തിന് വാങ്ങിയ സാരി ഉടുത്തട്ടേയില്ല എന്നാവും പല്ലവി.... അതൊന്നും വിലപ്പോവില്ലാന്ന് തോന്നിയിട്ടാവും ഇത്തവണ ഒന്നുകൂടി  കൂട്ടിച്ചേർത്തു. ‘‘വെറുതെ അലമാരയിൽ വെക്കാൻ എന്തിനാ സാരി വാങ്ങിക്കൂട്ടുന്നത്. വേണമെങ്കിൽ മോന് ഒരു ജോടി കൂടി വാങ്ങിക്കോ...’’  മക്കളിൽ നിന്നും പേരക്കുട്ടികളിലേക്ക് നീളുന്ന വാത്സല്യത്തി​​​െൻറ ഓണനിലാവൊളിപ്പിച്ച ചിരിയോടെയാണ് അമ്മയത്​ പറഞ്ഞത്. മക്കൾ ഉടുത്തു  നിറയു​േമ്പാഴാണ്​  ഒാരോ അമ്മമാർക്കും ചന്തംവെയ്​ക്കുന്നത്​ എന്ന്​ അമ്മമാർക്കു മാത്രമേ അറിയൂ.

കല്യാണം കഴിഞ്ഞു ഭർത്താവി​​​െൻറ വീട്ടിലേക്ക്​ വരുമ്പോൾ ആരുമറിയാതെ പുതിയ വസ്ത്രങ്ങളുടെ ഇടയിലേക്ക് അമ്മയുടെ പഴയ ഒരു സാരി കൂടി ഞാൻ എടുത്തു വെച്ചിരുന്നു. അമ്മ അടുത്തുണ്ട്​ എന്നു ഉറപ്പിക്കാൻ അമ്മയുടെ മണമുള്ള ആ ചേല എനിക്കു വേണമായിരുന്നു. 
വാത്സല്യത്തി​​​െൻറ കഞ്ഞിപ്പശയുള്ള വോയിൽ സാരികളുടെ മണമാണ് ഇന്നും എ​​​െൻറ ഒാർമകളിലെ ഒാണത്തിന്​. അത്​ എ​​​െൻറ അമ്മയുടെ മണമാണ്​. 


 (ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് മലയാള വിഭാഗം അധ്യാപികയാണ്​ ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2017onam swpna
News Summary - onam swpna-onam 2017
Next Story