മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം
text_fieldsതിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിലെ ദുരന്തബാധിതർക്ക് സർക്കാർ 150 കോടി രൂപയുടെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായം 20 ലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഒരാഴ്ചത്തെ സൗജന്യ റേഷൻ ഒരു മാസത്തേക്ക് നീട്ടി. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രിസഭ തീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഏഴ് ദിവസം മീൻപിടിക്കാൻ പോകാതിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ഏഴ് ദിവസത്തേക്ക് സഹായധനം നൽകും. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 45 രൂപയുമാണ് നൽകുക. ഒരു കുടുംബത്തിന് ഒരുദിവസം പരമാവധി 300 രൂപ നൽകും. 1,41000 കുടുംബങ്ങൾക്ക് ഗുണം കിട്ടും. ഇതിന് 31 കോടി രൂപ വേണ്ടിവരും. ബാക്കി തുകയാണ് നഷ്ടപരിഹാരം അടക്കം നടപടികൾക്കായി മാറ്റിെവക്കുന്നത്. നഷ്ടത്തിെൻറ അന്തിമകണക്ക് വന്നാൽ കൂടുതൽ തുക അനുവദിക്കും. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നേരത്തേ പ്രഖ്യാപിച്ച 10 ലക്ഷത്തിനു പുറമേ, മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡിൽനിന്ന് അഞ്ചു ലക്ഷവും ബദൽ ജീവനോപാധിക്കായി ഫീഷറീസ് വകുപ്പിൽനിന്ന് അഞ്ചുലക്ഷവും വീതമാണ് പുതുതായി അനുവദിച്ചത്.
- ഗുരുതരമായി പരിക്കേറ്റവർ, അപകടത്തെ തുടർന്ന്ആരോഗ്യമില്ലാതായവവർ എന്നിവർക്ക് അഞ്ചു ലക്ഷം
- ബോട്ട്, മത്സ്യബന്ധന ഉപകരണങ്ങൾക്ക് നഷ്ടപരിഹാരം
- ദുരന്തത്തിൽ മരിക്കുകയോ കാണാതാവുകയോ ചെയ്തവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും.
- കാണാതായവരുടെ കുടുംബത്തിന് കാലതാമസം ഒഴിവാക്കി സാമ്പത്തിക സഹായം നൽകാനും നിയമപരമായ ഇളവ് നൽകാനും ശിപാർശ നൽകാൻ റവന്യൂ, ആഭ്യന്തരം, ഫിഷറീസ് സെക്രട്ടറിമാർ ഉൾപ്പെട്ട സമിതിയെ നിയോഗിച്ചു.
- ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ച് പഠിച്ച് പരിഷ്കരിക്കുന്നതിന് ശിപാർശ നൽകാൻ റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്ക് ചുമതല
- മുഴുവൻ മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാനും ബോട്ടുകളിൽ ജി.പി.എസ് സംവിധാനവും മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോണുകളും സാറ്റലൈറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് കാലാവസ്ഥ സംബന്ധിച്ച സന്ദേശം നൽകാനുമുള്ള ക്രമീകരണവും ഒരുക്കും. ജി.പി.എസ് ചെലവ് സർക്കാർ വഹിക്കും.
- സംസ്ഥാന തീരദേശ പൊലീസ് സേനയിലേക്ക് മത്സ്യത്തൊഴിലാളികളിൽനിന്ന് 200 പേരെ നിയമിക്കും. മീൻപിടിത്തത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളികളുെട മക്കൾക്ക് മുൻഗണന നൽകി പ്രത്യേക റിക്രൂട്ട്മെൻറ് നടത്തും. അഴീക്കൽ, േബപ്പൂർ, പൊന്നാനി, നീണ്ടകര എന്നിവിടങ്ങളിൽ പ്രത്യേക തീരദേശ പൊലീസ് സംവിധാനം. വിഴിഞ്ഞം, നീണ്ടകര, കൊച്ചി, പൊന്നാനി, അഴീക്കൽ തുറമുഖങ്ങളോട് ചേർന്ന് പ്രത്യേക പൊലീസ് സംവിധാനം ആരംഭിക്കും.
- മറ്റു സംസ്ഥാനങ്ങളിൽ എത്തപ്പെട്ടവരെ മടക്കിക്കൊണ്ടു വരാൻ സഹായം നൽകും. ലക്ഷദ്വീപിലേക്ക് മെഡിക്കൽ ടീമിനെ അയക്കും.
- ദുരന്തത്തിൽ കാണാതായ അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരാൻ കോസ്റ്റ് ഗാർഡ്, നേവി, വ്യോമസേനകളോടും കേന്ദ്ര സർക്കാറിനോടും ആവശ്യപ്പെടും.
- ദുരിതാശ്വാസ പ്രവർത്തനം ഏകോപിക്കാൻ റവന്യൂ, ഡിസാസ്റ്റർ, ആഭ്യന്തര, ഫിഷറീസ് വകുപ്പുകളെ ചുമതലപ്പെടുത്തി.
- ദുരന്തത്തോടനുബന്ധിച്ച് ഉണ്ടായ കൃഷിനാശം, വീട് നഷ്ടപ്പെടൽ, ചികിത്സച്ചെലവ് എന്നിവക്കും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കും സാമ്പത്തികസഹായം.
- ഭാവിയിൽ ദുരന്തങ്ങൾ നേരിടുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവ, ആഭ്യന്തരം, റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിമാർ, ഫിഷറീസ് സെക്രട്ടറി, കുസാറ്റ് കാലാവസ്ഥ നിരീക്ഷണ വകുപ്പിലെ അസി. പ്രഫസർ ഡോ. അഭിലാഷ്, ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി മെംബർ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
