സമൂഹമാധ്യത്തിൽ അശ്ലീല പരാമർശം: ജി. സുധാകരൻ നേരിട്ടെത്തി പരാതി നൽകി, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ
text_fieldsആലപ്പുഴ: മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരനെതിരെ സമൂഹ മാധ്യമത്തിൽ അശ്ലീല പരാമർശം നടത്തിയ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ജി. സുധാകരൻ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.പി.എം അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം യു. മിഥുനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മിഥുന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനാണ് മിഥുൻ. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ കൂട്ടനടത്തത്തെ അഭിനന്ദിച്ച് സുധാകരൻ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിന് താഴെയാണ് മിഥുൻ അശ്ലീല പരാമർശം നടത്തിയത്. ക്ഷേത്ര ഭരണ ചട്ടങ്ങളുടെ ലംഘനം നടത്തിയതായും പൊലീസിന് നൽകിയ പരാതിയിൽ സുധാകരൻ പറഞ്ഞു. ജാഥക്ക് അഭിനന്ദനം അറിയിച്ച ജി. സുധാകരന്‍ ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ പ്രചാരണ പരിപാടിയാണിതെന്നും അഭിപ്രായപ്പെട്ടിരുന്നു.
ജാഥയെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. 'പ്രൗഡ് കേരള' എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു ജാഥ നടന്നത്. കെ.സി വേണുഗോപാല്‍ എം.പി, ഷാനിമോള്‍ ഉസ്മാന്‍, പി. ചിത്തരഞ്ജന്‍ എം.എല്‍.എ തുടങ്ങി നിരവധി രാഷ്ട്രീയനേതാക്കളും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കലാകാരന്‍മാര്‍ തുടങ്ങി നിരവധി പേരാണ് ജാഥയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

