സംസ്ഥാനത്ത് ഒ.ബി.സി പട്ടിക പുതുക്കി; 249 കായിക താരങ്ങള്‍ക്ക് നിയമനം
text_fieldsതിരുവനന്തപുരം: കല്ലർ, ഇശനാട്ട് കല്ലർ ഉൾപ്പെടെ കല്ലൻ സമുദായത്തെ സംസ്ഥാനത്തെ മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുത്തി. ഇനം നമ്പര്‍ 29 ബി ആയാണ് ഈ മൂന്ന് സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തി ഒ.ബി.സി പട്ടിക പുതുക്കി മന്ത്രിസഭ യോഗം തീരുമാനം കൈക്കൊണ്ടത്. കൂടാതെ 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിനും അനുമതി നല്‍കി. 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ അഞ്ചുപേര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്‍റ് സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമനം നല്‍കിയിട്ടുള്ളതിനാല്‍ 2020 മുതല്‍ 2024 വരെയുള്ള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ അഞ്ച് ഒഴിവുകള്‍ കുറക്കും.
ധനസഹായം
2018ലെ പ്രളയക്കെടുതിയില്‍ കണ്ണൂര്‍ ഇരിട്ടി താലൂക്ക് വിളമന വില്ലേജിലെ പായം ഗ്രാമപഞ്ചായത്തില്‍ വീട് പൂർണമായും നഷ്ടപ്പെട്ട പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിന് 0.4047 ഹെക്ടര്‍ ഭൂമി നിരപ്പാക്കി വീട് നിർമാണത്തിന് ഒരുക്കിയ ഇനത്തില്‍ 8,76,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയില്‍ നിന്ന് അനുവദിക്കും. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി കാളാണ്ടി താഴം മനത്താനത്ത് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 2024 മെയ് 31 ന് വിഷവാതകം ശ്വസിച്ച് മരണപ്പെട്ട അശോകന്‍റെ ഭാര്യ റീനക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കും. ഇതേ സംഭവത്തില്‍ മരണപ്പെട്ട റിനീഷിന്‍റെ ഭാര്യ പി.പി. ശരണ്യക്കും അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും.
കൊല്ലം തഴുത്തല വില്ലേജില്‍ അനീസ് മുഹമ്മദിന്‍റെ രണ്ട് മക്കളും മാടച്ചിറ പഞ്ചായത്ത് കുളത്തില്‍ വീണ് മരിച്ചതിനാല്‍ കുടുംബത്തിന്‍റെ സാമ്പത്തിക പരാധീനത കണക്കിലെടുത്ത് അനീസ് മുഹമ്മദിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കും. തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കപ്പെട്ടതിനെ തുടര്‍ന്ന് 2018-19 അധ്യയനര്‍ഷം മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ സേവനം അനുഷ്ഠിച്ച അതിഥി അധ്യാപകര്‍ക്ക് നല്‍കേണ്ട ശമ്പള തുകയായ 50,74,900 രൂപ അനുവദിക്കും.
ടെണ്ടര്‍ അംഗീകരിച്ചു
കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ ഇത്തിക്കര നദിക്ക് കുറുകെ നെടുമങ്കാവ് പാലം പുനര്‍നിർമാണവുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.എറണാകുളം രാമമംഗലം, മാറാടി, പാമ്പാക്കുട പഞ്ചായത്തുകളിലെ വീടുകള്‍ക്ക് എഫ്.എച്ച്.ടി.സി, ഉല്‍പാദന ഘടകങ്ങള്‍, മേത്തിപ്പാറയിലെ ജലശുദ്ധീകരണ ശാല എന്നിവ ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിനുള്ള പ്രവൃത്തിക്കുള്ള ടെണ്ടര്‍ അംഗീകരിക്കും.
കളിസ്ഥലം നിർമാണം
കോഴിക്കാട് രാമനാട്ടുകര വില്ലേജില്‍ രണ്ടേക്കര്‍ നാല്‍പത് സെന്‍റ് സ്ഥലം കളിസ്ഥലം നിർമിക്കാന്‍ പരിവര്‍ത്തനപ്പെടുത്തുന്നതിന് രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്‍കി.
പ്രമേയം അവതരിപ്പിക്കും
1944 ലെ പബ്ലിക് ഡെപ്റ്റ് ആക്ട് റദ്ദ് ചെയ്യുന്നതിന്‍റെ ഭാഗമായി 2006ലെ ഗവൺമെന്‍റ് സെക്യൂരിറ്റീസ് ആക്ടിൽ ആവശ്യമായ ഭേദഗതി വരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ഭരണഘടനയിലെ 252-ാം അനുച്ഛേദ പ്രകാരം കേന്ദ്ര സര്‍ക്കാറിനോട് അഭ്യർഥിക്കുന്നതിന് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും.
മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് ഇളവ്
കോട്ടയം കുറുമുള്ളൂര്‍ സെന്‍റ് ജോസഫ് ജനറലേറ്റില്‍ താമസിക്കുന്ന സുപ്പീരിയര്‍ ജനറല്‍ റവ.സി. അനിതയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർധനരായ അഞ്ച് ഭവനരഹിതര്‍ക്ക് അഞ്ച് സെന്‍റ് വീതം സ്ഥലവും വീടും ദാനാധാരമായി രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിനാവശ്യമായ മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് എന്നിവ ഉള്‍പ്പെടെയുള്ള തുകയായ 6,48,400 രൂപ ഒഴിവാക്കി നല്‍കും.
കെ.എസ്.ഐ.ടി.എല്ലിന്‍റെ ഉടമസ്ഥതയിലുള്ള കോട്ടയം മീനച്ചില്‍ താലൂക്കില്‍ വള്ളിച്ചിറ വില്ലേജിലെ 73 ആര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ഐ.ഐ.ഐ.ടി - കെ പാലാക്ക് കൈമാറുന്നതിനുള്ള ആധാര രജിസ്ട്രേഷന് ആവശ്യമായ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് എന്നിവ ഉള്‍പ്പെടെ തുകയായ 2,31,270 രൂപ ഒഴിവാക്കി നല്‍കും.
മലബാര്‍ കാന്‍സര്‍ സെന്‍റര്‍- പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്‍റ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഫൗണ്ടേഷന്‍ സൗജന്യമായി നല്‍കുന്ന തിരുവങ്ങാട് വില്ലേജിലെ 213.26 സെന്‍റ് വസ്തുവിന്‍റെ മുദ്ര വില, രജിസ്ട്രേഷന്‍ ഫീസ് എന്നിവക്ക് ആവശ്യമായ തുകയായ 43,83,820 രൂപ ഇളവ് ചെയ്ത് നല്‍കും.
നിയമനം
പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിന് കൊല്ലം കരുനാഗപ്പള്ളിയില്‍ കാലിത്തീറ്റ ഫാക്റ്ററി സ്ഥാപിക്കുന്നതിന് 2009ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 9.5 ഏക്കര്‍ ഭുമി വിട്ട് നല്‍കിയ 43 കുടുംബങ്ങളില്‍ നിന്നും കേരള ഫീഡ്സ് കമ്പനിയില്‍ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന 30 പേരില്‍ 25 പേര്‍ ഒപ്പിട്ട സമ്മത പത്രത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി കമ്പനിയിലെ വര്‍ക്ക്മെന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളില്‍ സ്ഥിരംനിയമനം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

