തിരുവനന്തപുരം: കേന്ദ്ര സർക്കാർ എണ്ണ വില വീണ്ടും കുറക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. നാളെ മുതൽ പ്രതിഷേധ സമരങ്ങൾ പുനരാരംഭിക്കും. എണ്ണക്ക് ചുമത്തുന്ന നികുതി കേന്ദ്രസർക്കാർ ഇനിയും കുറക്കേണ്ടതുണ്ടെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
ഒരു ലിറ്റർ എണ്ണക്ക് എത്ര രൂപ നികുതി നൽകുന്നുണ്ടെന്ന് ജനങ്ങൾ പഠിക്കേണ്ടതുണ്ട്. ഒരു ലിറ്റർ പെട്രോളിന് 27.90 രൂപയും ഒരു ലിറ്റർ ഡീസലിന് 21.80 രൂപയും ജനങ്ങൾ കേന്ദ്രത്തിന് നിലവിൽ നികുതി കൊടുക്കുന്നുണ്ട്. മാസങ്ങളോളം നികുതി വർധിപ്പിച്ച ശേഷമാണ് ഇപ്പോൾ കേന്ദ്രം നികുതി കുറച്ചത്. ഇത് വലിയ ഔദാര്യമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
യു.പി.എ സർക്കാറിന്‍റെ കാലത്ത് പെട്രോളിന് ചുമത്തിയിരുന്ന 9.20 രൂപ നികുതിയാണ് 27.90 രൂപയിൽ എത്തി നിൽക്കുന്നത്. ഡീസലിന് ചുമത്തിയിരുന്ന 3.46 രൂപ നികുതിയാണ് 21.80 രൂപയിലെത്തിയത്. 106 രൂപക്ക് ഒരു ലിറ്റർ പെട്രോൾ അടിച്ചാൽതന്നെ 55.89 രൂപ നികുതിയാണ്. നികുതി ഭീകരതയിൽ മാറ്റം വന്നിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.