വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം: അന്തർസംസ്ഥാന തൊഴിലാളി ചെന്നൈയിൽ അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട മനോരമ, പ്രതിയെന്ന് സംശയിക്കുന്ന ആദം അലി
തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ആദം അലിയെയാണ് (21) ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് തിങ്കളാഴ്ച ഉച്ചയോടെ റെയിൽവേ പൊലീസ് പിടികൂടിയത്. കൊലപാതകശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഞായറാഴ്ച വൈകീട്ട് ചെന്നൈ എക്സ്പ്രസിൽ ചെന്നൈയിലേക്ക് പോയ ആദം ആലിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ കേരള പൊലീസിന് ലഭിച്ചു. ഇയാളുടെ ഫോട്ടോ അടക്കം വിവരങ്ങൾ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാർ തിങ്കളാഴ്ച രാവിലെ ചെന്നൈ പൊലീസിന് കൈമാറി.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് മറ്റൊരു ട്രെയിനിൽ കൊൽക്കത്തയിലേക്ക് പോകാൻ ശ്രമിക്കവെ ഉച്ചക്ക് രണ്ടോടെ ആർ.പി.എഫിന്റെ വലയിലായത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ മെഡിക്കൽ കോളജ് സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ചെന്നൈയിലേക്ക് തിരിച്ചു.
കേശവദാസപുരം മോസ്ക് ലെയിൻ രക്ഷാപുരി റോഡ് മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമയെയാണ് (68) ഞായറാഴ്ച രാത്രി സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജുക്കേഷനിൽനിന്ന് വിരമിച്ചവരാണ്. വർക്കലയിലെ മകളെ കാണാൻ ദിനരാജ് പോയപ്പോഴായിരുന്നു കൊലപാതകം. മോഷണശ്രമമാണ് കൊലപാതക കാരണമെന്ന് പൊലീസ് കരുതുന്നു. മനോരമയുടെ ശരീരത്തിലുണ്ടായിരുന്ന ഏഴ് പവൻ നഷ്ടമായതായാണ് വിവരം.
അന്വേഷണത്തിൽ സമീപം നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ജോലിചെയ്തിരുന്ന ബംഗാള്‍ സ്വദേശിയെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതോടെയാണ് ആദം ആലിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേരെ പൊലീസ് ചോദ്യം ചെയ്തതിൽനിന്ന് കൂടുതൽ വിവരം ലഭിച്ചു. തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വിയിൽനിന്ന് ഞായറാഴ്ച ഉച്ചക്ക് ആദം അലി മനോരമയുടെ മൃതദേഹം കല്ല് കെട്ടി കിണറ്റിൽ താഴ്ത്തുന്ന ദൃശ്യം ലഭിച്ചു.
ദൃശ്യത്തിൽ ഇയാൾ ഒറ്റക്കാണ് കൃത്യം ചെയ്യുന്നത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വൈകീട്ട് 4.15ന് ഇയാൾ റെയിൽവേ സ്റ്റേഷനിലെത്തിയ വിവരം ലഭിച്ചു. 5.15ലെ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. മനോരമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.
അയൽവീട്ടിലെ സ്ത്രീയെ തല്ലി, ഇനി ഇവിടെ നിൽക്കുന്നില്ല...
തിരുവനന്തപുരം: വെള്ളം എടുക്കുന്നതിനെ ചൊല്ലി മനോരമയുമായി വഴക്കിട്ടതായും ദേഷ്യംവന്ന് താൻ ആ സ്ത്രീയെ തല്ലിയെന്നും ആദം ആലി പറഞ്ഞതായി കൂടെ താമസിച്ചവർ പൊലീസിന് മൊഴി നൽകി. സംഭവം പ്രശ്നമാകുമെന്നതിനാൽ ഇനി താനിവിടെ നിൽക്കുന്നില്ലെന്ന് പറഞ്ഞാണ് ഞായറാഴ്ച ഉച്ചക്ക് മൂന്നോടെ സ്ഥലംവിട്ടത്. പബ്ജി ഗെയിമിൽ തൽപരനായിരുന്ന ആദം രണ്ട് ദിവസം മുമ്പ് കളിയിൽ പരാജയപ്പെട്ടതിനെതുടർന്ന് ഫോൺ എറിഞ്ഞ് തകർത്തിരുന്നു. ഫോൺ തകരാറിലായതോടെ സിം ഊരി മാറ്റി. എന്നാൽ, പോകുന്നതിനിടയിൽ സിം എടുക്കാൻ മറന്നു.
ഉള്ളൂരിലെത്തിയ ഇയാൾ യാത്രക്കാരിൽ ഒരാളുടെ മൊബൈൽ ഫോണിൽനിന്ന് ഒപ്പമുണ്ടായിരുന്നവരെ വിളിച്ചു. സിം എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് ഉള്ളൂരിലെത്തിക്കും മുമ്പ് ആദം സ്ഥലംവിട്ടെന്ന് ഒപ്പമുള്ളവർ മൊഴി നൽകി. അടുത്ത വീട്ടിലെ ജോലിക്കായി മാസങ്ങൾക്ക് മുമ്പാണ് ആദം അലിയും സംഘവും കേരളത്തിലെത്തിയത്.
മനോരമയുടെ വീട്ടിൽനിന്നായിരുന്നു ഇവർ വെള്ളമെടുത്തിരുന്നത്. ഈ സ്വാതന്ത്ര്യം മുതലെടുത്താണ് ഞായറാഴ്ച ഉച്ചയോടെ മനോരമയെ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

