കാനകളിലെ ചളി നീക്കത്തിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും -ഹൈകോടതി
text_fieldsകൊച്ചി: കാനകളിലെയും ഓടകളിലെയും ചളി നീക്കത്തിൽ വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് ഹൈകോടതി. വർഷകാലം പടിവാതിക്കലെത്തി നിൽക്കുന്ന സാഹചര്യത്തിൽ വീഴ്ചയുണ്ടായാൽ കൊച്ചി കോർപറേഷൻ അസി. എൻജിനീയർമാരെ വിളിച്ചുവരുത്തുമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകിയത്. മുല്ലശ്ശേരി കനാൽ നവീകരണത്തിനായി എം.ജി റോഡ് മുറിച്ച് പൈപ്പിടുന്ന ജോലി എത്രയുംവേഗം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്ന ഹരജികളാണ് കോടതി പരിഗണിച്ചത്.
പി ആൻഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാൻ നിർമിക്കുന്ന കെട്ടിടങ്ങൾക്കായി 2.38 കോടി കൈമാറിയിട്ടും നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തുകയാണെന്ന് ജി.സി.ഡി.എ കോടതിയെ അറിയിച്ചു. തുടർന്ന് ഒരു കെട്ടിടത്തിന്‍റെ ജോലി ജൂൺ 30നകം പൂർത്തിയാക്കണമെന്ന് കോടതി കരാറുകാരനോട് നിർദേശിച്ചു. രണ്ടാം ബ്ലോക്കിന്റെ കാര്യത്തിൽ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാൻ കലക്ടർക്ക് നിർദേശവും നൽകി.
കമ്മിട്ടിപ്പാടത്ത് റെയിൽവേ കൽവെർട്ടിനടിയിലെ ചളി നീക്കാനുള്ള ജോലി തുടങ്ങിയതായി റെയിൽവേ അറിയിച്ചു. എന്നാൽ, കൽവെർട്ടിന്റെ പുനർനിർമാണത്തിന് റെയിൽവേ ചീഫ് എൻജിനീയറുടെ അനുമതി ആവശ്യമാണെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. റോബോട്ടിക് യന്ത്രം കൊണ്ടുവന്നിട്ടും ഇതുവരെ ഉപയോഗിക്കാത്തത് നാണക്കേടാണെന്ന് അഭിപ്രായപ്പെട്ട കോടതി ചളിനീക്കുന്ന കാര്യത്തിൽ ജില്ല കലക്ടർ, കോർപറേഷൻ സെക്രട്ടറി തുടങ്ങിയവരടക്കം മേൽനോട്ടം വഹിക്കണമെന്നും നിർദേശിച്ചു.
മുല്ലശ്ശേരി കനാൽ നവീകരണത്തിന് പൈപ്പുകൾ മാറ്റാൻ ചിറ്റൂർ റോഡ് മുറിക്കാൻ കൊച്ചി കോർപറേഷൻ അനുമതി നൽകണം. തട്ടുകടകളടക്കമുള്ളവ കാനകളിലേക്ക് മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പാക്കുകയും ഇക്കാര്യത്തിൽ ശക്തമായ നടപടിയുണ്ടാവണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

