ആദ്യദിനം ഓണക്കിറ്റ് വിതരണം ആറ് ജില്ലകളിൽ മാത്രം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യദിനം സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തത് ആറ് ജില്ലകളിൽ മാത്രം. സാധനങ്ങൾ തികയാത്തതും പാക്കിങ് പൂർത്തിയാകാത്തതുമാണ് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. വ്യാഴാഴ്ച വിതരണം ചെയ്ത കിറ്റുകളിൽ 911 എണ്ണവും നൽകിയത് തിരുവനന്തപുരം ജില്ലയിലെ റേഷൻ കടകളിലാണ്.
പാലക്കാട് -54, ആലപ്പുഴ -51, മലപ്പുറം -11, കോട്ടയം -മൂന്ന് എന്നിങ്ങനെയും കൊല്ലം ജില്ലയിൽ ഒരു കിറ്റും വിതരണം ചെയ്തതായാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കണക്ക്. മിൽമയുടെ ഉൽപന്നങ്ങളും കാഷ്യൂ കോർപറേഷനിൽനിന്ന് കശുവണ്ടിപ്പരിപ്പും ലഭിക്കാത്തതിനാലാണ് വിതരണം ഭാഗികമായി നടന്നതെന്നും വെള്ളിയാഴ്ച മുതൽ എല്ലാ ജില്ലകളിലെയും റേഷൻ കടകൾ വഴി പൂർണതോതിൽ വിതരണം നടക്കുമെന്നും വ്യക്തമാക്കി. 28 വരെയാണ് മഞ്ഞ കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം.
സംസ്ഥാനത്ത് 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകളാണുള്ളത്. 19ന് ആരംഭിച്ച ഓണച്ചന്തകൾ വഴി അഞ്ചുദിവസം കൊണ്ട് മൂന്ന് കോടി രൂപയുടെ വിൽപന നടന്നതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 12 ദിവസം നീണ്ട ഓണച്ചന്തകളിലൂടെ നടന്നത് 2,50,65,985 കോടി രൂപയുടെ വിൽപനയായിരുന്നെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

