നിങ്ങളുടെ പഴയ ഫോണിൽ സ്വർണമുണ്ട്!; വെറുതെ കളയരുത്, വാങ്ങാനാളുണ്ട്...
text_fieldsകോഴിക്കോട്: നമ്മുടെ അലമാരകളിലും മേശവലിപ്പുകളിലും ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുന്ന പഴയ ആൻഡ്രോയ്ഡ് ഫോണുകൾ വെറുമൊരു പാഴ്‌വസ്തുവല്ല, മറിച്ച് വീട്ടിലെ കൊച്ചു 'സ്വർണഖനികളാണ്'. ആധുനിക ഇലക്ട്രോണിക്സ് ഉൽപന്നങ്ങളിൽ വലിയ അളവിൽ ലോഹങ്ങൾ ഇല്ലെങ്കിലും, വിലയേറിയ നിരവധി വസ്തുക്കൾ അവയിൽ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത്തരം മൊബൈലുകൾ വിൽക്കാനുണ്ടോ എന്ന് ചോദിച്ച് പല 'ഭായി'മാരും നാട്ടിൻപുറങ്ങളിൽ എത്തുന്നുണ്ട്. ഇങ്ങനെയൊരു കാഴ്ച മുതിർന്ന മാധ്യമപ്രവർത്തകനായ എം. ഫിറോസ്ഖാൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 500 രൂപക്ക് എടുക്കുന്ന ഫോണുകൾ ഇവർ കൂട്ടത്തോടെ കമ്പനിയിലേക്ക് അയച്ചുകൊടുക്കുകയാണെന്ന് പറയുന്നു. രാസപ്രക്രിയയിലൂടെ ഇതിലെ വിലപിടിപ്പുള്ള ലോഹങ്ങൾ വേർതിരിച്ചെടുക്കും. അതിനുള്ള കമീഷനാണ് തങ്ങൾക്ക് ലഭിക്കുകയെന്ന് 'ഭായി'മാർ സാക്ഷ്യപ്പെടുത്തുന്നു.
ഫോണിൽ ശരിക്കും സ്വർണമുണ്ടോ?
ഉണ്ട് എന്നതാണ് ശാസ്ത്രീയ സത്യം. വൈദ്യുതി നന്നായി കടത്തിവിടുന്നതിനും തുരുമ്പെടുക്കാതിരിക്കുന്നതിനും മൈക്രോചിപ്പുകളുടെ പിൻ കണക്ടറുകളിലും മദർബോർഡിലെ അതിസൂക്ഷ്മ സർക്യൂട്ടുകളിലും സ്വർണം ഉപയോഗിക്കുന്നുണ്ട്. ഒരു സാധാരണ സ്മാർട്ട്‌ഫോണിൽ ഏകദേശം ഏഴു മുതൽ 34 മില്ലിഗ്രാം വരെ ശുദ്ധമായ സ്വർണമുണ്ട്. സ്വർണത്തിന് പുറമെ ഏകദേശം 0.34 ഗ്രാം വെള്ളി, 0.015 ഗ്രാം പലേഡിയം, ഗണ്യമായ അളവിൽ ചെമ്പ് (10 മുതൽ 15 ഗ്രാം വരെ) എന്നിവയും പ്ലാറ്റിനം പോലുള്ള മറ്റ് അപൂർവ ലോഹങ്ങളും ഓരോ ഫോണിന്റെയും സർക്യൂട്ട് ബോർഡിലും ചിപ്പുകളിലുമുണ്ട്. ഐഫോണുകൾ ഉൾപ്പെടെയുള്ളവയിലും ഈ ലോഹങ്ങളുണ്ടെങ്കിലും, ആപ്പിളിന്റെ കർശനമായ സുരക്ഷാ സംവിധാനങ്ങൾ കാരണം ഇവയുടെ ഘടകങ്ങൾ രണ്ടാമത് ഉപയോഗിക്കുന്നത് പലപ്പോഴും വെല്ലുവിളിയാകാറുണ്ട്.
ഖനികളേക്കാൾ സ്വർണമുള്ള ‘ഇ-വേസ്റ്റ്’
പരമ്പരാഗത സ്വർണഖനികളേക്കാൾ സാന്ദ്രതയേറിയ സ്വർണശേഖരമാണ് ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ളത്. ഭൂമിയിൽനിന്ന് ഒരു ടൺ സ്വർണ അയിര് ഖനനം ചെയ്തെടുത്താൽ ശരാശരി ഒന്നു മുതൽ അഞ്ചു ഗ്രാം വരെ മാത്രമാണ് സ്വർണം ലഭിക്കുന്നത്. എന്നാൽ, ഒരു ടൺ സ്മാർട്ട്‌ഫോൺ സർക്യൂട്ട് ബോർഡുകൾ ശാസ്ത്രീയമായി റീസൈക്കിൾ ചെയ്താൽ 200 മുതൽ 300 ഗ്രാം വരെ ശുദ്ധമായ സ്വർണം വേർതിരിച്ചെടുക്കാൻ സാധിക്കും. അതായത്, ഭൂമി തുരക്കുന്നതിനേക്കാൾ 40 മുതൽ 50 മടങ്ങ് വരെ കൂടുതൽ സ്വർണസാന്ദ്രത ഈ മാലിന്യക്കൂമ്പാരങ്ങളിലുണ്ട്. ഭൂമിക്കടിയിലെ പാറകളിൽനിന്ന് ലോഹങ്ങൾ ഖനനം ചെയ്തെടുക്കുന്നതിനു പകരം വലിച്ചെറിയുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്ന് ഇവ വീണ്ടെടുക്കുന്നതിനെയാണ് അർബൻ മൈനിങ് എന്ന് വിളിക്കുന്നത്.
റീസൈക്ലിങ്ങിലെ വെല്ലുവിളികളും ചെയ്യേണ്ടതും
ഔദ്യോഗിക റീസൈക്ലിങ് സംവിധാനങ്ങളിലേക്ക് പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ എത്തിക്കുക എന്നതാണ് ഇന്നത്തെ പ്രധാന വെല്ലുവിളി. 2022ൽ ലോകത്ത് 6.2 കോടി ടൺ ഇ-മാലിന്യമാണ് ഉണ്ടായതെന്ന് യുഎൻ ഗ്ലോബൽ ഇ-വേസ്റ്റ് മോണിറ്റർ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 22 ശതമാനം മാത്രമാണ് റീസൈക്ലിങ് ചെയ്തത്.
ഒരു പഴയ ഫോൺ വലിച്ചെറിയുന്നതിനു മുൻപ് അത് റിപ്പയർ ചെയ്ത് വീണ്ടും ഉപയോഗിക്കാൻ കഴിയുമോ എന്ന് നോക്കുന്നത് നല്ലതാണ്. വിൽക്കാനോ എക്സ്ചേഞ്ച് ചെയ്യാനോ അല്ലെങ്കിൽ അംഗീകൃത ഇ-വേസ്റ്റ് റീസൈക്ലർക്ക് നൽകാനോ സാധിക്കുമോ എന്നും പരിശോധിക്കാവുന്നതാണ്. ഉപകരണങ്ങളുടെ ഉപയോഗാവധി കഴിയുമ്പോൾ അവ റീസൈക്ലിങ് ചെയ്യുന്നതിലൂടെ വിലയേറിയ വസ്തുക്കൾ വീണ്ടെടുക്കാനും അതുവഴി പരിസ്ഥിതിയെ സംരക്ഷിക്കാനും സാധിക്കും.

