ഒ.ബി.സി പട്ടിക പരിഷ്കരിക്കുമെന്ന് പിന്നാക്ക വിഭാഗ കമീഷന്‍
text_fieldsകൊച്ചി: സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ജോലി-വിദ്യാഭ്യാസ സംവരണത്തിന് അടിസ്ഥാനമായ ഒ.ബി.സി പട്ടിക അപാകതകള്‍ പരിഹരിച്ച് പരിഷ്കരിക്കുമെന്ന് സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന്‍. സ്റ്റേറ്റ് ഒ.ബി.സി, എസ്.ഇ.ബി.സി പട്ടികകളിലെ അപാകതകള്‍ പരിഹരിച്ച് കേന്ദ്ര ഒ.ബി.സി പട്ടികയുടെ മാതൃകയില്‍ ക്രോഡീകരിച്ച് ഒരു പട്ടികയാക്കാന്‍ സര്‍ക്കാറുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നിലവിലെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട വിഭാഗങ്ങളുടെ സംവരണ ശതമാനത്തില്‍ മാറ്റം വന്നേക്കാവുന്ന പരിഷ്കരണം സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒ.ബി.സി വിഭാഗത്തിലെ പ്രബല വിഭാഗങ്ങളില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്നേക്കാവുന്ന സാഹചര്യത്തില്‍ പൊതു അറിയിപ്പ് നല്‍കി സിറ്റിങ് അടക്കമുള്ള നടപടികളിലൂടെ ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും നടപടിയെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിലും കേന്ദ്ര നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും നിയമനങ്ങള്‍, തസ്തികകള്‍ എന്നിവയിലും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശത്തിലും കേന്ദ്ര ഒ.ബി.സി പട്ടിക മാത്രമാണ് ആധാരം. എന്നാല്‍, കേരളത്തില്‍ ജോലി സംവരണത്തിന് സംസ്ഥാന ഒ.ബി.സി പട്ടികയും വിദ്യാഭ്യാസ സംവരണത്തിന് എസ്.ഇ.ബി.സി പട്ടികയുമാണ് അടിസ്ഥാനം. സംസ്ഥാനത്ത് ഒ.ബി.സി പട്ടികയിലുള്ള എല്ലാ വിഭാഗങ്ങളും എസ്.ഇ.ബി.സി പട്ടികയിലില്ല. എസ്.ഇ.ബി.സി പട്ടികയില്‍ ഒ.ബി.സിയിലില്ലാത്ത കുറച്ച് വിഭാഗങ്ങളെ ചേര്‍ത്തിരിക്കുന്നു. മറ്റൊന്ന് എസ്.ഇ.ബി.സി പട്ടികയിലുള്ള കുറച്ച് വിഭാഗങ്ങള്‍ പട്ടികയില്‍നിന്ന് പുറത്തു പോയതായി കാണുന്നു.
ഈ സാഹചര്യത്തിലാണ് പട്ടികയിലെ അപാകതകള്‍ പരിഹരിക്കുന്നതിനും ഒ.ബി.സി-എസ്.ഇ.ബി.സി പട്ടികകള്‍ ഒന്നാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഈഴവര്‍, മുസ്ലിംകള്‍ തുടങ്ങിയ 80ഓളം വിഭാഗങ്ങളാണ് ഒ.ബി.സി പട്ടികയില്‍ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
