ഓഖി: മുന്‍കരുതലെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെപ്പറ്റി വ്യക്തമായ മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതലുകളെടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കന്യാകുമാരി മേഖലയില്‍ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ടെന്നും ഒന്നാം തീയതിയോടെ തെക്കന്‍ കേരളത്തില്‍ അതിശക്തമായി കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കഴിഞ്ഞ 29ന് കേന്ദ്ര ആഭ്യന്തരവകുപ്പ് സംസ്ഥാന സര്‍ക്കാറിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഹൈദരാബാദിലെ ദേശീയ സമുദ്ര ഗവേഷണകേന്ദ്രവും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ബുധനാഴ്ച മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറിയിരുന്നു. ഇതെല്ലാം അവഗണിച്ചത് ഗുരുതര വീഴ്ചയാണ്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയാൻ കഴിഞ്ഞില്ല. കൂടാതെ രക്ഷാപ്രവര്‍ത്തനം കൃത്യമായി നടത്തുന്നതിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും വീഴ്ചയുണ്ടായി. കടലില്‍ കുടുങ്ങിയവരുടെ ബോട്ടുകൾക്ക് പൂര്‍ണമായ നഷ്ടപരിഹാരം നല്‍കാമെന്ന് പ്രഖ്യാപിച്ച് നാവികസേനയുടെ കപ്പലില്‍ മടങ്ങുന്നതിന് അവരെ പ്രേരിപ്പിക്കണം. സൗജന്യ റേഷനും പൂന്തുറയില്‍ മെഡിക്കല്‍ ക്യാമ്പും തീരദേശത്ത് ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
