പി.കെ. ജമാൽ നിര്യാതനായി
text_fieldsകോഴിക്കോട്: പ്രമുഖ പണ്ഡിതനും എഴുത്തുകാരനും വാഗ്മിയും മുതിർന്ന മാധ്യമപ്രവർത്തകനുമായിരുന്ന പി.കെ. ജമാൽ (78) നിര്യാതനായി. കേരള ഇത്തിഹാദുൽ ഉലമ ജനറൽ സെക്രട്ടറിയായിരുന്നു. 36 വർഷം കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ദീർഘകാലം ‘മാധ്യമം’ കുവൈത്ത് പ്രതിനിധിയായിരുന്ന അദ്ദേഹം ഇടക്കാലത്ത് കോഴിക്കോട് യൂനിറ്റിൽ അസി. എഡിറ്ററായും പ്രവർത്തിച്ചു. 1969ൽ ശാന്തപുരം ഇസ്ലാമിയ കോളജിൽ ഉന്നത പഠനം പൂർത്തിയാക്കി. 1971 മുതൽ 1977 വരെ ‘ചന്ദ്രിക’ ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും പത്രാധിപസമിതി അംഗമായി. പ്രബോധനം, മാധ്യമം, ചന്ദ്രിക എന്നിവയിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്.
ഒന്നര പതിറ്റാണ്ടോളം കുവൈത്തിലെ കേരള ഇസ്‍ലാമിക് ഗ്രൂപ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു. 1992 മുതല്‍ കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിനു കീഴില്‍ ഔദ്യോഗിക മലയാള ഖതീബായി. കേരളത്തിലെ നിരവധി പള്ളികളിൽ ഖുതുബ നിർവഹിച്ചു. കോഴിക്കോട് ഹൈലൈറ്റ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ കെയർ ഫൗണ്ടേഷനിൽ ലൈഫ് കോച്ച്, പെരുമ്പിലാവ് അൻസാർ വിമൻസ് കോളജിൽ ലൈഫ് സ്കിൽ എജുക്കേഷൻ വിഭാഗം തലവൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കുവൈത്ത് ഇസ്‌ലാം പ്രസന്റേഷന്‍ കമ്മിറ്റി, ഫ്രൈഡേ ഫോറം സ്ഥാപകാംഗമാണ്. വേങ്ങേരി സ്വദേശിയായ ജമാൽ ദീർഘകാലമായി കക്കോടിയിലാണ് താമസം.
പിതാവ്: പരേതനായ പി.കെ. മുഹമ്മദ് കോയ. മാതാവ്: പരേതയായ കുരുവട്ടൂർ പാണക്കാട് ഹലീമ. ഭാര്യ: പി.ഇ. റുഖിയ്യ (മൂവാറ്റുപുഴ). മക്കൾ: സാജിദ് (കുവൈത്ത്), ഷഹ്നാസ് (ചേന്ദമംഗലൂർ), യാസിർ, ഷാക്കിർ (ഇരുവരും കുവൈത്ത്). മരുമക്കൾ: സി. ഹാരിസ് (മാനേജർ, പ്രതീക്ഷ സ്കൂൾ മുക്കം), അനീസ മാങ്കാവ്, ജസീറ വെന്നിയൂർ, രിഫ ചേന്ദമംഗലൂർ. സഹോദരങ്ങൾ: ഹുസൈൻ കോയ, അബ്ദുറഹിമാൻ, അബ്ദുല്ല, അബ്ദുസ്സലാം, മറിയം, കുഞ്ഞായിശ, ജമീല. മയ്യിത്ത് നമസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് കക്കോടി ജുമുഅത്ത് പള്ളിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

