കോവിഡ്: നിയന്ത്രണത്തിന്‍റെ പേരിൽ പള്ളികളിലെ ആരാധന ഉദ്യോഗസ്ഥർ ആലങ്കോലപ്പെടുത്തുന്നു -ചങ്ങനാശ്ശേരി അതിരൂപത
text_fieldsചങ്ങനാശ്ശേരി: കോവിഡ് വ്യാപന നിയന്ത്രണത്തിൻ്റെ പേരിലുള്ള പരിശോധനകൾ ആരാധനാലയങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന ഉദ്യോഗസ്ഥർ മറ്റു കൂടിച്ചേരലുകൾക്ക് നേരെ കണ്ണടയ്ക്കുന്നത് അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത.
ക്രിസ്ത്യൻ പള്ളികളിൽ ആരാധന ഉദ്യോഗസ്ഥർ ആലങ്കോലപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നതായി പരാതികൾ ഉയർന്നു. ഇത്തരം പ്രവർത്തികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അതിരൂപത ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ നൽകുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് പള്ളികൾ പ്രവർത്തിക്കുന്നത്. എന്നിട്ടും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പരിശോധിക്കുന്നതിൻ്റെ ഭാഗമായി ചില പള്ളികളിൽ തിരുക്കർമ്മങ്ങൾ നടക്കുന്ന സമയത്ത് ഉദ്യോഗസ്ഥർ കടന്നു കയറുകയും പള്ളിയുടെയും തിരുക്കർമ്മങ്ങളുടെയും ചൈതന്യത്തിന് ചേരാത്ത വിധത്തിൽ ഇടപെടുകയും ചെയ്തത് വിശ്വാസ സമൂഹത്തിന് വലിയ വേദനയുണ്ടാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിന് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും എല്ലാ സമ്മേളനങ്ങളിലും കൂടിച്ചേരലുകളിലും പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണെന്നും അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി ഡയറക്ടർ ഫാ.ജയിംസ് കൊക്കാവയലിൽ, അഡ്വ. ജോജി ചിറയിൽ എന്നിവർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.