മധ്യവയസ്കൻ റോഡിൽ രക്തം വാർന്ന് മരിച്ചനിലയിൽ
text_fieldsശശി
അലക്കോട്: മധ്യവയസ്കനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയഗിരി മുതുശ്ശേരിയിലെ പുലിക്കരി ശശി (50)യെ ആണ് പരപ്പ ഓമശ്ശേരി റോഡിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. തിങ്കളാഴ്ച പുലർച റബ്ബർ ടാപ്പിങ്ങിനു പോയവരാണ് മൃതദേഹം കണ്ടത്.
തലയ്ക്കു പിന്നിൽ മുറിവേറ്റ് റോഡിൽ രക്തം തളം കെട്ടി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. പിടിവലി നടന്നതിന്‍റെ ലക്ഷണമായി റോഡിൽ മുടിയിഴകളും മറ്റും വീണ് കിടപ്പുണ്ട്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ആലക്കോട് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി ശശിയുടെ തറവാട് വീട്ടിൽ വെച്ച് കപ്പ വാട്ടൽ നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത് രാത്രി 10.30 ഓടെ തിരിച്ചു പോയതായിരുന്നു. തറവാട്ടിൽ ആയതിനാൽ ശശിയെ കുറിച്ച് വീട്ടുകാരും, വീട്ടിൽ എത്തിയിരിക്കും എന്ന നിഗമനത്തിൽ തറവാട്ടിൽ ഉള്ളവരും അന്വേഷിച്ചില്ല. തുടർന്ന് രാവിലെ മൃതദേഹം കണ്ടപ്പോഴാണ് വിവരം അറിയുന്നത്.
ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.ഇ പ്രേമചന്ദ്രൻ ആണ് കേസന്വേഷിക്കുന്നത്.

