ഒാഖി ദുരന്തം: രണ്ടു മൃതദേഹം കൂടി കണ്ടെത്തി
text_fieldsതിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ കാണാതായവർക്കായി മത്സ്യബന്ധന ബോട്ടുകളുടെ സഹകരണത്തോടെ കടലിൽ തുടരുന്ന തിരച്ചിലിൽ ചൊവ്വാഴ്ച രണ്ട് മൃതദേഹം കൂടി കണ്ടെത്തി. കണ്ണൂരിൽ നിന്ന് പടിഞ്ഞാറ് കടലിൽ 40 നോട്ടിക്കൽ മൈൽ പരിധിയിൽനിന്നാണ് രണ്ട് മൃതദേഹവും കണ്ടെത്തിയതെന്നും ഇവ രാത്രിയോടെ കരക്കെത്തിക്കുമെന്നും ഫിഷറീസ് അധികൃതർ പറഞ്ഞു. ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 73 ആയി. ഇതടക്കം 43 മൃതദേഹം ഇനി തിരിച്ചറിയാനുണ്ട്.
നിലവിൽ 80 ബോട്ടുകളാണ് കടലിൽ തിരച്ചിൽ നടത്തുന്നത്. 80 മുതൽ 110 നോട്ടിക്കൽ മൈൽ വരെയാണ് ഇവ അരിച്ചുപെറുക്കൽ നടത്തുന്നത്. 110 മുതൽ 200 വരെ നോട്ടിക്കൽ മൈൽ പരിധിയിൽ കോസ്റ്റ് ഗാർഡിെൻറയും നേവിയുടെയും എട്ട് കപ്പലുകൾ തിരച്ചിൽ നടത്തുന്നുണ്ട്. നീണ്ടകര, ബേപ്പൂർ എന്നിവിടങ്ങളിൽനിന്ന് 25 വീതവും കൊച്ചിയിൽനിന്ന് 28ഉം മുനമ്പത്തുനിന്ന് രണ്ട് ബോട്ടുകളുമാണ് ഇപ്പോൾ കടലിലുള്ളത്. ഇതിനു പുറമെ കൊല്ലം തീരത്തുനിന്ന് ഉൾക്കടലിൽ മത്സ്യബന്ധനത്തിനു പോയി മടങ്ങിവരുന്ന ബോട്ടുകാരോട് മടക്കയാത്രയിൽ തിരച്ചിൽ നടത്താനും ഫിഷറീസ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച മത്സ്യത്തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിൽ 200 ബോട്ടുകൾ തിരിച്ചിലിനിറക്കാനായിരുന്നു തീരുമാനം. എന്നാൽ, ഒാഖി ദുരന്തത്തെതുടർന്ന് കടൽപണി മുടങ്ങിയ സാഹചര്യത്തിൽ തൊഴിലാളികളെല്ലാം നാട്ടിലേക്ക് മടങ്ങിയതാണ് തിരച്ചിലിനുള്ള ബോട്ടുകളുടെ എണ്ണം കുറയാൻ കാരണം. ഒടുവിൽ ലഭ്യമായ ജീവനക്കാരെ ഉൾപ്പെടുത്തി ബോട്ടുകളയക്കുകയായിരുന്നു. ഒാരോ ബോട്ടിലും അഞ്ച് മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരും ഒരു ലൈഫ് ഗാർഡുമാണുള്ളത്. തിങ്കളാഴ്ച ആരംഭിച്ച തിരച്ചിൽ വെള്ളിയാഴ്ച വരെ തുടരാനാണ് തീരുമാനം.
ബോട്ടുകൾക്കുള്ള ഇന്ധനം, തൊഴിലാളികൾക്ക് ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവ സർക്കാർ വഹിക്കും. ഒരു ബോട്ടിന് 3000 ലിറ്റർ ഇന്ധനമാണ് നൽകിയത്. ഒാരോ കേന്ദ്രത്തിൽനിന്നും പുറപ്പെട്ട ബോട്ടുകൾ നാല് നോട്ടിക്കൽ മൈൽ അകലത്തിൽ സമാന്തരമായാണ് തിരച്ചിൽ നടത്തുന്നത്. ഒാരോ പോയൻറിൽനിന്ന് പുറപ്പെടുന്ന ബോട്ടുകൾ രണ്ട് ദിവസം തുടർച്ചയായി വടക്കുഭാഗത്തേക്ക് സഞ്ചരിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
