ഒ.ജെ. ജനീഷ് യൂത്ത് മിനിസ്റ്റർ
text_fieldsഒ.ജെ. ജനീഷ് മാതാവ് പുഷ്പ, ഭാര്യ ശ്രീലക്ഷ്മി, സഹോദരൻ ധനേഷ്, സഹോദര
ഭാര്യ, അവരുടെ മക്കൾ എന്നിവർക്കൊപ്പം
തൃശൂർ: യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നായകന് ഒടുവിൽ അർഹതക്കുള്ള അംഗീകാരമായി മന്ത്രി സ്ഥാനവും. കൊടുങ്ങല്ലൂരിൽ കടുത്ത മത്സരത്തെ അതിജീവിച്ചാണ് ഒ.ജെ. ജനീഷ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചു കയറിയത്. അവസാനം വരെ മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായ വി.ആർ സുനിൽകുമാറുമായി വലിയ മത്സരമാണ് മണ്ഡലത്തിൽ അരങ്ങേറിയത്. അതുപോലെ തന്നെയായിരുന്നു മന്ത്രിയായുള്ള പ്രഖ്യാപനവും.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ജനീഷിന് നറുക്ക് വീണത്. ജില്ല പ്രാതിനിധ്യവും സാമുദായിക പ്രാതിനിധ്യവും ജനീഷിന് തുണയാകുകയായി. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്. കെ.എസ്.യു മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് തൃശൂർ ജില്ല പ്രസിഡന്റ് തുടങ്ങി കോൺഗ്രസിന്റെ വിദ്യാർഥി-യുവജന സംഘടനകളുടെ വിവിധ തലങ്ങളിൽ നേതൃപരമായ ചുമതലകൾ വഹിച്ചിരുന്നു.
തൃശൂർ ജില്ലയിലെ മാള കുഴൂർ സ്വദേശിയാണ്. ഓടാശ്ശേരി ജനരഞ്ജൻ-പുഷ്പ ദമ്പതികളുടെ മൂത്ത മകനായി 1988ൽ ജനനം. പോളിടെക്നിക്കിൽ പഠിക്കുമ്പോൾ പിതാവ് മരിച്ചതോടെ കുടുംബത്തിന്റെ വലിയ ഉത്തരവാദിത്തങ്ങൾ വന്നു ചേർന്നു. ചാലക്കുടിയിലെ സിദ്ധാർഥ ബാറിലെ ജീവനക്കാരനായിരുന്ന പിതാവിന്റെ വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ പകച്ചുനിൽക്കാതെ, അമ്മ പുഷ്പക്കൊപ്പം ചേർന്ന് കുടുംബത്തെ മുന്നോട്ട് നയിക്കാൻ ജനീഷ് തയാറായി. തൊഴിലുറപ്പ് ഉൾപ്പെടെ ജോലികൾ ചെയ്താണ് പുഷ്പ മക്കളെ വളർത്തിയത്.
കോളജ് വിദ്യാഭ്യാസത്തോടൊപ്പം തന്നെ സെക്യൂരിറ്റി ജോലി ഉൾപ്പെടെ പാർട്ട് ടൈം ജോലികൾ ജനീഷ് ചെയ്തിരുന്നു. തൃശൂർ ഗവ. ലോ കോളജിൽ പഠിക്കുന്ന സമയത്ത് അതിഭീകരമായ മർദനത്തെ തുടർന്ന് പലതവണ ആശുപത്രിയിലാവേണ്ടി വന്നു. കുഴൂർ ഗവ. ഹൈസ്കൂളിലും പുത്തൻവേലിക്കര വി.സി.എസ്എച്ച്.എസ്.എസിലുമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്നിക്കിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ നേടി. തൃശൂർ ഗവ. ലോ കോളജിൽനിന്ന് ബി.ബി.എ എൽ.എൽ.ബി ബിരുദവും നേടി. അഭിഭാഷകയായ ശ്രീലക്ഷ്മിയാണ് ഭാര്യ. ധനേഷ് ഏക സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

