അടുത്ത വര്‍ഷം കോഴിക്കോട് വയോജന സൗഹൃദ ജില്ലയാകും
text_fieldsകോഴിക്കോട്: അടുത്ത കൊല്ലംതന്നെ കോഴിക്കോട് വയോജന സൗഹൃദ ജില്ലയാക്കാനുള്ള പ്രവര്‍ത്തനം ശക്തമാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി അറിയിച്ചു. ശനിയാഴ്ച സംഘടിപ്പിച്ച ലോക വയോജന ദിനാഘോഷ പരിപാടികളെപറ്റി വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സുരക്ഷാ മിഷന്‍ വയോജനങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ പലതും നഗരപ്രദേശങ്ങളില്‍ ഒതുങ്ങിപ്പോവുന്നു. ഇത് ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പാക്കും. ജില്ല, ബ്ളോക്, ഗ്രാമ പഞ്ചായത്തുകള്‍ ചേര്‍ന്ന് സാമ്പത്തിക വര്‍ഷംതന്നെ പദ്ധതികളുണ്ടാക്കാനാണ് തീരുമാനം.
ജില്ലാ-താലൂക്ക് ആശുപത്രികളില്‍ വയോജന വാര്‍ഡുകളുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന് നടപടിയെടുക്കും. കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസിലും യാത്ര വയോജന സൗഹൃദമാക്കാനും വില്ളേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, മറ്റ് പൊതുവായ സര്‍ക്കാര്‍ ഓഫിസ് എന്നിവിടങ്ങളില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കാനും നടപടിയുണ്ടാകും. വയോജനങ്ങള്‍ക്ക് ആശുപത്രിയില്‍ പോവാന്‍ സൗജന്യ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും.
ജില്ല മുഴുവന്‍ വയോജനങ്ങള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിക്കും. ‘വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം’ എന്ന പേരില്‍ വയോജനങ്ങള്‍ക്ക് ഊര്‍ജം പകരാനുള്ള പദ്ധതികള്‍ ഒക്ടോബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി നടക്കും. ഇതിന്‍െറ ഭാഗമായി കോഴിക്കോട്ടെ ദിനാചരണം മാനാഞ്ചിറ ബി.ഇ.എം സ്കൂളില്‍ രാവിലെ ഒമ്പതു മുതല്‍ അഞ്ച് വരെ നടക്കും.
മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിഭവസമൃദ്ധമായ സദ്യ, സൗജന്യ നേത്രപരിശോധന, തിമിര-പ്രമേഹ നിര്‍ണയ ക്യാമ്പ്, മുതിര്‍ന്നവരെ ആദരിക്കല്‍, കലാപരിപാടികള്‍, മുത്തശ്ശിക്കഥ പറച്ചില്‍ തുടങ്ങിയവയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
