ഉദ്യോഗസ്ഥർ ഡ്രൈവിങ് ടെസ്റ്റ് ഡ്യൂട്ടിയിൽ
text_fieldsകോട്ടയം: റോഡുകൾ നിത്യവും ചോരക്കളമാകുമ്പോൾ അതിന് തടയിടാൻ നിയോഗിക്കപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഡ്രൈവിങ് ടെസ്റ്റ് ഡ്യൂട്ടിയിൽ. നിരത്തുകളിലെ അപകടം തടയാൻ നിയോഗിക്കപ്പെട്ട മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരെ മറ്റ് ജോലികൾക്ക് നിയോഗിക്കരുതെന്ന ഹൈകോടതി നിർദേശത്തിന് പുല്ലുവില കൽപിച്ചാണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ ഡ്രൈവിങ് ടെസ്റ്റിന് നിയോഗിച്ച് ഉത്തരവിറക്കുന്നത്. റോഡുകളിൽ വാഹനങ്ങൾ ചീറിപ്പായുമ്പോൾ പരിശോധനക്ക് ആളില്ലാത്ത അവസ്ഥയാണ്.
റോഡ് സേഫ്റ്റി ആക്ട് പ്രകാരം എൻഫോഴ്സ്മെന്റ് ഓഫിസർമാരെ റോഡ് സുരക്ഷക്കുമാത്രം നിയോഗിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. അതാണ് അട്ടിമറിച്ചത്.
റോഡ് സുരക്ഷാ ചുമതലയുള്ള സേഫ് കേരള സ്ക്വാഡിലെ 29 അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരെ ആറ് മാസത്തേക്ക് ഡ്രൈവിങ് ടെസ്റ്റിന് ആർ.ടി. ഓഫിസുകളിലേക്ക് നിയോഗിച്ചതാണ് ഇതുസംബന്ധിച്ച അവസാന ഉത്തരവ്. ആലപ്പുഴ കളർകോട് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ അപകടത്തിൽ മരിച്ച ദിവസമാണ് ഈ ഉത്തരവ് ഇറങ്ങിയത്.
ഏതാനും ദിവസംമുമ്പാണ് തൃശൂരിൽ റോഡരികിൽ കിടന്നുറങ്ങിയ അഞ്ചുപേരുടെ ശരീരത്തിൽ ലോറി കയറി അപകടം ഉണ്ടായത്. ഡ്രൈവറും ക്ലീനറും വാഹനത്തിലിരുന്ന് മദ്യപിക്കുകയും ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ക്ലീനർ ലോറി ഓടിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. വടകര മുതൽ തൃശൂർ മണ്ണുത്തിവരെ ലൈസൻസ് ഇല്ലാത്ത ഒരാൾ മദ്യപിച്ച് വാഹനം ഓടിച്ചത് കണ്ടുപിടിക്കാൻ ഒരു ഉദ്യോഗസ്ഥൻപോലും റോഡിലുണ്ടായിരുന്നില്ലെന്ന് സാരം.
റോഡപകടങ്ങൾ ഒഴിവാക്കാനാണ് 24x7 റോഡിൽ പരിശോധന നടത്താൻ സേഫ് കേരള എൻഫോഴ്സ്മെൻറ് സ്ക്വാഡിനെ നിയോഗിച്ചത്. എന്നാൽ, ഇപ്പോൾ അവരെ റോഡിൽ മഷിയിട്ട് നോക്കിയാൽപോലും കാണാനില്ല. അവരെല്ലാം ഗ്രൗണ്ടുകളിൽ ടെസ്റ്റ് നടത്തുന്ന തിരക്കിലാണ്.
2018ലാണ് റോഡ് സേഫ്റ്റി അതോറിറ്റിയുടെയും റോഡ് സുരക്ഷാ കമീഷണറുടെയും കീഴിൽ സേഫ് കേരള സ്ക്വാഡുകളും എൻഫോഴ്സ്മെന്റ് ആർ.ടി ഓഫിസുകളും നിലവിൽവന്നത്. എന്നാൽ, ഉദ്യോഗസ്ഥരുടെ സ്വാധീനത്തിന് വഴങ്ങി ഈ സംവിധാനങ്ങൾ ട്രാൻസ്പോർട്ട് കമീഷണറുടെ കീഴിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്തെ റോഡപകടങ്ങളിൽ നാലാംസ്ഥാനത്താണ് കേരളം.
അമ്പതിനായിരത്തിലധികം റോഡപകടങ്ങളിൽ 4000ലധികം പേരാണ് കേരളത്തിൽ ഒരു വർഷം മരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, അതിന് തടയിടേണ്ട സംവിധാനങ്ങൾ നോക്കുകുത്തിയാകുകയാണെന്നാണ് കഴിഞ്ഞദിവസം നാല് കുരുന്നുകളുടെ ജീവനെടുത്ത ലോറി അപകടം ഉൾപ്പെടെ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

