വെല്ലുവിളിയായി കപ്പലിൽനിന്നുള്ള എണ്ണപ്പാട; കേരളതീരം മുഴുവനും ജാഗ്രത നിർദേശം
text_fieldsതിരുവനന്തപുരം: കൊച്ചിയിൽ അപകടത്തിൽപെട്ട കപ്പലിൽനിന്നുള്ള എണ്ണപ്പാട കടലിൽ ഒഴുകിപ്പരക്കുന്ന സാഹചര്യത്തിൽ കേരളതീരത്ത് പൂർണമായും സംസ്ഥാന സർക്കാറിന്റെ ജാഗ്രത നിർദേശം. എണ്ണപ്പാട തീരത്ത് എവിടെയും എത്താമെന്ന സാഹചര്യം മുൻനിർത്തിയാണ് നിർദേശം പുറപ്പെടുവിച്ചത്. സാഹചര്യത്തിന്റെ ഗൗരവം മുൻനിർത്തി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. കപ്പലിലെ ഇന്ധനമായ എണ്ണ ചോർന്ന് കടലിൽ വീണതിനാൽ പരിസ്ഥിതി മലിനീകരണത്തിനുള്ള സാധ്യത വർധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും, എണ്ണപ്പാട കേരളതീരത്തേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറലാണ് ദേശീയ എണ്ണപ്പാട പ്രതിരോധ ദൗത്യത്തിന്റെ അധ്യക്ഷൻ. അദ്ദേഹം നേരിട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.
കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ ചോർച്ച തടയാനുള്ള ശ്രമത്തിലാണ്. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാനുള്ള പൊടി എണ്ണപ്പാടക്ക് മേൽ തളിക്കുന്നുണ്ട്. എണ്ണപ്പാട കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ ബൂംസ്കിമ്മറുകൾ ഉപയോഗിക്കുന്നതിന് കോസ്റ്റ് ഗാർഡ്, നേവി, പോർട്ട് വകുപ്പ് എന്നിവക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ തെക്കൻ ജില്ലകളിൽ രണ്ട് വീതവും വടക്കൻ ജില്ലകളിൽ ഒന്ന് വീതവും ദ്രുതകർമ സേനയും രൂപവത്കരിച്ചു. കണ്ടെയ്നറുകൾ മാറ്റുന്നതിന് ജെ.സി.ബികളും ക്രെയിനുകളും വിനിയോഗിക്കും. എണ്ണപ്പാട തീരത്ത് എത്തിയാൽ കൈകാര്യം ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ രണ്ടുവീതം റാപിഡ് റസ്പോൺസ് ടീമുകൾ തൃശൂർ മുതൽ തെക്കൻ ജില്ലകളിൽ സജ്ജമാക്കിയിട്ടുണ്ട്, വടക്കൻ ജില്ലകളിൽ ഒന്ന് വീതം ടീമും. എണ്ണ കടലിൽ താഴെത്തട്ടിൽ പെട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോസ്റ്റ് ഗാർഡ്, നേവി, ഫോറസ്റ്റ് , ഫാക്ടറീസ് ആൻഡ് ബോയിലേർസ് വകുപ്പ് എന്നിവയെ ഉൾപ്പെടുത്തി പദ്ധതി തയാറാക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
അഡീ. ചീഫ് സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ, പുനീത് കുമാർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എ.ഡി.ജി.പി എച്ച്. വെങ്കടേശ്, ദുരന്ത നിവാരണ വകുപ്പ് സ്പെഷൽ സെക്രട്ടറി കൗശിഗൻ, പരിസ്ഥിതി വകുപ്പ് സ്പെഷൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു, എൻ.ഡി.എം.എ ജോയന്റ് അഡ്വൈസർ ലെഫ്.കേണൽ സഞ്ജീവ് കുമാർ ഷാഹി തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും സുരക്ഷ ഏജൻസി പ്രതിനിധികളും കലക്ടർമാരും യോഗത്തിൽ പങ്കെടുത്തു.
കടലിൽ വീണത് 100 കണ്ടെയ്നറുകൾ
തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. ഗൗരവം കണക്കിലെടുത്ത് സുരക്ഷ നടപടികൾ ആരംഭിച്ചതായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. പൂർണമായും മുങ്ങിയ കപ്പലിൽനിന്ന് ഏകദേശം 100 കണ്ടെയ്നറുകൾ കടലിൽ വീണതായാണ് കരുതുന്നത്. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ കണ്ടെയ്നറുകൾ എത്താൻ സാധ്യത കൂടുതലാണ്.
കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ ചുറ്റളവിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനും പൊതുജന സുരക്ഷക്കും മത്സ്യബന്ധന മേഖലയുടെ താൽപര്യങ്ങൾക്കും മുൻഗണന നൽകി സർക്കാർ നടപടികൾ സ്വീകരിച്ചതായും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

