കുട്ടനാട്: ആരോരും തുണയില്ലാത്ത ദരിദ്ര കുടുംബത്തിലെ വയോധിക െവള്ളക്കെട്ടിനിടെ ഭക്ഷണവും പരിചരണവുമില്ലാതെ മരിച്ചു. എടത്വ പഞ്ചായത്ത് ഒമ്പതാം വാർഡ് പാണ്ടങ്കരി തട്ടാരുപറമ്പിൽ പരേതനായ ഗോപിയുടെ ഭാര്യ സരോജിനിയമ്മയാണ് (72) മരിച്ചത്. വെള്ളക്കെട്ടിലായ വീട്ടുമുറ്റത്ത് നാട്ടുകാരുടെ സഹായത്തോടെ ഞായറാഴ്ച ചിതയൊരുങ്ങും. ശനിയാഴ്ച ഉച്ചയോടെ സരോജിനിയമ്മ മരിക്കുമ്പോൾ ശരീരം ഉറുമ്പരിച്ച നിലയിലായിരുന്നു. രണ്ടുവർഷമായി കിടപ്പ് രോഗിയായ സരോജിനിയുടെ കൂടെ താമസിക്കുന്ന മകൾ കോമളം മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലാണ്.

രണ്ടുവർഷം മുമ്പ് ഗോപി മരിച്ചു. പ്രമേഹ ബാധയെത്തുടർന്ന് കാൽ മുറിച്ചുമാറ്റിയ ഏക മകൻ ശിവനും മരിച്ചു. കോഴഞ്ചേരിയിലേക്ക് വിവാഹം ചെയ്ത് അയച്ച മറ്റൊരു മകളായ പ്രസീതയുടെ ഭർത്താവിെൻറ മരണത്തെത്തുടർന്ന് സരോജിനിയമ്മയുടെ കുടുംബത്തിലെ ഏക ആശ്രയവും അറ്റിരുന്നു. പ്രദേശവാസികളും പ്രസീതയും വല്ലപ്പോഴും എത്തിച്ചുനൽകുന്ന ഭക്ഷണം കഴിച്ചാണ് വിശപ്പടക്കിയിരുന്നത്.
സാമ്പത്തിക ബുദ്ധിമുട്ട് മൂലം കോമളത്തിെൻറ ചികിത്സയും മുടങ്ങി. ആരോരും തുണയില്ലാത്ത കുടുംബത്തിെൻറ ദുരിതം അധികാരികൾ മറന്നതാണ് വയോധികയുടെ ദാരുണ അന്ത്യത്തിന് കാരണമായത്. വീടിന് ചുറ്റും വെള്ളക്കെട്ടായതിനാൽ മൃതദേഹം സംസ്കരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം എടത്വയിെല മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ പത്തിന് പറമ്പിൽ സിമൻറ് ഇഷ്ടിക അടുക്കിവെച്ച് അതിന് മുകളിൽ സംസ്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.