3.2 കോടിയുടെ അസാധു നോട്ടുകളുമായി അഞ്ചംഗ സംഘം പിടിയില്‍
text_fieldsപെരിന്തല്‍മണ്ണ: 3,22,27,500 രൂപയുടെ അസാധു നോട്ടുകളുമായി അഞ്ചംഗ സംഘം പിടിയിലായി. വാഹന പരിശോധനക്കിടെയാണ് 1000, 500 രൂപയുടെ കറൻസികളുമായി സംഘം പിടിയിലായത്. കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശി ഒതിയാത്ത് ഷംസുദ്ദീന് (42), മലപ്പുറം കൊളത്തൂര്‍ കുറുപ്പത്താല്‍ പൂവാലപ്പടി മുഹമ്മദ് ഇര്‍ഷാദ് (22), കുന്നിന്‍പുറത്ത് മുഹമ്മദ് നജീബ് (26), കോഴിക്കോട് പുതിയങ്ങാടി ചന്ദ്രാലയം റിജു (37), കോഴിക്കോട് പുതിയകര ഹാഷിം (32) എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറം ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്. കറന്‍സി കടത്താനുപയോഗിച്ച ഡല്‍ഹി രജിസ്ട്രേഷനിലുള്ള ആഡംബര കാറും കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ തറയില്‍ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ശനിയാഴ്ച വൈകീട്ട് 7.30നാണ് സംഘം പൊലീസ് വലയിലായത്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് കടത്തുകയായിരുന്നു നോട്ടുകൾ.
നിരോധിച്ച നോട്ടുകള്‍ തിരിച്ചടക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ദിവസങ്ങൾ ബാക്കി നില്‍ക്കെയാണ് ഇത്ര വലിയ സംഖ്യ പിടികൂടുന്നത്. നിരോധിത നോട്ടുകളുടെ വിപണനത്തിനായി സംഘം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം നേരേത്ത പൊലീസിന് ലഭിച്ചിരുന്നു. സൈബര്‍ സെല്ലിെൻറയും മറ്റും നിരീക്ഷണത്തില്‍ ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇടനിലക്കാർ ചമഞ്ഞ് നടത്തിയ ഒാപറേഷനിലാണ് സംഘം വലയിലായത്. സംഘത്തിെൻറ തമിഴ്നാട്, കര്‍ണാടക ബന്ധം, ഹവാല ഇടപാടുകൾ, നിരോധിത നോട്ടുകളുടെ ശേഖരണം തുടങ്ങിയവ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ എ.എസ്.പി സുജിത്ത് ദാസ്, ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
