ഒാഖി: കേരള തീരത്തുനിന്ന് കാണാതായത് 216 പേർ; 75 പേർ ഇതരസംസ്ഥാനക്കാർ
text_fieldsതിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റില്‍ കേരള തീരത്തുനിന്ന് കാണാതായവരെ സംബന്ധിച്ച് പുതിയ കണക്ക്. കേരളതീരത്തുനിന്ന് 216 പേരെ കാണാതായിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇതില്‍ 141 പേർ കേരളീയരും 75 പേര് ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരുമാണ്. അതേസമയം ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ സംബന്ധിച്ച് വിവരങ്ങളൊന്നും സര്‍ക്കാറിന് കിട്ടിയിട്ടില്ല.കേരളത്തിൽനിന്ന് കാണാതായ 141ൽ ഭൂരിപക്ഷം പേരെയും കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍ സര്‍ക്കാറിെൻറ വിവിധ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം, വലിയ ബോട്ടുകളില്‍ പോയ 75 ഇതരസംസ്ഥാനക്കാരെ കുറിച്ച് വിശദാംശങ്ങള്‍ ലഭ്യമല്ല. ഇവര്‍ കൊല്ലത്തുനിന്നും കൊച്ചിയില്‍നിന്നുമാണ് മത്സ്യബന്ധനത്തിന് പോയത്. ഇവരെക്കൂടി ചേര്‍ക്കുമ്പോഴാണ് കേരളതീരത്തുനിന്ന് പോയവരുടെ എണ്ണം 216 ആകുന്നത്.
തീരദേശ സംസ്ഥാനങ്ങളിലെയും അസമിലെയും ചീഫ് സെക്രട്ടറിമാരുമായും റിലീഫ് കമീഷണര്‍മാരുമായും സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ലത്തീന്‍സഭയുടെ കണക്കുപ്രകാരം കേരളത്തില്‍നിന്ന് 149 പേരെയും കന്യാകുമാരി ജില്ലയില്‍നിന്ന് 149 പേരെയും ഇനിയും കണ്ടെത്താനുണ്ട്. രണ്ടും കൂടി ചേര്‍ക്കുമ്പോള്‍ 298 പേരാണ് ഒാഖിയെ തുടര്‍ന്ന് കടലില്‍ കാണാതായത്. തമിഴ്നാട്ടില്‍നിന്നുള്ള നൂറിനടുപ്പിച്ച് തൊഴിലാളികളും കേരളതീരത്തുനിന്നാണ് കടലില്പോയതെന്നാണ് ലത്തീന്‍ സഭ പറയുന്നത്.
കടലില്‍ കാണാതായ ബോട്ടുകള്‍ക്കായി കൂടുതല്‍ ശാസ്ത്രീയമായ തിരച്ചിലും ആരംഭിക്കേണ്ടതുണ്ട്. അതേസമയം ഒാഖി ദുരന്തത്തിൽപെട്ട് മരണമടഞ്ഞവർക്കുള്ള ധനസഹായം സർക്കാർ വിതരണം ചെയ്തുതുടങ്ങി. 20 ലക്ഷം രൂപയുടെ ധനസഹായം കുടുംബാംഗങ്ങളുടെ പേരില്‍ അഞ്ചു വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമായാണ് നൽകുന്നത്. മരിച്ചവ്യക്തിയുടെ മാതാപിതാക്കളുടെ പേരില്‍ അഞ്ച് ലക്ഷവും മക്കളുടെ പേരില്‍ അഞ്ച് ലക്ഷവും ഭാര്യയുടെ പേരില്‍ പത്തു ലക്ഷവുമാണ് നിക്ഷേപിച്ചത്. അവിവാഹിതരായ സഹോദരിമാരുണ്ടെങ്കില്‍ അവരുടെ പേരില്‍ രണ്ടരലക്ഷം രൂപയും നിക്ഷേപിക്കും. എല്ലാവര്ക്കും പ്രത്യേകം പാസ്ബുക്ക് നല്‍കിയിട്ടുണ്ട്. ലത്തീൻ അതിരൂപതയും ദുരിതബാധിതർക്കായി അഞ്ചുവർഷം നീളുന്ന 100 കോടിയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
