ഓഖി: മെഡിക്കൽ കോളജിൽനിന്ന് അവസാന മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsകോഴിക്കോട്: ഓഖി ദുരന്തത്തിൽ മരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന അവസാനത്തെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹവും തിരിച്ചറിഞ്ഞ് നാട്ടിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം പൂന്തുറയിലെ പള്ളിവിളാകം പുരയിടത്തിൽ ശബരിയാർ പിച്ചയുടെ മകൻ ജോസഫിെൻറ (62) മൃതദേഹമാണ് ബന്ധുക്കൾ ഏറ്റുവാങ്ങിയത്. ജനുവരി അഞ്ചിന് കൊയിലാണ്ടി കടപ്പുറത്ത് കണ്ടെടുത്ത മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.
ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലുമായി സൂക്ഷിച്ച 24 മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരത്തുകാരായ 16 പേരുടെയും തമിഴ്നാട്ടുകാരായ എട്ടുപേരുടെയും മൃതദേഹങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
രാവിലെ ഏഴിനാണ് ജോസഫിെൻറ മകൻ പ്രവീണും ബന്ധുക്കളും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. വികാരതീവ്ര രംഗങ്ങൾക്കാണ് മോർച്ചറി പരിസരം സാക്ഷ്യംവഹിച്ചത്. ആംബുലൻസിലേക്ക് കയറ്റുന്നതിനുമുമ്പേ പിതാവിെൻറ ദേഹം അവസാനമായി കാണണമെന്നാവശ്യപ്പെട്ട പ്രവീണിനെ ഒപ്പമുള്ളവർ വിലക്കി. കടലിൽ കിടന്ന് അഴുകിയും ആഴ്ചകളുടെ പഴക്കവുമായി വെറും എല്ലുമാത്രമായ ദേഹമായിരുന്നു ജോസഫിേൻറത്.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻകുട്ടി, തഹസിൽദാർ അനിത കുമാരി, ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, കോസ്റ്റൽ എസ്.ഐ ഒ. സതീഷ്ബാബു എന്നിവർ സന്നിഹിതരായിരുന്നു. ജീവകാരുണ്യ പ്രവർത്തകനായ മഠത്തിൽ അബ്ദുൽ അസീസിെൻറ നേതൃത്വത്തിലാണ് 24 മൃതദേഹങ്ങളും പരിപാലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
