134 മത്സ്യത്തൊഴിലാളികൾ കൂടി രക്ഷപ്പെട്ടു
text_fieldsകൊച്ചി/മട്ടാഞ്ചേരി: ഒാഖി ചുഴലിക്കാറ്റിനെ തുടർന്ന് കടൽക്ഷോഭത്തിൽ അകപ്പെട്ട 134 മത്സ്യത്തൊഴിലാളികൾകൂടി രക്ഷപ്പെട്ടു. ഇവരിൽ 93 പേരെ തിങ്കളാഴ്ച കൊച്ചിയിൽ എത്തിച്ചു. 20 പേരെ ലക്ഷദ്വീപിൽനിന്ന് നാവികസേനയാണ് രക്ഷപ്പെടുത്തിയത്. കൊച്ചിയിൽനിന്ന് പോയി കാണാതായ 115 ബോട്ടുകളിൽ ഏഴു ബോട്ടും അതിലുണ്ടായിരുന്ന 82 മത്സ്യത്തൊഴിലാളികളും കൊച്ചി ഫിഷറീസ് ഹാർബറിൽ തിരിച്ചെത്തി.
കൊച്ചിയിൽനിന്ന് പോയ 32 മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിലെ ബിത്ര തീരത്തും എത്തി. ആരോഗ്യമാത, ഫാത്തിമമാത, സജിത സജിത്ത്, സെൻറ് ആൻറൺസ് എന്നീ ബോട്ടുകളിൽ പോയ തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ മുത്തപ്പൻ (45), റൊണാള്‍ഡ് റോസ് (40), ജാൻറോസ് (35), ജോണ്സൺ (38), ചേവര സ്വദേശി വര്‍ഗീസ് (39), വിഴിഞ്ഞം സ്വദേശികളായ ആൻറണി (45), ബാബു (40), ജോസ് (33), സഹായം (34), വള്ളക്കടവ് സ്വദേശികളായ ബൈജു (40), പോള്‍ (48) എന്നിവരെയാണ് നാവികസേന രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചത്.
15 ദിവസം മുമ്പ് കൊച്ചിയിൽനിന്ന് പോയി കാണാതായ ‘െഎലൻഡ് ക്വീൻ’ എന്ന ബോട്ട് നാവികസേന കവരത്തിയിൽ കണ്ടെത്തി. ഇതിലുണ്ടായിരുന്ന ഒമ്പതു മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. നാഗപട്ടണം സ്വദേശികളായ പാർഥിപൻ (28), കലൈ ചന്ദ്രൻ (25), അനിൽ (23), ജോൺ ജയ്ശീലൻ (29), കന്യാകുമാരി സ്വദേശികളായ ആഷിം (23), സേവ്യർ (35), ജയൻ രാജു (36), വിജയനാഥൻ (28), മായവൻ (28) എന്നിവരെയാണ് രക്ഷിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവർ സ്വന്തം ബോട്ടിൽ കരയിൽ എത്താമെന്നാണ് അറിയിച്ചിരിക്കുന്നത്. ആവേ മരിയ, അമ്മ മരിയ, സാംസൺ, ശ്രീമുരുകൻ, കാർമൽ മാത, ബറാക്ക്, മാത എന്നീ ബോട്ടുകളാണ് 82 തൊഴിലാളികളുമായി ഹാർബറിലെത്തിയത്. ഇവ തൂത്തൂർ സ്വദേശികളുടേതാണ്.
മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശി ഹസൈനാർ (55), തമിഴ്നാട് സ്വദേശികളായ മെൽക്കിയാസ് (56), രാജു (54), ബോബൻ (27), ആൻറണി (52), സുധൻ (42), ജിൻസൻ മിരാൻഡ (24), അമലാദാസ് (55), മിൽക്കിയാസ് (45), സാജു (40), രാജൻ (21) എന്നിവരാണ് കാർമൽ മാതാ ബോട്ടിലെ തൊഴിലാളികൾ. ചുഴലിക്കാറ്റിനുമുമ്പ് കൊച്ചിയിൽനിന്ന് മീൻപിടിക്കാൻ പോയതാണ് ഇവർ. തങ്ങൾക്ക് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും ഇവർ പറഞ്ഞു. ഇതിനിടെ, കൊച്ചിയിൽനിന്ന് പോയ 13 ബോട്ടുകൾ ലക്ഷദ്വീപിലും മാതാ എന്ന ബോട്ട് ഗോവയിലും എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ദുരന്തത്തിൽ മരിച്ച സുബിനോടുള്ള ആദരസൂചകമായി കൊച്ചി ഫിഷറീസ് ഹാർബറിൽ ചൊവ്വാഴ്ച കച്ചവടം നിർത്തിവെക്കുമെന്ന് ലോങ് ലൈൻ ബോട്ട് ആൻഡ് ഗില്ലറ്റ് ബയിങ് ഏജൻറ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
