മണ്ണ് മറക്കാത്ത വേദനകൾക്ക് ഉള്ളുനീറി പിടിമണ്ണ്
text_fieldsതിരുവനന്തപുരം: ഉറ്റവരുടെ ജീവനറ്റ ശരീരങ്ങൾ മരവിച്ച മനസ്സോടെ ഏറ്റുവാങ്ങി മണ്ണിലേക്കടുപ്പിക്കുേമ്പാൾ വേദന താങ്ങാനാകാതെ നിലത്തുവീണ് പിടയുന്നവർ...കളിപ്പാട്ടങ്ങൾ വാങ്ങിവരുേമ്പാൾ പകരം നൽകുന്ന ചക്കരയുമ്മകൾക്ക് പകരം കണ്ണീരോടെ പിടിമണ്ണ് വാരിയിടുന്ന പേരമക്കൾ.. ദേവാലയത്തിൽ സംസ്കാര ശുശ്രൂഷ പ്രാർഥനകൾ നടക്കുേമ്പാൾ അതിനെക്കാൾ ഉച്ചത്തിലുയർന്ന സ്ത്രീകളുടെ അലമുറ....പൂന്തുറ സെൻറ് തോമസ് ദേവാലയത്തിലെ കരളുലയ്ക്കുന്ന കാഴ്ചകൾക്ക് സമാനതകളില്ല. പൂന്തുറ തീരത്തിന് തിങ്കളാഴ്ച മരണത്തിെൻറ ഗന്ധമായിരുന്നു. രണ്ട് ദിവസത്തിനിടെ നാല് സംസ്കാര ശുശ്രൂഷകളാണ് ഇവിടെ നടന്നത്.
ഞായറാഴ്ച വൈകുേന്നരത്തോടെ ലഭിച്ച ആരോഗ്യദാസ്, ലാസർ എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച സംസ്കരിച്ചത്. ഒരേസമയത്തായിരുന്നു രണ്ടുപേരുടെ പ്രാർഥനകൾ. പള്ളിയിലെത്തിയ എല്ലാവരുടെയും മുഖത്ത് വിതുമ്പൽ മാത്രം. പ്രാർഥനകൾക്കിടയിലും നിലവിളികൾ. ശുശ്രൂഷകൾ പൂർത്തിയാക്കി സമീപത്തെ ശ്മശാനത്തേക്ക് മൃതദേഹങ്ങളെടുക്കുേമ്പാഴും കരച്ചിലുകൾ മാത്രം. ആരോഗ്യദാസിെൻറ മൃതദേഹം അടക്കുന്നതിനിടെ വൈകാരിക മുഹൂർത്തങ്ങളാണ് അരങ്ങേറിയത്. മക്കളായ സുരേഷും സുജിയും സുനിയും നിലത്തുവീണ് കരഞ്ഞു. ആശ്വസിപ്പിക്കാൻ തുനിഞ്ഞവർക്കുപോലും ഇൗ കാഴ്ച കണ്ടുനിൽക്കാനായില്ല. ശരിക്കും കലങ്ങിമറിയുകയാണ് തീരമനസ്സ്. മഴ മാറി മാനം തെളിഞ്ഞെങ്കിലും ഇവരുടെ മനസ്സുകളിലും ആധിയുടെ കറുപ്പ് തളംകെട്ടിനിൽക്കുകയാണ്.
മുപ്പതോളം പേർ ഇനിയും പൂന്തുറയിലേക്ക് മടങ്ങിവരാനുണ്ട്. ആരോഗ്യദാസിനൊപ്പം കടലിൽപോയ മറ്റ് ആറുപേരെക്കുറിച്ച് ഇനിയും വിവരങ്ങളില്ല. ഇവരുടെ കുടുംബങ്ങളെല്ലാം പള്ളിമുറ്റത്ത് പ്രാർഥനയുമായി തങ്ങുകയാണ്. കടലിെൻറ ഏതെങ്കിലും കോണിൽ മരത്തടിയിലോ ട്യൂബുകളിലോ തങ്ങളുടെ പാതി ജീവൻ തുടിക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ. കടൽ പൂർണമായും ശാന്തമായിെല്ലങ്കിലും സുരക്ഷ മുന്നറിയിപ്പുകൾ അവഗണിച്ച് ഉറ്റവരെ തേടി തിങ്കളാഴ്ചയും ബോട്ടുകൾ കടലിലിറങ്ങിയിരുന്നു.
കറുത്ത കൊടികൾ കെട്ടിയായിരുന്നു ബോട്ടുകളുടെ യാത്ര. നാലുവീതം ബോട്ടുകളുള്ള ഗ്രൂപ്പുകളായാണ് രക്ഷാപ്രവർത്തനം. വയർലെസും ജി.പി.എസുമടക്കം സുരക്ഷാ ക്രമീകരണങ്ങളുമുണ്ട്. ഞായറാഴ്ച രക്ഷാപ്രവർത്തനത്തിനിറങ്ങിയ നാട്ടുകാരുടെ ബോട്ടുകളാണ് നാല് മൃതദേഹങ്ങൾ കരക്കെത്തിച്ചത്. പൂന്തുറയിലെ മിക്ക വീടുകൾക്ക് മുന്നിലും വലിയ ഫോേട്ടാകൾ സ്ഥാപിച്ചിട്ടുണ്ട്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
