കോവിഡ് അതിജീവിച്ച കുട്ടികൾക്ക് കരുതലൊരുക്കാൻ നിരീക്ഷണം
text_fieldsകൊച്ചി: സംസ്ഥാനത്ത് കോവിഡ് അതിജീവിച്ച കുട്ടികൾക്ക് ഭാവിയിലുണ്ടാകാനിടയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കെതിരെ പ്രതിരോധമൊരുക്കാൻ ആരോഗ്യവകുപ്പ്. പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ ഭാഗമായാണ് പുതിയ സംവിധാനം. ഇതിന് കോവിഡ് വന്നുപോയ കുട്ടികളുടെ സമഗ്ര വിവരശേഖരണം ആരംഭിച്ചു.
കോവിഡ് മുക്തരാകുന്ന പത്തുശതമാനം പേർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കുട്ടികൾക്ക് പ്രേത്യക കരുതലൊരുക്കുന്നത്. കോവിഡ് അതിജീവിച്ച കുട്ടികളോടൊപ്പം ഗർഭിണിയായിരിക്കെ കോവിഡ് ബാധിച്ചവർക്ക് ജനിച്ച കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തുമെന്ന് ആരോഗ്യ ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു. കുഞ്ഞിന് നെഗറ്റിവ് ആണെങ്കിലും അമ്മക്ക് പോസിറ്റിവ് ആയിട്ടുണ്ടെങ്കിൽ അതിജീവിച്ച കുട്ടികൾക്കൊപ്പം ഇവരെയും കൃത്യമായി നിരീക്ഷിക്കും.
ഭാവിയിൽ പൊതുവായ ആരോഗ്യപ്രശ്നങ്ങൾ കാണുന്നുണ്ടോ എന്നായിരിക്കും പ്രധാനമായും നോക്കുക. ഗർഭകാലത്ത് കോവിഡ് മുക്തരായ അമ്മമാർക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കുട്ടികളിലും പ്രത്യക്ഷപ്പെടുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളിലെ പരിശോധനകളിലൂടെ കണ്ടെത്താനും യഥാസമയം ചികിത്സിക്കാനും നിരീക്ഷണം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ല, ജനറൽ, മെഡിക്കൽ കോളജ് ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കിൽ അടുത്ത ആഴ്ചയോടെ പൂർണതോതിൽ പ്രവർത്തനസജ്ജമാകും. വ്യാഴാഴ്ചകളിൽ ഉച്ചക്ക് 12 മുതൽ രണ്ടുവരെയാകും പ്രവർത്തനം.