ഒാണത്തിന് അമ്മയുടെ മണമാണ്
text_fieldsഓണം എന്നോർത്താൽ അമ്മയാണ്. അത് കേവലം ഓർമ്മയല്ല, നിരന്തരം സർഗാത്മകമായി ജീവിപ്പിക്കുന്ന അനുഭവമാണ്.. ഏതൊരു ഗൃഹാതുര മലയാളിയെയും പോലെ കുട്ടിക്കാലത്തിെൻറ അങ്ങേയറ്റത്ത് ഓർമകൾ ഊഞ്ഞാലാടുന്നു.. ഓണം മലയാളിയുടെ ദേശീയാഘോഷമെന്ന പാഠപുസ്തക വരിയുടെ ജൈവികമായ അനുഭവം ഏറ്റവും സ്നേഹത്തോടെ അടയാളപ്പെടുത്തിയത് അമ്മയാണ്.
വരാൻ പോകുന്ന സുദിനത്തിന് വീട്ടിലുള്ളവരെ ഊട്ടുവാൻ മണ്ണും മനസും സജ്ജമാക്കുന്നത് അമ്മ തന്നെ ! ഓണപ്പാഠങ്ങളെല്ലാം ഒന്നാം തരം കൃഷിപാഠങ്ങളായിരുന്നു. ഓണം വിളവെടുപ്പ് ഉത്സവമാണെന്ന് വീട്ടിൽ നിന്നാണ് പഠിച്ചത്. മണ്ണ് കിളച്ച് അതില്‍ കരിയില കത്തിച്ച വെണ്ണീര്‍ അടിവളം ചേര്‍ത്തൊരുക്കുന്നതു മുതൽ അമ്മയുടെ കൂടെ കൂടും.ചീര, തക്കാളി തുടങ്ങിയ ചെറു വിത്തുകൾ വിതറുമ്പോൾ ഉറുമ്പു കൊണ്ടു പോകാതിരിക്കാൻ മഞ്ഞൾപ്പൊടി കലർത്തുന്ന ജോലിയാണ് ഞങ്ങൾ കുട്ടികൾക്ക്. എരിശേരിക്ക് വേണ്ട മത്തങ്ങയും ഓലന് വേണ്ട കുമ്പളങ്ങയും എത്ര മുന്നേ പറമ്പിൽ പടർത്തിയിട്ടുണ്ടാകും.. ആൺ പൂവിനെയും പെൺപൂവിനേയും കാണിച്ചു തന്ന് കണ്ണിൽ കൗതുകവും അറിയാതെ അറിവും നിറയ്ക്കും. വിരിയുന്ന ഓരോ പൂവും പോയി നോക്കി സന്തോഷം പറയാൻ അടുക്കളയിലേക്ക് ഓടുക! എത്ര കൗതുകമായിരുന്നു. നേന്ത്രവാഴയ്ക്കു താഴെ അടുക്കളയിൽ നിന്നു ബാക്കി വരുന്നവ കൊണ്ടിട്ട് ഓണത്തിന് കുല വെട്ടാനുള്ളതാണ് എന്ന് അമ്മ പറയുമ്പോൾ മാലിന്യമെങ്ങനെ ഉപയോഗപ്പെടുത്താമെന്നുള്ള പാഠമാണ്.
ഇടവം മുതൽ കർക്കടകം വരെ പെയ്ത മഴ മാറി വെയിലു വരുമ്പോൾ പൊന്നിൻ ചിങ്ങം സ്വർണ വെയിലും കൊണ്ടുവന്നല്ലോ എന്ന് അമ്മ സന്തോഷിക്കും. മുറ്റത്തും വേലിയിലും നിറയെ നാട്ടു പൂക്കളാകും. അത്തം പത്തോണമെങ്കിലും ഞങ്ങടെ വീട്ടിൽ ഉത്രാടത്തിനേ മുറ്റത്തു പൂക്കളമുള്ളൂ. ഉത്രാടംനാൾ അമ്മ അടുക്കളയിലേക്കുള്ള കാര്യങ്ങൾക്കുള്ള പാച്ചിലിലും ഞങ്ങൾ കുട്ടികൾ പൂവട്ടം വലുതാക്കാനുള്ള തിരിക്കിലുമാവും. പൂക്കളുടെ പേരൊക്കെയും അമ്മ പറഞ്ഞു തന്ന അറിവു തന്നെ!തുമ്പപ്പൂവ്, നന്ത്യാർവട്ടം, കാക്കപ്പൂവ്, അത്തപ്പൂവ്, കൊങ്ങിണി, കൃഷ്ണകിരീടം, വാടാമല്ലി, മുളകു ചെമ്പരത്തി, ചെത്തിപ്പൂവ്, മഞ്ഞക്കോളാമ്പി, മത്തപ്പൂവ്, കനകാംബരം ഇതൊക്കെയായിരുന്നു മുറ്റത്തിടുക. അടുക്കളത്തിരക്കിലും ഇടയ്ക്ക് മുറ്റത്ത് വന്ന് വട്ടം ശരിയാക്കാനൊക്കെ ചില നിർദ്ദേശങ്ങൾ തരും അമ്മ.
സ്റ്റീൽ കിണ്ണത്തിൽ നിന്ന് മാറി തൂശനിലയിൽ ഊണുകഴിക്കുന്ന ഒരേയൊരു ദിവസം ഓണമാണ്.. ഓണത്തിന് വീടിെൻറ മണം തന്നെ വേറെയാണ്.
ഉപ്പേരിപാത്രങ്ങൾ തുറക്കുന്ന, കടുക് വറുക്കുന്ന, പപ്പടം കാച്ചുന്ന, സാമ്പാർ തിളയ്ക്കുന്ന, പുളിയിഞ്ചി കുറുകുന്ന, വടുകപ്പുളി അച്ചാർ തുറക്കുന്ന..പതി വല്ലാത്ത മണങ്ങൾ.. ഹിന്ദുവെന്നോ നസ്രാണിയെന്നോ ഭേദമില്ലാതെ, ഒരു ചടങ്ങും ഭക്ഷണവും ചിട്ടവത്കരിക്കപ്പെടാതെ അങ്ങനെ ഭംഗിയായിപ്പോകും.. ഓണക്കോടിക്ക് പോലും ചിലപ്പോൾ അമ്മമണമാണ്. റെഡിമെയ്ഡുകൾ തരാതരം ഫാഷനിൽ കിട്ടാതിരുന്ന കാലത്ത് അമ്മയുടെ ഉടുത്ത പഴയ കല്യാണപുടവകൾ പാവാടകളായിട്ടുണ്ട്.
ഓണത്തിെൻറ അടുക്കള വെളിച്ചം എത്ര വൈകിയാണ് അണയുക! എല്ലാമൊതുക്കി ഏറെ വൈകി കിടക്കുന്ന നേരത്തും അമ്മയുടെ മുഖത്ത് കാണുന്ന തെളിച്ചത്തിലാണ്, സംതൃപ്തിയിലാണ് ഓണനിലാവ്...
ഇന്നത്തെ പോലെ ഓണത്തിെൻറ ടി.വി / മാർക്കറ്റിംഗ് തന്ത്ര / പൊലിപ്പുകൾക്ക് എത്രയോ കാലം മുമ്പ് കർക്കടകത്തിെൻറ വറുതിയിൽ ഒരോണ ദിവസമെങ്കിലും മക്കളെ ഊട്ടുവാൻ പാഞ്ഞു നടന്ന അനേകം അമ്മമാരേയും മുത്തശ്ശിമാരേയും ഓർത്തു പോകും. അച്ഛൻമാർ ഇതിൽ പങ്കാളിത്തം വഹിച്ചില്ല എന്നല്ല. കുഞ്ഞുങ്ങളെ / കുടുംബത്തെ ഊട്ടുക എന്ന പ്രഥമ കർത്തവ്യം അമ്മാരുടെ ഉത്തരവാദിത്തമായിരുന്നു എറിയകൂറും അന്നും ഇന്നും.
ഒരു ഉത്രാട പാച്ചിലായിരുന്നു ആ തലമുറയ്ക്ക് ഓരോ ദിവസവും.
വിപണി സംസ്കാരത്തിന്റെ വരവോടെ, വല്ലതും നട്ട് വിളയിച്ച് ഓണമുണ്ണുക എന്നതിൽ നിന്ന് ഓണത്തലേന്ന് എല്ലാം ഓടി മേടിക്കുക എന്ന എളുപ്പ പണിയിലേക്ക് നമ്മൾ എത്തിച്ചേർന്നു.
ഓണ സിനിമ / പ്രോ ഗ്രാം / ഡിസ്കൗണ്ട് / ബംമ്പർ തുടങ്ങിയ മാർക്കറ്റിംഗ് തന്ത്രങ്ങളുടെ മായിക ലോകത്താണ് നമ്മുടെ ഒാണക്കിനാവുകൾ പുലരുന്നത്.
രാവിലെ മുതൽ ടി.വിക്കു മുന്നിൽ ചടഞ്ഞിരിക്കാനും ഓണ ഗൃഹാതുരതകളിൽ മുഴുകാനും നമ്മൾ ശ്രമിക്കുന്നു. ചിങ്ങവെയിലിനേയും ചിങ്ങനിലാവിനേയും പുറത്ത് നിർത്തി ടി.വി തരുന്ന കേവല ഓണമോർമ്മകളിൽ മുഴുകി നാലഞ്ച് ദിനങ്ങൾ വീട്ടിൽനിന്നു പുറത്തിറങ്ങാതെ ജീവിക്കുന്ന ഒത്തിരി മനുഷ്യരുണ്ട് ഇന്ന്.
മലയാളികളെ മത /ജാതിഭേദമെന്ന ഒരുമിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കാതിരുന്ന ഒരു കാലത്ത് തികച്ചും സ്വാഭാവികമായ ഉൾപ്രേരണയോടെ അമ്മമാർ ഒരുക്കിയ ഓണക്കാലത്തിൽ ഓണത്തപ്പനേക്കാൾ ഓർമ ഓണത്തമ്മമാരെത്തന്നെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
