Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി: 7340 കോടിയുടെ...

ഒാഖി: 7340 കോടിയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടു

text_fields
bookmark_border
modi
cancel

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളാ സർക്കാർ പ്രധാനമന്ത്രിക്കു മുമ്പില്‍ സമര്‍പ്പിച്ചു. സർക്കാർ ഗസ്റ്റ് ഹൗസില്‍ വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമഗ്രമായ സഹായ പാക്കേജ് പ്രധാനമന്ത്രി ന​രേന്ദ്രമോദിക്ക്​ നല്‍കിയത്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്‍റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപക്ക്​ പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്. 

മുഖ്യമന്ത്രി മുന്നോട്ടുവച്ച പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ദുരിതാശ്വാസ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും ഉണ്ടാകും. ദുരന്തങ്ങള്‍ പ്രവചിക്കുന്നിനുളള സാങ്കേതിക വിദ്യയും സംവിധാനവും മെച്ചപ്പെടുത്തും. മുന്‍കൂട്ടി ചുഴലി മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്നും മോദി അറിയിച്ചു. 

ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനും ദുരന്തബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിനും സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്തനിവാരണ ഫണ്ടിന്‍റെ മാര്‍ഗരേഖ പ്രകാരം കണക്കാക്കിയ നഷ്ടം 422 കോടി രൂപയാണ്. എന്നാല്‍ യഥാര്‍ത്ഥ നഷ്ടം ഇതിലും എത്രയോ അധികമാണ്. എന്‍.ഡി.ആര്‍.എഫ് നിബന്ധനകള്‍ പ്രകാരം കണക്കാക്കുന്ന തുക, യഥാര്‍ത്ഥ നഷ്ടം നികത്തുന്നതിന് തീര്‍ത്തും അപര്യാപ്തമായതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 

അഭൂതപൂര്‍വമായ നാശമാണ് ഓഖി ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്തുണ്ടായത്. 71 മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു. കാണാതായവരെ കണ്ടെത്താനുളള തെരച്ചില്‍ തുടരുകയാണ്. ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുളള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ അതിന് സമയമെടുക്കും. കനത്ത നാശം വിതറിയ ഓഖി ചുഴലിക്കാറ്റ് ദേശീയദുരന്തമായി കണക്കാക്കി സഹായം അനുവദിക്കണമെന്ന് പിണറായി വിജയൻ അഭ്യാര്‍ത്ഥിച്ചു. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ പ്രതിരോധ-ആഭ്യന്തര മന്ത്രാലയങ്ങളുടെ ഏകോപനത്തില്‍ നാവികസേനയും വ്യോമസേനയും കോസ്റ്റ് ഗാര്‍ഡും നടത്തിയിട്ടുളള പരിശ്രമത്തെ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് സമയോചിതമായി ലഭിച്ച സഹായത്തിന് അദ്ദേഹം പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. 

സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്ക്​ മുമ്പാകെ സമർപ്പിച്ച പാക്കേജ്

മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുളള പ്രത്യേക സഹായം - 12.5 കോടി രൂപ
പരിക്കേറ്റ് തൊഴില്‍ ചെയ്യാന്‍ ശേഷി നഷ്ടപ്പെട്ടവര്‍ക്കുളള സഹായം -  1.5 കോടി 
പരിക്കേറ്റ് തൊഴിലിന് പോകാന്‍ കഴിയാത്തവര്‍ക്കുളള പെന്‍ഷന്‍ - 4.77 കോടി
മരിച്ചവരുടെ ആശ്രിതര്‍ക്ക് ജീവിതോപാധിക്കുളള സഹായം - 6.25 കോടി
മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുളള സഹായം - 7.5 കോടി
ആശ്രിതര്‍ക്ക് തൊഴില്‍ പരിശീലനം - 0.15 കോടി
മത്സ്യത്തൊഴിലാളി ഭവനനിര്‍മ്മാണം - 3003 കോടി 
വൈദ്യുതീകരണം - 537 കോടി
മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം - 230 കോടി 
സാമൂഹ്യക്ഷേമം - 315 കോടി

ദുരന്താഘാതം കുറക്കാനുളള പദ്ധതി:

ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനുളള സംവിധാനം - 60 കോടി 
പ്രാദേശിക ഡിജിറ്റല്‍ മുന്നറിയിപ്പ് സംവിധാനം - 35 കോടി 
കടല്‍ഭിത്തി നിര്‍മ്മാണം - 323 കോടി
പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ ആധുനികവല്‍ക്കരിക്കാനുളള പദ്ധതി - 625 കോടി
മറൈന്‍ ആംബുലന്‍സ് - 63 കോടി
കോസ്റ്റല്‍ പോലീസ് - 35 കോടി 
മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ കടല്‍വെളളം ശുദ്ധീകരിക്കാന്‍ സോളാര്‍ അധിഷ്ഠിത പ്ലാന്‍റുകള്‍ സ്ഥാപിക്കാനുളള പദ്ധതി - 500 കോടി രൂപ

തീരപ്രദേശങ്ങളില്‍ വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്താനുളള സഹായം: 

മേഖലാതലത്തില്‍ ഗവ. ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ - 100 കോടി
നിലവിലുളള സര്‍ക്കാര്‍ സ്കൂളുകള്‍ മെച്ചപ്പെടുത്താനുളള പദ്ധതി - 306 കോടി
സാമൂഹിക ഉല്‍പാദന കേന്ദ്രങ്ങള്‍ - 50 കോടി
റസിഡന്‍ഷ്യല്‍ മറൈന്‍ സ്കില്‍ ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ - 50 കോടി
മത്സ്യത്തൊഴിലാളികള്‍ക്ക് നാഷണല്‍ സ്കില്‍  ഇന്‍സ്റ്റിറ്റ്യൂട്ട് - 100 കോടി
കാര്‍ഷിക മേഖല - 50 കോടി
ക്ഷീരമേഖല - 75 കോടി 
ആരോഗ്യരംഗം - 140 കോടി
ടൂറിസം - 5 കോടി
തീരപ്രദേശത്ത് റോഡുകളും പാലങ്ങളും - 650 കോടി
ശുദ്ധജലവിതരണം - 28 കോടി
മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ്ലാന്‍റിങ് സെന്‍ററുകളും - 25 കോടി

ഓഖി ദുരന്തം ഉണ്ടായ ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ 1843 കോടി രൂപയുടെ സഹായം അഭ്യര്‍ത്ഥിച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് പ്രാഥമിക നിവേദനം നല്‍കിയിരുന്നു. പിന്നീട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനും സമഗ്രമായ പാക്കേജ് തയ്യാറാക്കിയത്. 

കേരളം ചുഴലിക്കാറ്റില്‍നിന്നും കൊടുങ്കാറ്റില്‍നിന്നും മുക്തമാണ് എന്ന ധാരണ ഓഖി ചുഴലിയോടെ തിരുത്തപ്പെട്ടിരിക്കുകയാണ് എന്ന് നിവേദനത്തില്‍ പറയുന്നു. അതിനാല്‍ ചുഴലിക്കാറ്റ് അടിക്കാന്‍ സാധ്യതയുളള സംസ്ഥാനമായി കണക്കാക്കി കേരളത്തില്‍ പുനരധിവാസവും പുനര്‍നിര്‍മ്മാണവും നടത്തേണ്ടതുണ്ട്. കേരളത്തിന് 590 കി.മീ കടല്‍ത്തീരമുണ്ട്. തീരത്തുടനീളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു. ചുഴലിക്കാറ്റും കടലാക്രമണവും കേരളതീരത്തുണ്ടാക്കുന്ന നാശം വലുതായിരിക്കും. അതിനാല്‍ പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്. അതുകൊണ്ട് ദേശീയ ദുരന്തനിവാരണ ഫണ്ടില്‍നിന്നുളള സഹായത്തിനു പുറമെ പ്രത്യേകമായ പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

സംസ്ഥാനത്ത് കടലില്‍ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന 8 ലക്ഷത്തോളം പേരുണ്ട്. ഓഖി മത്സ്യത്തൊഴിലാളികളെയാകെ ദുരിതത്തിലാഴ്ത്തി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. പരിക്കുമൂലം ജോലി ചെയ്യാനുളള ശേഷി നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കാനുളള സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മരണപ്പെട്ടവരുടെ ആശ്രിതരില്‍ പലരും കടലില്‍ പോയി  മീന്‍ പിടിക്കാന്‍ കഴിയാത്തവരാണ്. അവര്‍ക്ക് ബദല്‍ ജീവിതമാര്‍ഗം കണ്ടെത്താനുളള സഹായം അനുവദിക്കണം. 

തീരപ്രദേശങ്ങളിലുളള മത്സ്യത്തൊഴിലാളി വീടുകളില്‍ അധികവും കുടിലുകളാണ്. ഈ കുടിലുകളെല്ലാം മാറ്റി വാസയോഗ്യവും ഉറപ്പുളളതുമായ വീടുകള്‍ പണിയേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളില്‍ 17000 ത്തോളം പേര്‍ക്ക് വീടുകളില്ല. അവരില്‍ത്തന്നെ 13000 പേര്‍ക്ക് വീടുവെക്കാനുളള സ്ഥലവും ഇല്ല. എല്ലാവര്‍ക്കും നല്ല വീടുവെച്ചുകൊടുക്കാനുളള പദ്ധതിയാണ് പ്രധാനമന്ത്രിക്കു മുമ്പില്‍ സമര്‍പ്പിച്ചത്. ഓഖി ചുഴലിയില്‍ 3474 വീടുകള്‍ക്ക് നാശമുണ്ടായിട്ടുണ്ട്. കടലാക്രമണ ഭീഷണി രൂക്ഷമായുളള സ്ഥലങ്ങളില്‍നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്. ഇതിനെല്ലാം കൂടിയാണ് 3303 കോടിയുടെ സഹായം സംസ്ഥാനം ആവശ്യപ്പെട്ടത്. 

ദുരന്തങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് നല്‍കാനുളള മികച്ച സംവിധാനത്തിന്‍റെ ആവശ്യകതയാണ് ഓഖി ദുരന്തം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നതിനുളള സമഗ്രമായ സംവിധാനം നിലവിലില്ല. കേരളത്തില്‍ 1000 പരമ്പരാഗത വളളങ്ങളെങ്കിലും ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇവര്‍ക്ക് സുരക്ഷയ്ക്കുളള ഉപകരണങ്ങള്‍ ലഭ്യമാക്കാനും മുന്നറിയിപ്പ് സംവിധാനത്തിനുമായി അഞ്ചു കോടി രൂപ അനുവദിക്കണം.

ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മ്മാണം, ശാസ്ത്രീയമായ  മുന്നറിയിപ്പ് സംവിധാനം തുടങ്ങിയവ സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുളളത്. മുഖ്യമന്ത്രിയുടെ ആമുഖ വിവരണത്തിനു ശേഷം ചീഫ് സെക്രട്ടറി ഡോ. കെ.എം. അബ്രഹാം പാക്കേജ് പ്രധാനമന്ത്രിക്കു മുമ്പില്‍ അവതരിപ്പിച്ചു. 

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, പൊന്‍ രാധാകൃഷ്ണന്‍, സംസ്ഥാന മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, കടകംപളളി സുരേന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍, മാത്യൂ ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പളളി, പ്രധാനമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി തരൂണ്‍ ബജാജ്, പ്രൈവറ്റ് സെക്രട്ടറി സഞ്ജീവ് സിംഗ്ള, സംസ്ഥാന റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. ശ്രീനിവാസ്, കാര്‍ഷികോത്പാദന കമ്മീഷണര്‍ ടിക്കാറാം മീണ, കലക്ടര്‍ കെ വാസുകി, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍  യോഗത്തില്‍  പങ്കെടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikerala govtkerala newsspecial packagemalayalam newsOckhi cyclone
News Summary - Ockhi Cyclone: Kerala Govt Want 7340 Crore Special Package to PM Narendra Modi -Kerala News
Next Story