ഒാഖിയിൽ കാണാതായവർക്കായി കടലിനടിയിൽ പ്രാർഥന
text_fieldsതിരുവനന്തപുരം: കടലിെൻറ മക്കൾക്കായി കടലിനടിയിൽ പ്രാർഥന. ഓഖി ദുരന്തത്തിൽ ജീവൻ വെടിഞ്ഞവർക്കും കാണാതായവർക്കും വേണ്ടിയാണ് സ്കൂൾ കുട്ടികൾ അടക്കമുള്ള സംഘം കടലിനടിയിൽ അപൂർവ പ്രാർഥന നടത്തിയത്. ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്, കോവളം ബോണ്ട് ഓഷ്യൻ സഫാരി എന്നിവരുടെ അഭിമുഖ്യത്തിലാണ് കോവളം ഗ്രോവ് ബീച്ചിലെ കടലിനടിയിൽ 13 അംഗസംഘം പ്രാർഥന നടത്തിയത്.
ഞായറാഴ്ച രാവിലെ 11ന് തുടങ്ങിയ പ്രാർഥന 10 മിനിേറ്റാളം നീണ്ടു. സ്കൂബ ഡൈവിങ്ങിനായുള്ള പ്രത്യേകം സജ്ജമാക്കിയ സ്യൂട്ട് അണിഞ്ഞ് കടലിലിറങ്ങിയ സംഘം തീരത്തുനിന്ന് 50 മീറ്റർ അകലെ ആറ് മീറ്റർ ആഴത്തിലാണ് പ്രാർഥന നടത്തിയത്. പ്രത്യേകം തയാറാക്കിക്കൊണ്ടുപോയ പ്രാർഥന കടലിനടിയിൽ മുട്ടുകുത്തിയിരുന്നു സംഘംചേർന്ന് ചൊല്ലി. തുടർന്ന് കടൽത്തട്ടിൽ തലതൊട്ടു നമസ്കരിച്ച ശേഷമാണ് കരയിലേക്ക് മടങ്ങിയത്.
വിഴിഞ്ഞം സ്വദേശികളും ഫിഷറീസ് സ്കൂൾ വിദ്യാർഥികളുമായി സച്ചിൻ, കിരൺ, പ്രദേശവാസികളായ മുഹമ്മദ് സാദിഖ്, അബുസലിം എന്നിവരെ കൂടാതെ കോവളം ബോണ്ട് ഓഷ്യൻ സഫാരി സ്കൂബ ഡൈവിങ് സംഘവും പ്രാർഥനയിൽ പങ്കെടുത്തു. ഓഖി ചുഴലിക്കാറ്റിൽ കടലിൽ കാണാതായവരുടെ ആശ്രിതർ അനുഭവിക്കുന്ന അനിശ്ചിതത്വത്തിനും വേദനക്കും ആശ്വാസം പകരാനാണ് ഇത്തരമൊരു പ്രാർഥന സംഘടിപ്പിച്ചതെന്ന് ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് ചീഫ് കോഓഡിനേറ്റർ റോബർട്ട് പനിപ്പിള്ളയും ബോണ്ട് ഓഷ്യൻ സഫാരി കോവളം ഡയറക്ടർ ജാക്സൻ പീറ്ററും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
