ആ 150ൽ കേരളത്തിലെ 12 ജില്ലകളും; വരുമോ ലോക്ഡൗൺ
text_fieldsകോഴിക്കോട്: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ കർശനമായ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന നിർദേശം കേന്ദ്ര സർക്കാറിന് നൽകിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. ഇതുപ്രകാരം രാജ്യത്തെ 150 ജില്ലകളിലാണ് 15 ശതമാനത്തിനും മുകളിൽ പോസിറ്റിവിറ്റി രേഖപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ള 12 ജില്ലകളും ഇവയിൽ ഉൾപ്പെടും. കർശനമായ നിയന്ത്രണങ്ങളായിരിക്കും തീരുമാനം അംഗീകരിച്ചാൽ ഇവിടങ്ങളിൽ ഏർപ്പെടുത്തുക. എന്നാൽ, ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമാകും ഇതുസംബന്ധിച്ച് കേന്ദ്രം അന്തിമ തീരുമാനം കൈക്കൊള്ളുക.
കേരളത്തില്‍നിന്ന് പത്തനംതിട്ടയും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളും പട്ടികയിലുണ്ട്. സംസ്ഥാനത്ത് 23.24 ആണ് ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക്. പല ജില്ലകളിലും 20ന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ, കേരളത്തിലെ ജില്ലകളിൽ ലോക്ഡൗൺ വേണ്ടെന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളത്. ഇക്കാര്യം കേന്ദ്ര സർക്കാറിനെ അറിയിക്കും. നിലവിലുള്ള രീതിയിൽ മൈക്രോ കണ്ടെയിൻമെന്‍റ് സോണുകളിൽ നിയന്ത്രണം തുടരാനാണ് തീരുമാനം.
ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് ആരോഗ്യവകുപ്പിന്‍റെ ലോക്ഡൗൺ നിർദേശം ഉയർന്നത്. രോഗനിരക്ക് കൂടുതലുള്ള ഇടങ്ങളിൽ ഏതാനും ആഴ്ചകൾ ലോക്ഡൗൺ നടപ്പാക്കുന്നതിലൂടെയേ വ്യാപനം നിയന്ത്രിക്കാനാകൂവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
ദേശീയതലത്തിൽ ലോക്ഡൗൺ ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. സാമ്പത്തിക മേഖലക്ക് ഇനിയൊരു സമ്പൂർണ ലോക്ഡൗൺ അതിജീവിക്കാനാകില്ലെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ സംസ്ഥാന വ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തേണ്ടെന്ന് മന്ത്രിസഭ യോഗവും തീരുമാനിച്ചിരുന്നു.
അതേസമയം, രാജ്യത്ത് കോവിഡ് രോഗബാധ അതിതീവ്രമായി തുടരുകയാണ്. 3,62,770 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്. 3286 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ആകെ മരണം രണ്ട് ലക്ഷം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 സംസ്ഥാനങ്ങളിൽ 10,000ലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 66,538 പ്രതിദിന രോഗികളുള്ള മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. യു.പി, കേരള, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ 30,000ലധികം രോഗികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

