211 ബോട്ടുകൾ നടുക്കടലിൽ; ആശങ്കയോടെ ആശ്രിതർ
text_fieldsകൊച്ചി: കൊച്ചിയിൽനിന്ന് പോയ 211 ഗിൽനെറ്റ് ബോട്ടുകളിലുള്ളവരെക്കുറിച്ച് ആശങ്കയോടെ ബന്ധുക്കൾ. എല്ലാവരും തമിഴ്നാട്ടിൽനിന്നുള്ളവയാണ്. ഒരുഗിൽനെറ്റ് ബോട്ടിൽ ഏഴ് തൊഴിലാളികൾ വരെയാണ് ഉണ്ടാകാറ്. 40 മുതൽ 45 വരെ ദിവസങ്ങളിൽ ആഴക്കടലിൽ കഴിയും. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങൾ വരെയും മത്സ്യബന്ധനത്തിന് പോകാറുണ്ട്. ചിലപ്പോൾ ഒമാൻ തീരം, ഡീേഗാ ഗാർഷ്യ എന്നിവിടങ്ങളിലും എത്താമെന്ന് മുമ്പ് ഇൗ പ്രദേശങ്ങളിൽ പോയ മത്സ്യത്തൊഴിലാളികൾ പറയുന്നു. ബോട്ടുകൾ ഇൗ മേഖലയിൽ ആണെങ്കിൽ അപകടത്തിൽപെടാൻ സാധ്യതയില്ല.
എന്നാൽ, വിവരം അറിയാതെ മടങ്ങിവരുംവഴി അപകടത്തിനുള്ള സാധ്യതയാണ് ബന്ധുക്കെള ആശങ്കയിലാക്കുന്നത്. തീരത്തേക്കുള്ള മടക്കയാത്രയിൽ രണ്ടുദിവസം മുമ്പ് മാത്രമാണ് ഇവർക്ക് കരയുമായി ബന്ധപ്പെടാൻ കഴിയുന്നത്. ഫോർട്ട്കൊച്ചി മാത്രമല്ല, മറ്റുതുറമുഖങ്ങളെയും ചരക്ക് നൽകാൻ ഇടക്ക് ആശ്രയിക്കാറുമുണ്ട്. ഇവരുടെ ബന്ധുക്കൾ ഇതിനകം ഫോർട്ട്കൊച്ചിയിൽ എത്തിയിട്ടുണ്ട്. ഇൗ ബോട്ടുകളെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ നേവിക്ക് കൈമാറിയിട്ടുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഫോർട്ട്കൊച്ചി തുറമുഖത്തുനിന്ന് സംസ്ഥാനത്ത് രജിസ്ട്രേഷൻ ഉള്ള 208 ബോട്ടുകളാണ് ഇപ്പോൾ പോകുന്നത്. ഇവയെല്ലാം സുരക്ഷിതമാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൊച്ചി, മുനമ്പം മേഖലകളിൽനിന്ന് മത്സ്യബന്ധന ബോട്ടുകൾ ഏതെങ്കിലും കടലിൽ കുടുങ്ങിയതായി ഇതുവരെ വിവരം ഇല്ലെന്ന് ഫിഷിങ് ബോട്ട് ഒാണേഴ്സ് അസോസിയേഷൻ സെക്രട്ടറി തമ്പിയും പറഞ്ഞു. ബോട്ടുകൾ ഏറെയും വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ച രാവിലെയുമായി തിരിച്ചെത്തി. തിരിച്ചെത്താത്ത ചില ബോട്ടുകൾ കണ്ണൂർ തുടങ്ങി വടക്കൻ മേഖലകളിലേക്ക് പോയിട്ടുള്ളതാണ്. അവയും സുരക്ഷിതമാണെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
