ഒ.ബി.സി സംവരണത്തിന്റെ മറവിൽ മതസംവരണം അനുവദിക്കില്ലെന്ന് ബി.ജെ.പി
text_fieldsതിരുവനന്തപുരം: ഒ.ബി.സി സംവരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് മതസംവരണം നടപ്പാക്കാൻ അനുവദിക്കില്ലെന്നും യു.ഡി.എഫ് പ്രീണന രാഷ്ട്രീയം പുറത്തെടുത്താൽ എതിർക്കുമെന്നുമുള്ള നിലപാടിൽ ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലൂടെയാണ് പാർട്ടി ഇക്കാര്യം വ്യക്തമാക്കിയത്. സംവരണം എന്നത് ഒ.ബി.സി, എസ്സി, എസ്ടി വിഭാഗങ്ങൾക്കുള്ളതാണ്. അത് മതാധിഷ്ഠിത സംവരണമാക്കാൻ ശ്രമിച്ചാൽ അതിനെ എതിർക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നിയുക്ത എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ യോഗത്തിൽ വ്യക്തമാക്കി. ഭരണഘടനയെ അടിസ്ഥാനമാക്കി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരുന്നവർ മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമ്മർദത്തിൽ കള്ളക്കളി നടത്തി ഒരു സമുദായത്തിന്റെ മാത്രം നേട്ടങ്ങൾക്കായി പ്രവർത്തിച്ചാൽ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവർക്കും നീതി ആരോടുമില്ല പ്രീണനം എന്നതാണ് ബി.ജെ.പി നയം. യു.ഡി.എഫ് സർക്കാർ പ്രീണനനയം പുറത്തെടുത്താൽ നേരിടും. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും തീരുമാനിക്കുന്ന നയങ്ങളും യു.പി.എ സർക്കാറിന് സമാനമായ അഴിമതിയുമായിരിക്കും വരാനിരിക്കുന്ന കേരള ഭരണമെന്നും ബി.ജെ.പി നേതൃയോഗം വിലയിരുത്തി. ഇതിൽ കേരള ജനതക്ക് ആശങ്കയുണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഉറപ്പാക്കുക, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുക, കേരളത്തിലെ യുവാക്കളെ മതമൗലികവാദ സംഘടനകളില്‍ നിന്നും ലഹരിവ്യാപനത്തില്‍ നിന്നും മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും നേതൃയോഗം പാസാക്കിയ രാഷ്ട്രീയ പ്രമേയത്തിലുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഉണ്ടായത് ചരിത്രനേട്ടമാണെന്ന് പറഞ്ഞതിനൊപ്പം പല സീറ്റുകളിലും എൻ.ഡി.എ പ്രകടനം മോശമായതിൽ വിമർശനവും യോഗത്തിലുണ്ടായി. നേതാക്കളിൽ ചിലർ ഓരോ തെരഞ്ഞെടുപ്പുകളിലും മണ്ഡലം മാറി മൽസരിക്കുന്നതിനെതിരെയും വിമർശനമുണ്ടായി. ബി.ജെ.പി സ്ഥാനാർഥികളെ പരാജയപ്പെടുത്തുന്ന മുസ്ലിം സംഘടിത നീക്കങ്ങൾ അതിജീവിക്കാനുള്ള പദ്ധതികൾ തയാറാക്കണമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി.
പാവപ്പെട്ട ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് രാഷ്ട്രീയ പ്രമേയം ആവശ്യപ്പെട്ടു. പി.എം. ശ്രീ, ആയുഷ്മാന്‍ ഭാരത്, പി.എം.ആവാസ് അടക്കമുള്ള കേന്ദ്രപദ്ധതികളെയാണ് പരാമർശിച്ചത്. രാഷ്ട്രീയം മാറ്റിവെച്ച് പദ്ധതികള്‍ നടപ്പാക്കാനുള്ള ആർജവം സർക്കാർ കാണിക്കണം - യോഗം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

