Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസത്യപ്രതിജ്ഞ ഒരുക്കം...

സത്യപ്രതിജ്ഞ ഒരുക്കം പുരോഗമിക്കുന്നു; തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തിയേക്കും, നഗരത്തിൽ ഗതാഗത ക്രമീകരണം

text_fields
bookmark_border
സത്യപ്രതിജ്ഞ ഒരുക്കം പുരോഗമിക്കുന്നു; തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തിയേക്കും, നഗരത്തിൽ ഗതാഗത ക്രമീകരണം
cancel

തിരുവനന്തപുരം: പത്ത് വർഷത്തിന് ശേഷം അധികാരത്തിലെത്തുന്ന യു.ഡി.എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തിയേക്കും. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ് തിരുവനന്തപുരത്തെത്തും 11 ന് തിരികെ മടങ്ങും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയിൽ പങ്കെടുക്കും.

സത്യപ്രതിജ്ഞ ചടങ്ങിന് പഴുതടച്ചുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. പാസുമായി വരുന്നവർക്ക് മാത്രമേ പ്രവേശനമനുവദിക്കൂ. നഗരത്തിൽ 18ന് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന പന്തലാണ് ഒരുക്കുന്നത്. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞക്ക് എത്തുമെന്നാണ് പ്രതീക്ഷ.

പന്തലിന്റെ വശങ്ങളിൽ വിഡിയോ വാൾ ഒരുക്കുന്നതിനൊപ്പം തിങ്കളാഴ്ച രാവിലെ 10ന് നടക്കുന്ന സത്യപ്രതിജ്ഞ കാണുന്നതിന് നിശാഗന്ധി ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ വലിയ സ്ക്രീനുകളും സ്ഥാപിക്കും. സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സൽക്കാരത്തിനായി പോകും. പിന്നീട് മന്ത്രിസഭ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും. മന്ത്രിസഭ സത്യപ്രതിജ്ഞ–മേയ് 18, എം.എൽ.എമാരുടെ സത്യപ്രതിജ്ഞ–മേയ് 21, സ്പീക്കർ തെരഞ്ഞെടുപ്പ്–മേയ് 22, ഗവർണറുടെ നയപ്രഖ്യാപനം–മേയ് 29, സംസ്ഥാന ബജറ്റ്–ജൂൺ അഞ്ച് എന്നിങ്ങനെയാണ് ക്രമീകരണം.

അതേസമയം, സംസ്ഥാനത്ത് യു.ഡി.എഫ് നേതൃത്വത്തിൽ പുതിയ മന്ത്രിസഭാ രൂപവത്കരണത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികളുമായുള്ള ചർച്ചകളും അന്തിമഘട്ടത്തിലാണ്. ഇന്ന് വൈകിട്ടോടെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരായിരിക്കും കോൺഗ്രസിനുണ്ടാകുക. പാർട്ടിയിൽനിന്ന് സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. ലിജു, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് വിവരം. ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ചെന്നിത്തലക്ക് ആഭ്യന്തരവും വിജിലൻസും നൽകാനാണ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ആലോചിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്തുണ്ടായിരുന്ന വകുപ്പ് വിഭജനം അതേപടി തുടരാനാണ് കോൺഗ്രസ് താൽപ്പര്യപ്പെടുന്നത്. എന്നാൽ ഘടകകക്ഷികൾ പുതിയ ചില വകുപ്പുകൾക്കായി സമ്മർദം ചെലുത്തുന്നുണ്ട്. മുമ്പ് ലീഗ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പ് ഇത്തവണ കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.

ഘടകകക്ഷികളിൽ മുസ്‍ലിം ലീഗിന് അഞ്ചും ആർ.എസ്.പി, സി.എം.പി, കേരള കോൺഗ്രസ് (ജേക്കബ്) എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനവും നൽകാനാണ് ധാരണയായിട്ടുള്ളത്. ഘടകകക്ഷികൾക്ക് പഴയ വകുപ്പുകൾ തന്നെ നൽകാനാണ് കോൺഗ്രസ് നീക്കമെങ്കിലും വിട്ടുവീഴ്ചക്ക് തയാറാകാതെ ചില കക്ഷികൾ രംഗത്തുണ്ട്. ഏഴ് എം.എൽ.എമാരുള്ള കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. മോൺസ് ജോസഫ്, അപ്പു ജോസഫ് എന്നിവരെ മന്ത്രിമാരാക്കണമെന്നാണ് പാർട്ടി നിലപാട്.

ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. മുന്നണിയുടെ അസോസിയേറ്റ് അംഗങ്ങളായ കെ.കെ. രമ, മാണി സി. കാപ്പൻ എന്നിവർക്ക് രണ്ടര വർഷം വീതം ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാൻ തത്ത്വത്തിൽ ധാരണയായിട്ടുണ്ട്. മുൻ സി.പി.എം നേതാവ് ജി. സുധാകരന് സ്പീക്കർ പദവിയോ അല്ലെങ്കിൽ ക്യാബിനറ്റ് റാങ്കുള്ള മറ്റേതെങ്കിലും പദവിയോ നൽകുന്ന കാര്യവും കോൺഗ്രസിന്റെ സജീവ പരിഗണനയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadu Chief MinisterTraffic arrangementsoath-taking ceremonyarrive
News Summary - Swearing-in preparations in progress; Tamil Nadu Chief Minister Joseph Vijay may arrive, traffic arrangements in the city
Next Story