ഒമിക്രോൺ: കേരളവും ജാഗ്രത കടുപ്പിക്കുന്നു
text_fieldsതിരുവനന്തപുരം: ഒമിക്രോൺ കേസുകൾ പ്രതിദിനം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും ജാഗ്രത കടുപ്പിക്കുന്നു. കോവിഡ് സാഹചര്യം പരിഗണിച്ച് ജനുവരി രണ്ടുവരെ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണം കൂടുതൽ ദിവസത്തേക്ക് നീട്ടുന്നകാര്യം പരിഗണനയിലാണ്. എന്നാൽ, രാത്രി പത്തിന് ശേഷമുള്ള നിയന്ത്രണംകൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്നാണ് പൊതു വിലയിരുത്തൽ. പകൽനേരങ്ങളിലെ കൂടിച്ചേരലുകൾ ഒഴിവാക്കുകയും അവിടെ ജാഗ്രത കൂട്ടണമെന്നുമാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് ഡൽഹിക്ക് പുറമെ ഏഴ് സംസ്ഥാനങ്ങളിൽ ജാഗ്രത കൂട്ടണമെന്ന നിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്. അതിെൻറ തുടർച്ചയായാണ് കേരളവും മുൻകരുതൽ നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാനത്ത് ഹൈറിസ്ക് രാജ്യങ്ങളില്‍നിന്ന് വന്ന 30 പേര്‍ക്കും ലോറിസ്ക് രാജ്യങ്ങളില്‍നിന്ന് വന്ന 25 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. എട്ടുപേരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
അതി വ്യാപനശേഷി ഒമിക്രോണിന് ഉണ്ടെങ്കിലും രോഗം ഗുരുതരമാകുന്ന സ്ഥിതി കുറവെന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ, കോവിഡിെൻറ ഡെൽറ്റ വകഭേദംകൂടി നിലനിൽക്കുന്നതിനാൽ ജാഗ്രതക്കുറവ് പാടില്ലെന്ന് ഡോക്ടർമാർ പറയുന്നു. പത്ത് ദിവസം കൂടി നിലവിലെ സാഹചര്യം വിലയിരുത്തിയശേഷം നിയന്ത്രണങ്ങൾ എപ്രകാരം വേണമെന്നത് ആലോചിക്കുന്നതാകും ഗുണകരമെന്ന് ആരോഗ്യവിദഗ്ധൻ ഡോ. എൻ.എം. അരുൺ ചൂണ്ടിക്കാട്ടി. രാത്രികാല നിയന്ത്രണം കുടുതൽനാൾ തുടരുന്നതിൽ കാര്യമില്ല. ആൾക്കൂട്ടം കുറക്കുകയാണ് ശരിയായ രോഗ പ്രതിരോധമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, കേരളത്തിലെ കോവിഡ് കണക്കുകളിൽ കാര്യമായ കുറവ് ഇനിയും ഉണ്ടായിട്ടില്ല. കോവിഡ് പരിശോധനകൾ കഴിഞ്ഞ കുറേനാളുകളായി അരലക്ഷത്തോളവും അതിന് താഴെയുമാണ്. ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ പ്രതിദിന പരിശോധന കൂട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ മാറ്റില്ല –മന്ത്രി
തിരുവനന്തപുരം: ഒമിക്രോൺ ഭീതിയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂൾ പൊതുപരീക്ഷകൾ മാറ്റാൻ ആലോചനയില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആരോഗ്യവകുപ്പുമായി ആലോചിച്ചാണ് പരീക്ഷ തീയതി തീരുമാനിച്ചത്. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയും രണ്ടാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും നടത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

