ട്രെയിനിലെ തിരക്ക് കുറക്കാൻ ഓഫിസ് സമയം മാറ്റണം -റെയിൽവേ
text_fieldsപാലക്കാട്: ട്രെയിനിലെ തിരക്ക് കുറക്കാൻ സംസ്ഥാനത്തെ ഓഫിസ് സമയം മാറ്റണമെന്ന വിചിത്രവാദവുമായി റെയിൽവേ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിനു മുന്നിൽ നിർദേശം വെച്ചിട്ടുണ്ടെന്നും പാലക്കാട് ഡിവിഷൻ അഡീഷനൽ ഡിവിഷനൽ മാനേജർ കെ. അനിൽകുമാർ പറഞ്ഞു. തിരക്ക് പരിഗണിച്ച് പുതിയ ട്രെയിനുകൾ അനുവദിക്കുമോ, സമയത്തിൽ മാറ്റം വരുത്തുമോ തുടങ്ങിയ ചോദ്യങ്ങളോടായിരുന്നു പ്രതികരണം.
എല്ലാ ഓഫിസുകളും ഒരേസമയം പ്രവർത്തിക്കുന്നതിനാലാണ് രാവിലെയും വൈകീട്ടും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഇതിൽ സമയക്രമീകരണം വരുത്തിയാൽ തിരക്ക് കുറയ്ക്കാൻ കഴിയും. പുതിയ ഷൊർണൂർ-കണ്ണൂർ പാസഞ്ചർ ട്രെയിനിന് പള്ളിപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കും. വൈദ്യുതീകരണം പൂർത്തിയാക്കിയ ഷൊർണൂർ-നിലമ്പൂർ പാതയിൽ മേലാറ്റൂർ, കുലുക്കല്ലൂർ എന്നിവടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുമെന്നും അതോടെ വൈകീട്ട് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സമയത്തിൽ ക്രമീകരണം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

